തിരുവനന്തപുരം: കേരളത്തിലോടുന്ന വന്ദേഭാരത് ട്രെയിനുകളിലെ മോശം ഭക്ഷണം സംബന്ധിച്ച വ്യാപക പരാതി ഉയർന്നിട്ടും കരാർ റദ്ദാക്കാൻ കഴിയാതെ ദക്ഷിണ റെയിൽവേ. മോശം ഭക്ഷണം വിതരണം ചെയ്തുവെന്ന പരാതികളിൽ കരാറുകാരായ ബ്രന്ദാവൻ ഫുഡ്സിനെതിരെ നടപടിക്ക് ശ്രമിച്ചപ്പോൾ കരാർ കമ്പനി ചെന്നൈ ഹൈക്കോടതിയെ സമീപിച്ചു സ്റ്റേ വാങ്ങിയിരുന്നു. കേസ് ഹൈക്കോടതിയിൽ തുടരുകയാണ്.
ഭക്ഷണം സംബന്ധിച്ചു ഏറ്റവും കൂടുതൽ പരാതികൾ തിരുവനന്തപുരം–മംഗളൂരു വന്ദേഭാരതിലാണ്. മുൻപ്, കാലാവധി കഴിഞ്ഞ ജൂസ് വിതരണം ചെയ്തത് പരാതിക്കിടയാക്കിയെങ്കിൽ കഴിഞ്ഞ ദിവസം ട്രെയിനിൽ വിതരണം ചെയ്ത പരിപ്പുകറിയിൽ പുഴുവിനെ കണ്ടതാണു പുതിയ പരാതി. ദക്ഷിണ റെയിൽവേ കരാർ നൽകിയ ട്രെയിനുകളായതിനാൽ സോണൽ ഓഫിസ് നടപടിയെടുക്കട്ടെ എന്ന നിലപാടിലാണ് ഡിവിഷനുകൾ. ഇന്ത്യൻ റെയിൽവേ കേറ്ററിങ് ആൻഡ് ടൂറിസം കോർപറേഷൻ(ഐആർസിടിസി) തങ്ങളല്ല കരാർ നൽകിയതെന്ന നിലപാടിലാണ്.
വന്ദേഭാരതിലെ ഭക്ഷണം മെച്ചപ്പെടുകയും പരാതികൾ കുറയുകയും ചെയ്യുമെന്ന പ്രതീക്ഷയിലാണ് ഐആർസിടിസിയിൽനിന്നു മാറ്റി സോണൽ റെയിൽവേയെ കരാർ നടപടികൾ ഏൽപിച്ചത്. എന്നാൽ, തീരുമാനം ഗുണത്തെക്കാളേറെ ദോഷം ചെയ്തുവെന്നാണു തുടർച്ചയായ പരാതികൾ സൂചിപ്പിക്കുന്നത്. ഐആർസിടിസി തയാറാക്കിയ റെയിൽവേ കേറ്ററിങ് പോളിസി കരാർ കമ്പനികൾക്ക് അനുകൂലമായതിനാൽ സോണൽ റെയിൽവേക്കു നടപടികളെടുക്കാൻ പരിമിതിയുണ്ടെന്നാണ് ആക്ഷേപം. പിഴയായി ലക്ഷങ്ങളാണു കരാർ കമ്പനികൾ റെയിൽവേയിൽ അടയ്ക്കുന്നത്.
പിഴയടച്ച ശേഷം വീണ്ടും മോശം ഭക്ഷണം നൽകി അധിക ലാഭമെടുക്കാനാണു കമ്പനികൾ ശ്രമിക്കുന്നത്. കേരളത്തിലെ എംപിമാർ നടപടി വേണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഒന്നും ചെയ്യാൻ കഴിയാത്ത സ്ഥിതിയാണ്.