• Fri. Dec 12th, 2025

24×7 Live News

Apdin News

ഹൃദയത്തില്‍ നിറഞ്ഞ ദേശീയ മന്ത്രം

Byadmin

Dec 12, 2025



വന്ദേമാതരത്തിന് ദേശീയഗാന പദവി നഷ്ടപ്പെടാന്‍ ഇടയാക്കിയത് നെഹ്‌റുവിന്റെ ഇടപെടലുകളാണ്. ഇങ്ങനെയൊക്കെയാണെങ്കിലും വന്ദേമാതരത്തെ ഹൃദയത്തില്‍നിന്നു പറിച്ചെറിയാന്‍ ആര്‍ക്കുമായില്ല. 1947 ആഗസ്റ്റ് 15ന് ആകാശവാണിയിലൂടെ വന്ദേമാതരം മുഴുവന്‍ പാടാന്‍ പണ്ഡിറ്റ് ഓംകാര്‍നാഥ് ഠാക്കൂറിനെ ആഭ്യന്തരമന്ത്രി സര്‍ദാര്‍ പട്ടേല്‍ ക്ഷണിച്ചുവരുത്തി പാടിപ്പിച്ചു. സ്വാതന്ത്ര്യദിന പരിപാടി നടക്കുമ്പോള്‍ സുചേത കൃപലാനി വന്ദേമാതരം മുഴുവന്‍ പാടി. എന്നാല്‍ 1948 ആഗസ്ത് 15ന് രണ്ടാം സ്വാതന്ത്ര്യദിനത്തില്‍ ചെങ്കോട്ടയില്‍ ത്രിവര്‍ണപതാക ഉയര്‍ത്തുമ്പോള്‍ അവിടെ മിലിട്ടറി ബാന്റില്‍ ജനഗണമനയാണ് പാടിയത്! ഇത് ശ്രദ്ധയില്‍പ്പെട്ട മാസ്റ്റര്‍ കൃഷ്ണ റാവു ഫുലംബിക്കര്‍ അതിനോടകം തന്നെ രൂപവല്‍ക്കപ്പെട്ടിരുന്ന ഭരണഘടനാ നിര്‍മ്മാണസഭയില്‍ വിഷയം ഉന്നയിച്ചു. ആരാണ് ഇത് തീരുമാനിച്ചത്? എപ്പോഴാണ് ഇത് തീരുമാനിച്ചത്? ഭരണഘടനാ നിര്‍മ്മാണസഭയില്‍ ദേശീയഗാനത്തെക്കുറിച്ച് ചര്‍ച്ച ഇതുവരെ വന്നിട്ടില്ലല്ലോ. അതിനുത്തരം പറയണമെന്ന് ആഭ്യന്തരമന്ത്രി സര്‍ദാര്‍ പട്ടേലിനോട് ആവശ്യപ്പെട്ടു. എന്നാല്‍ അതിനു മറുപടിപറഞ്ഞത് പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുതന്നെയാണ്. അദ്ദേഹം പറഞ്ഞത് വിദേശബാന്റുകള്‍ക്ക് ചേരുന്നത് ജനഗണമനയാണെന്ന് ആരോ ചിലര്‍ പറഞ്ഞു എന്നാണ്. ഭാരതത്തിന് വെളിയില്‍ പലയിടങ്ങളിലും ഔദ്യോഗിക പരിപാടിയില്‍ ദേശീയഗാനം പാടേണ്ട സന്ദര്‍ഭം ഉണ്ടായപ്പോള്‍ റിക്കാര്‍ഡ് ചെയ്തു കൊടുത്തയച്ചത് ജനഗണമനയാണ് പോലും! അതാണ് ഇപ്പോള്‍ പാടിക്കൊണ്ടിരിക്കുന്നത് എന്നും നെഹ്‌റു പറഞ്ഞു. എല്ലാവരും അതുകേട്ട് അത്ഭുതപ്പെട്ടു. കാരണം അങ്ങനെ ഒരു നീക്കം ആരുടെ ഭാഗത്തുനിന്നും അതിനു മുന്‍പ് ഉണ്ടായിരുന്നില്ല. ആരും ചര്‍ച്ച ചെയ്തിരുന്നില്ല. ആരാണ് ജനഗണമനയ്‌ക്ക് ഈണം നല്‍കാന്‍ കൊടുത്തത്? വിദേശരാജ്യത്തുള്ള ഭാരതപ്രതിനിധികള്‍ക്ക് റിക്കാര്‍ഡു ചെയ്ത ഗാനവും യന്ത്രങ്ങളും ആരുടെ നിര്‍ദ്ദേശപ്രകാരമാണ് കൊടുത്തയച്ചത്? ഇത്തരമൊരു അട്ടിമറിക്ക് ആര്‍ക്കായിരുന്നു തിടുക്കം? എല്ലാത്തിനും ഉത്തരം കിട്ടേണ്ടതുണ്ട്.

നെഹ്‌റുവിന്റെ മറുപടി കേട്ട സംഗീതജ്ഞനായ മാസ്റ്റര്‍ കൃഷ്ണറാവു വന്ദേമാതരഗാനത്തെ മിലിട്ടറി ബാന്റിന് പറ്റുന്നതരത്തില്‍ ചിട്ടപ്പെടുത്തുകയും മിലിട്ടറിയുടെ ബാന്‍ഡ് തലവനെ അത് കേള്‍പ്പിക്കുകയും ചെയ്തു. ഏറ്റവും നന്നായി, ഇത് ബാന്റിനു ചേരുന്നതുതന്നെ എന്ന് അദ്ദേഹം അറിയിക്കുകയും ചെയ്തു. അതുകൂടാതെ വീണ്ടും അത് പാട്ടായിട്ടും രാഗമായിട്ടും ചിട്ടപ്പെടുത്തി ദേശീയനേതാക്കളെ മുഴുവന്‍ വ്യക്തിപരമായും കൂട്ടായും കേള്‍പ്പിച്ചു. എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടു. ഇതുതന്നെയാണ് നമ്മുടെ ദേശീയഗാനത്തിന്റെ ബാന്റ് ആകേണ്ടത് എന്നവര്‍ അഭിപ്രായപ്പെടുകയും ചെയ്തു. അതേകാര്യങ്ങള്‍ ജനറല്‍ കരിയപ്പ അടക്കമുള്ള നമ്മുടെ സൈനികത്തലവന്മാരെ കേള്‍പ്പിച്ചു. എല്ലാവരും ഒരേസ്വരത്തില്‍ വന്ദേമാതരംതന്നെ നമ്മുടെ സൈന്യത്തിന്റെ ബാന്റ് സെറ്റിലും എന്ന് ആവേശപൂര്‍വ്വം പ്രതികരിച്ചു.

എന്നാല്‍ 1950 ജനുവരി 24ന്, അതായത് ഭരണഘടന പ്രഖ്യാപിക്കുന്നതിന്റെ രണ്ടുദിവസം മുന്‍പ് ഭരണഘടനാ നിര്‍മാണസഭയുടെ യോഗത്തില്‍ അധ്യക്ഷന്‍ ഡോ. രാജേന്ദ്രപ്രസാദ് അപ്രതീക്ഷിത പ്രഖ്യാപനം നടത്തി. നമ്മുടെ ദേശീയഗാനത്തെക്കുറിച്ച് വിശദമായി ചര്‍ച്ചചെയ്യേണ്ടതും അവലോകനം നടത്തേണ്ടതുമായിരുന്നു. എന്നാല്‍ പല കാരണംകൊണ്ടും അത് നടന്നിട്ടില്ല. ആയതിനാല്‍ ഞാനൊരു പ്രമേയരൂപത്തില്‍ ഇത് അവതരിപ്പിക്കുകയാണ് എന്നുപറഞ്ഞ് ജനഗണമനയെ ദേശീയഗാനമായി പ്രഖ്യാപിക്കുന്നു എന്നുപറഞ്ഞു. ഒപ്പം നമ്മളെയെല്ലാം ഉത്തേജിപ്പിച്ചുകൊണ്ടിരിക്കുന്ന വന്ദേമാതരത്തിന് തുല്യപ്രാധാന്യം ഉണ്ടായിരിക്കുമെന്നും പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാഷ്‌ട്രത്തിന്റെ ദേശീയഗാനത്തെ ഒരു ചര്‍ച്ചയുംകൂടാതെ പ്രഖ്യാപിക്കുന്നതില്‍ എന്തെങ്കിലും അപാകതയുള്ളതായി പ്രധാനമന്ത്രിക്കോ മറ്റു പ്രമാണിമാര്‍ക്കോ തോന്നിയതേയില്ല. അഥവാ അതിനുമുന്നേ ഒരു ഉപജാപം നടന്നു എന്നുവേണം കരുതാന്‍. കാരണം അധ്യക്ഷന്‍ ഈ പ്രമേയം അവതരിപ്പിച്ചപ്പോള്‍ കാര്യമായ പ്രതിഷേധമോ അഭിപ്രായവ്യത്യാസമോ പ്രധാനവ്യക്തികളില്‍നിന്നും ഉണ്ടായില്ല. അതേദിവസം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ കേന്ദ്രകാര്യാലയത്തില്‍ ഒരു രാജിപ്രഖ്യാപനവും നടന്നു. കോണ്‍ഗ്രസിന്റെ അധ്യക്ഷനായ രാജര്‍ഷി ബാബു പുരുഷോത്തംദാസ് ഠണ്ഡന്‍ വന്ദേമാതരത്തെ ദേശീയഗാനത്തിന്റെ സ്ഥാനത്തുനിന്നും തിരസ്‌കരിച്ചതിന്റെ പേരില്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷ സ്ഥാനം രാജിവച്ചതായി പ്രഖ്യാപിച്ചു!

എന്തൊക്കെയായാലും ഇന്നത് നമ്മുടെ ദേശീയഗാനമാണ്. ആയതിനാല്‍ എല്ലാ ആദരവോടും ഭക്തിയോടുംകൂടിത്തന്നെ നാം അതിനെ ഏറ്റെടുക്കുകയും നമ്മുടെ ഹൃദയത്തില്‍ പ്രതിഷ്ഠിക്കുകയും ചെയ്തു. എന്നാല്‍ ഈ ഒരു അട്ടിമറി നടത്തിയത് ജവഹര്‍ലാല്‍ നെഹ്‌റു ആണെന്നത് നാം മറന്നുപോകരുതാത്ത കാര്യമാണ്. എന്തിനാണ് നെഹ്‌റു അങ്ങനെ ചെയ്തത്? ആരെ പ്രീണിപ്പിക്കാന്‍ ? പ്രീണനത്തിന്റെ ഫലമായി രാജ്യംതന്നെ വെട്ടിമുറിക്കേണ്ടി വന്നിട്ടുണ്ട്. അതില്‍നിന്ന് ഒരു പാഠവും പഠിക്കാനുള്ള സാമാന്യബുദ്ധി പോലും കാണിക്കാതിരുന്നത് എന്തുകൊണ്ടാണ്?

വന്ദേമാതരത്തെ ദേശീയഗാനത്തിന്റെ സ്ഥാനത്തുനിന്നും തള്ളാനുള്ള ഗൂഢാലോചന നേരത്തെതന്നെ നെഹ്‌റു നടത്തിയിരുന്നു എന്നുവേണം മനസ്സിലാക്കാന്‍. മഹാകവി ടഗോര്‍ മരിക്കുന്നതിനും കുറച്ചുകാലം മുന്‍പ് അദ്ദേഹത്തെ നെഹ്‌റു സമീപിച്ചിരുന്നു. നമുക്കൊരു പുതിയ ദേശീയഗാനം ഉണ്ടാക്കേണ്ടതുണ്ട്, അത് അങ്ങ് എഴുതിത്തരണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ടഗോര്‍ നിശബ്ദത പാലിച്ചു. കാരണം അദ്ദേഹംതന്നെ വര്‍ഷങ്ങളോളം ദേശീയ സമ്മേളനങ്ങളില്‍ ദേശീയഗാനമായി പാടിക്കൊടുത്തുകൊണ്ടിരുന്നത് വന്ദേമാതരം ആയിരുന്നുവല്ലോ. ഈ നാടിന്റെ സംസ്‌കാരത്തെയും ചരിത്രത്തെയും വികാരപരമായി ഓര്‍മ്മിപ്പിക്കാനും
തലമുറകളെ ഉത്തേജിപ്പിക്കാനും ഭാരതമാതാവിനോടുള്ള ഭക്തി വര്‍ദ്ധിപ്പിക്കാനും ദേശസ്‌നേഹം ഉജ്ജ്വലമാക്കുവാനും കഴിയുന്ന വൈകാരികഭാവത്തോടെയുള്ള വന്ദേമാതരമായിരുന്നു നമ്മുടെ ദേശീയ ഗാനം ആകേണ്ടിയിരുന്നത്. അതായിരിക്കാം അദ്ദേഹം മൗനം അവലംബിച്ചത്. ഇങ്ങനെയൊരു കാര്യത്തിന് താന്‍ മഹാകവിയെ സമീപിച്ചിരുന്നു എന്നു വെളിപ്പെടുത്തിയത് ടഗോറിന്റെ ജന്മശതാബ്ദി വേളയില്‍ നെഹ്‌റു തന്നെയാണ്.

വന്ദേമാതരത്തെ ഇത്തരത്തില്‍ ഒരു അട്ടിമറിയിലൂടെ ദൂരേക്ക് അകറ്റിയത് ഭാരതത്തിന്റെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു തന്നെയായിരുന്നു. പക്ഷേ ആരൊക്കെ, എങ്ങനെയൊക്കെ ഈ ദേശീയ മന്ത്രത്തെ അകറ്റാന്‍ ശ്രമിച്ചാലും ജനഹൃദയത്തില്‍നിന്നും അതിനെ പറിച്ചെറിയാന്‍ കഴിയുകയില്ല എന്നത് ദേശീയഗാനം നിശ്ചയിച്ച ദിവസംതന്നെ ബോധ്യമായി. പ്രമേയം പാസാക്കി അതിന്റെ ചുവട്ടില്‍ അധ്യക്ഷന്‍ ഡോ. രാജേന്ദ്രപ്രസാദ് ഒപ്പിട്ട് ഒരുപദം പിന്നോട്ട് മാറി വന്ദേമാതരം എന്ന് ഉറക്ക വിളിച്ചുപറഞ്ഞു. തുടര്‍ന്ന് ഓരോ അംഗവും ഒപ്പിട്ട് അല്പം പിറകോട്ട് മാറി ആദരവോടുകൂടിനിന്ന് വന്ദേമാതരം എന്ന് കൈ ഉയര്‍ത്തി പറഞ്ഞു. രേഖയില്‍നിന്നേ ദേശീയഗാനപദവിയില്‍നിന്ന് വന്ദേമാതരത്തെ മാറ്റിനിര്‍ത്താന്‍ കഴിയൂ, ഹൃദയത്തില്‍നിന്ന് ഒഴിക്കാന്‍ കഴിയില്ല എന്നതിന്റെ നിദര്‍ശനമായിരുന്നു അബോധപൂര്‍വ്വമായ ഈ നടപടി.

അങ്ങനെ നമ്മുടെ ദേശീയവികാരങ്ങളെ എങ്ങനെയാണ് ആധുനിക നേതാക്കന്മാര്‍ തല്ലിക്കെടുത്തിയത്, ദേശീയബോധത്തെ എങ്ങനെയൊക്കെയാണ് ചവിട്ടിത്തേച്ചത്, സ്വാതന്ത്ര്യസമരചരിത്രത്തെ എങ്ങനെയാണ് കുഴിച്ചുമൂടിയത് എന്നതൊക്കെ വരുംകാലങ്ങളില്‍ നാം ഇനിയും പഠിക്കേണ്ടിയിരിക്കുന്നു. പോരാ, യഥാര്‍ത്ഥ സ്വാതന്ത്ര്യസമരചരിത്രത്തെയും സമരസേനാനികളെയും സമരമാര്‍ഗ്ഗങ്ങളെയും നമ്മുടെ പുതുതലമുറയെ പഠിപ്പിക്കേണ്ടതുണ്ട്. അതിലൂടെ മാത്രമേ ദേശഭക്തിയുള്ള ഒരു തലമുറ വളര്‍ന്നുവരികയുള്ളൂ. മതത്തിനും ജാതിക്കും കക്ഷിരാഷ്‌ട്രീയത്തിനും അതീതമായി ഭാരതം എന്റെ അമ്മയാണെന്നും ഞാന്‍ ആ അമ്മയുടെ സേവനം ചെയ്യുന്ന മക്കളാണെന്നുമുള്ള ബോധം ജനിച്ചുവീഴുന്ന ഓരോ കുഞ്ഞിന്റെയുള്ളിലും സന്നിവേശിപ്പിക്കണം. അതിലൂടെ ദേശീയവികാരമുള്ള പൗരന്മാര്‍ വളര്‍ന്നുവരികയും സ്വന്തം നാടിനെ ലോകത്തിന്റെമുന്നില്‍ അഭിമാനാര്‍ഹമായ ഒരു രാഷ്‌ട്രമാക്കി പരിവര്‍ത്തിപ്പിക്കുകയും ചെയ്യണം. അതിനായിരിക്കണം വന്ദേമാതരത്തിന്റെ ചരിത്രം നാം ഓര്‍മിക്കുന്നതും മറ്റുള്ളവരിലേക്ക് പകര്‍ന്നു നല്‍കുന്നതും!
(അവസാനിച്ചു)

By admin