തിരുവനന്തപുരം: സങ്കീര്‍ണമായ ഹൃദ്രോഗങ്ങളുമായി ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്കുള്ള സൗജന്യ ഹൃദയ ശസ്ത്രക്രിയകള്‍ താളം തെറ്റുന്നു. ഹൃദ്യം പദ്ധതിയുടെ കനിവ് തേടി കാത്തിരിക്കുന്നത് പതിനായിരക്കണക്കിന് കുരുന്നു ഹൃദയങ്ങള്‍. രജിസ്റ്റര്‍ ചെയ്യുന്ന കുട്ടികളില്‍ പകുതിപേര്‍ക്ക് പോലും ശസ്ത്രക്രിയകളും പരിശോധനകളും നടക്കുന്നില്ലെന്ന് ആക്ഷേപം.
ഹൃദ്യം പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടും മറുപടി ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി പാലക്കാട് സ്വദേശിയായ പെണ്‍കുട്ടിയുടെ അച്ഛന്‍ പ്രകാശ്, മന്ത്രിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന് താഴെ പരാതിയുമായി എത്തി. ഹൃദ്യം പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2020 ല്‍ ആദ്യത്തെ സര്‍ജറി ലിസി ഹോസ്പിറ്റലില്‍ ചെയ്തു. ലിസി ആശുപത്രിയെ ഹൃദ്യത്തില്‍ നിന്നും ഒഴിവാക്കിയപ്പോള്‍ അമൃത ആശുപത്രിയിലാണ് കാണിക്കുന്നത്. ഡോക്ടമാര്‍ കാത്ത്പരിശോധന ചെയ്യണമെന്ന് നിര്‍ദേശിച്ചു. പാലക്കാട് ഹൃദ്യത്തില്‍ കാത്തിനുള്ള രജിസ്‌ട്രേഷന്‍ ചെയ്തിട്ട് ഒരു മാസമായി. ഉടനെ റെഡിയാവുമെന്നു മാത്രമാണ് പറയുന്നത്. ഡോക്ടര്‍മാര്‍ പറയുന്നത് ഉടനെ കാത്ത് ചെയ്യണമെന്നാണ്. ഈ വിഷയത്തില്‍ ഒന്നിടപ്പെടാന്‍ സാധിക്കുമോ എന്നുമായിരുന്നു ചോദ്യം. സംഭവം നിരവധി പേരുടെ ശ്രദ്ധയില്‍ വന്നതോടെ ആരോഗ്യമന്ത്രി പെട്ടെന്ന് ഇടപെട്ട് ഖേദം പ്രകടിപ്പിച്ച് പരിഹാരം കണ്ട് തലയൂരി.
നിരവധി കുട്ടികളാണ് സര്‍ക്കാരിന്റെ കനിവ് തേടി കാത്തിരിക്കുന്നത്. പലര്‍ക്കും പരിശോധനാ തീയതി പോലും നല്‍കുന്നില്ല. ഇതുവരെ 25,567 പേര്‍ രജിസ്റ്റര്‍ ചെയ്തതില്‍ 8395 പേര്‍ക്ക് ശസ്ത്രക്രിയ ചെയ്തു. ഈ വര്‍ഷം 2013 കുട്ടികള്‍ രജിസ്റ്റര്‍ ചെയ്തു. ശസ്ത്രക്രിയ നടത്തിയത് 426 പേര്‍ക്ക്. ഇതില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ ശസ്ത്രക്രിയ നിര്‍ദേശിച്ചവരുമുണ്ട്. ഈ മാസം 62 പേര്‍ രജിസ്റ്റര്‍ ചെയ്തു. വിവിധ ആശുപത്രികളിലേക്ക് രേഖകള്‍ കൈമാറിയത് 21 പേരുടേത് മാത്രം.