സുല്‍ത്താന്‍ ബത്തേരി: ഹേമചന്ദ്രന്‍ വധക്കേസില്‍ ഒരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. വയനാട് സ്വദേശി വെല്‍ബിന്‍ മാത്യു ആണ് അറസ്റ്റിലായത്. കേസിലെ അഞ്ചാമത്തെ പ്രതിയാണ് ഇയാള്‍. ഹേമചന്ദ്രനെ തട്ടിക്കൊണ്ടുപോയ ശേഷം പണമിടപാടുമായി ബന്ധപ്പെട്ട ഒരു കരാറില്‍ വെല്‍ബിന്‍ സാക്ഷിയായി ഒപ്പുവച്ചിരുന്നുവെന്നും ഹേമചന്ദ്രനോടും മറ്റ് പ്രതികളോടുമൊപ്പം കാറില്‍ സഞ്ചരിച്ചിരുന്നുവെന്നും പോലീസ് കണ്ടെത്തിയിരുന്നു. ഹേമചന്ദ്രന്റെ കാറും ബൈക്കും പോലീസ് ബത്തേരിയിൽ നിന്നും കണ്ടെടുത്തു.
കോഴിക്കോട് മെഡിക്കൽ കോളേജിനടുത്ത് മായനാട്ടെ വാടകവീട്ടിൽ രണ്ടുവർഷത്തോളമായി താമസിക്കുകയായിരുന്ന ബത്തേരി സ്വദേശി ഹേമചന്ദ്രനെ 2024 മാർച്ച് 20-നാണ് കാണാതായത്. മാർച്ച് 22-ന് കൊലപ്പെടുത്തിയെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം.
തമിഴ്നാട്ടിലെ ചേരമ്പാടി റിസർവ് വനത്തിൽ കുഴിച്ചിട്ടനിലയിൽ ഹേമചന്ദ്രന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ക്രൂരമായ മർദനത്തിനുശേഷം കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ഹേമചന്ദ്രൻ തൂങ്ങിമരിച്ചതാണെന്നും അങ്ങനെ കണ്ടപ്പോൾ മൃതദേഹം കുഴിച്ചിടുക മാത്രമാണ് ചെയ്തതെന്നുമായിരുന്നു മുഖ്യപ്രതി നൗഷാദിന്റെ ആദ്യ മൊഴി. നൗഷാദിന് പുറമെ കേസില്‍ ബത്തേരി സ്വദേശികളായ ജ്യോതിഷ്‌കുമാർ, അജേഷ്, വൈശാഖ് എന്നിവര്‍ നേരത്തെ
പിടിയിലായിരുന്നു.