
ലോകമെമ്പാടുമുള്ള നന്മയുള്ള മനുഷ്യര്‍ക്ക് ഒരേയൊരു ഭാഷയേയുള്ളൂ, അത് സ്‌നേഹത്തിന്റെ ഭാഷയാണെന്ന് നമ്മെ ഓര്‍മിപ്പിക്കുകയാണ് കോഴിക്കോട് മേമുണ്ട എച്ച്എസ് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍. ‘കര്‍ണ്ണികാര’ത്തില്‍ അരങ്ങേറിയ എച്ച്എസ് വിഭാഗം നാടക മത്സരത്തില്‍ അവതരിപ്പിച്ച ‘ഭാഷ’ എന്ന നാടകത്തിലാണ് അവര്‍ ഈ ആശയം മുന്നോട്ട് വെക്കുന്നത്.
വേദന അനുഭവിക്കുന്നവന്റെ ഉള്ളുരുകിയ വാക്കുകള്‍ക്ക് പരിഭാഷയുടെ ആവശ്യമില്ലെന്ന് ഈ നാടകം നമ്മെ ഓര്‍മ്മിപ്പിക്കുന്നു. ആട്ടിയോടിക്കപ്പെടുന്ന അഭയാര്‍ത്ഥിയുടെ ഏകാന്തതയോളം ഭയാനകമായ മറ്റൊന്നുമില്ല ഈ ഭൂമിയില്‍. സിറിയന്‍ തീരത്തുനിന്നും യൂറോപ്പിലേക്കുള്ള പലായനത്തിനിടയില്‍ കടലില്‍ പൊലിഞ്ഞുപോയ ഐലന്‍ കുര്‍ദി എന്ന ആ പിഞ്ചുകുഞ്ഞിന്റെ വിങ്ങുന്ന ഓര്‍മ്മകള്‍ വീണ്ടും നമ്മിലെത്തിക്കുന്നുണ്ട് ഈ നാടകം. വേട്ടയാടപ്പെടുന്നവന്റെയും അഭയാര്‍ത്ഥിയാക്കപ്പെടുന്നവന്റെയും ചിത്രങ്ങള്‍ വര്‍ത്തമാനകാലത്തെ സ്തംഭിപ്പിക്കുമ്പോള്‍, ഈ നാടകം മുന്നോട്ടുവെക്കുന്ന രാഷ്‌ട്രീയം ഏറെ പ്രസക്തമാണ്. തീരത്തടിഞ്ഞ, ഭാഷയറിയാത്ത ഒരു ബാലനെ മറ്റൊരു കൂട്ടം കുട്ടികള്‍ നെഞ്ചോട് ചേര്‍ക്കുന്നതും അവനെ സംരക്ഷിക്കുന്നതും മാനവികതയുടെ ഉദാത്തമായ കാഴ്ചയാണ്.
ഒരു പുഞ്ചിരികൊണ്ടും സ്‌നേഹത്താലും ഭൂമിയിലെ സകലത്തെയും ഒപ്പം കൂട്ടാമെന്ന് ഈ കുട്ടികള്‍ നമ്മെ പഠിപ്പിക്കുന്നു. ബുദ്ധികൊണ്ടല്ല, ഹൃദയംകൊണ്ട് സംസാരിക്കേണ്ട കാലമാണിതെന്ന് നാടകം അടിവരയിടുന്നു.
അതിശയിപ്പിക്കുന്ന രംഗസജ്ജീകരണമാണ് നാടകത്തിന്റെ മറ്റൊരു പ്രത്യേകത. ഇളകിമറിയുന്ന തിരമാലകളും കടലിനടിയിലെ മായാലോകവും, അഭയാര്‍ത്ഥി ക്യാമ്പുകളുടെ ദൈന്യതയും അത്രമേല്‍ തന്മയത്വത്തോടെ വേദിയില്‍ ആവിഷ്‌കരിച്ചിരിക്കുന്നു.
ജിനോ ജോസഫിന്റെ കരവിരുതിലാണ് ഈ രംഗാവതരണം. കാണികളെ അമ്പരപ്പിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്നതോടൊപ്പം, കഥാപാത്രങ്ങളായ കുട്ടികള്‍ക്ക് ഒന്നും സംഭവിക്കല്ലേ എന്ന പ്രാര്‍ത്ഥനയോടെ മാത്രമേ നമുക്ക് ഈ നാടകം കണ്ടുതീര്‍ക്കാനാവൂ. മികച്ച അഭിനേതാക്കളുടെ പ്രകടനങ്ങളാല്‍ സമ്പന്നമായ ഈ കലാസൃഷ്ടി, നാടകത്തിനപ്പുറം മനുഷ്യത്വത്തിന്റെ വലിയൊരു സന്ദേശമാണ് പകരുന്നത്.