ഹൃദയാഘാതം ഇനി മുതിര്‍ന്നവരില്‍ മാത്രം കാണുന്ന രോഗമല്ല. ഇന്നത്തെ ജീവിതരീതികളും മാനസിക സമ്മര്‍ദ്ദവും കാരണം ചെറുപ്പക്കാരില്‍ പോലും ഹൃദയാഘാതം സംഭവിച്ച് മരണത്തിലേക്ക് നയിക്കുന്ന സംഭവങ്ങള്‍ വര്‍ധിച്ചുവരികയാണ്. അതിനാല്‍ ശരീരം നല്‍കുന്ന ചെറിയ മുന്നറിയിപ്പുകള്‍ പോലും ഗൗരവമായി കാണേണ്ടതുണ്ട്, ശ്വാസം മുട്ടല്‍, നെഞ്ചുവേദന, അമിത വിയര്‍പ്പ്, ക്ഷീണം തുടങ്ങിയ ലക്ഷണങ്ങള്‍ ഹൃദയാഘാതത്തിന്റെ സൂചനകളായിരിക്കാം. ചിലര്‍ക്ക് നടക്കുമ്പോഴും ഉറക്കത്തിനിടയിലും ശ്വാസം മുട്ടുന്നതായി തോന്നാം. ഇത്തരം ലക്ഷണങ്ങള്‍ സാധാരണയായി അവഗണിക്കപ്പെടാറുണ്ട്, എന്നാല്‍ ഇവ ഹൃദയത്തിലെ രക്തയോട്ട തടസ്സത്തിന്റെ സൂചനയായിരിക്കും. നെഞ്ചുവേദനയാണ് ഹൃദയാഘാതത്തിന്റെ ഏറ്റവും സാധാരണ ലക്ഷണം. നെഞ്ചിന്റെ മധ്യഭാഗത്തോ ഇടത് വശത്തോ ഉണ്ടാകുന്ന ഈ വേദന ചിലപ്പോള്‍ തോളിലേക്കും കഴുത്തിലേക്കും നടുവിലേക്കും പടര്‍ന്നേക്കാം. ഈ വേദനയോടൊപ്പം അമിത വിയര്‍പ്പും ഉത്കണ്ഠയും അനുഭവപ്പെടുകയാണെങ്കില്‍ ഉടന്‍ മെഡിക്കല്‍ സഹായം തേടേണ്ടതാണ്. കാലിലെ നീര്, ഓക്കാനവും ഛര്‍ദ്ദിയും അനുഭവപ്പെടുക, നെഞ്ചരിച്ചിലും അമിത ക്ഷീണവും, തലക്കറക്കവും ഉണ്ടാകുന്നതും ഹൃദയത്തിലെ പ്രശ്നങ്ങള്‍ സൂചിപ്പിക്കുന്ന മറ്റൊരു ലക്ഷണമായി കാണപ്പെടുന്നു. മുകളില്‍ പറഞ്ഞ ലക്ഷണങ്ങള്‍ കാണുന്നവര്‍ സ്വയം രോഗനിര്‍ണയം ചെയ്യാതെ ഉടന്‍ ഡോക്ടറെ സമീപിക്കുക എന്നതാണ് സുരക്ഷിതമായ മാര്‍ഗം എന്നും ഹൃദയാരോഗ്യ പരിശോധനകള്‍ കൃത്യസമയത്ത് നടത്തുകയും ജീവിതശൈലിയില്‍ ആവശ്യമായ മാറ്റങ്ങള്‍ കൊണ്ടുവരികയും ചെയ്താല്‍ ഹൃദയാഘാതം തടയാനാവുമെന്നുമാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.