എറണാകുളം: ലിസി ആശുപത്രിയില്‍ വീണ്ടും ഹൃദയം മാറ്റി വയ്‌ക്കല്‍ ശസ്ത്രക്രിയ നടത്താനൊരുങ്ങുന്നു. കൊല്ലം സ്വദേശിനിയായ പതിമൂന്നുകാരിക്കാണ് ഹൃദയം മാറ്റിവയ്‌ക്കല്‍ ശസ്ത്രക്രിയ നടത്തുക.
അപകടത്തില്‍ മസ്തിഷ്‌ക മരണം സംഭവിച്ച അങ്കമാലി സ്വദേശിയായ പതിനെട്ടുകാരന്റെ ഹൃദയമാണ് മാറ്റിവയ്‌ക്കുക.വന്ദേഭാരത് എക്‌സ്പ്രസില്‍ കൊച്ചിയിലെത്തിയ പതിമൂന്നുകാരിയെ ലിസി ആശുപത്രിയിലെത്തിച്ചു.
ഹൃദയമുള്‍പ്പെടെ ആറ് അവയവങ്ങള്‍ ദാനം ചെയ്യാന്‍ സമ്മതമാണെന്ന് യുവാവിന്റെ കുടുംബം അറിയിച്ചിരുന്നു. യുവാവിന്റെ മറ്റ് അവയവങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ്, അമൃത ആശുപത്രി, കൊച്ചി ലിസി ആശുപത്രി, ആലുവ രാജഗിരി ആശുപത്രി, കോട്ടയം കാരിത്താസ് ആശുപത്രി, അങ്കമാലി ലിറ്റില്‍ ഫ്‌ലവര്‍ എന്നീ ആശുപത്രികളിലെത്തിയ്‌ക്കും
എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണ് ഹൃദയം മാറ്റി വയ്‌ക്കല്‍ ശസ്ത്രക്രിയയ്‌ക്ക് ഒരുങ്ങുന്ന കുട്ടി. മൂന്ന് വര്‍ഷമായി ഹൃദ്രോഗത്തിന് ചികിത്സയിലാണ്. അനുയോജ്യമായ ഹൃദയം ലഭ്യമാണെന്ന വിവരം ലിസി ആശുപത്രിയില്‍ നിന്നാണ് കുടുംബത്തിന് ലഭിച്ചത്.തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയില്‍ ആയിരുന്നു കുട്ടിയുടെ ചികിത്സ.