വിശാഖപട്ടണം: ഇന്ത്യൻ പ്രീമിയർ ലീഗ് സീസണിൽ തുടർച്ചയായ രണ്ടാം ജയവുമായി ഡൽഹി ക്യാപിറ്റൽസ്. സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ ഏഴ് വിക്കറ്റിന്റെ തകർപ്പൻ വിജയമാണ് ഡൽഹി നേടിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത സൺറൈസേഴ്സ് 18.3 ഓവറിൽ 163 റൺസിൽ എല്ലാവരും പുറത്തായി. മറുപടി ബാറ്റിങ്ങിൽ 16 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ഡൽഹി ക്യാപിറ്റൽസ് ലക്ഷ്യത്തിലെത്തി.. തുടര്‍ച്ചയായ രണ്ടാം ജയവുമായി ഡല്‍ഹി പോയന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് കയറിയപ്പോള്‍ മൂന്ന് കളികളില്‍ രണ്ടാം തോല്‍വി വഴങ്ങിയ ഹൈദരാബാദ് ആറാം സ്ഥാനത്തേക്ക് വീണു.
മറുപടി ബാറ്റിങ്ങിൽ ജെയ്ക് ഫ്രെയ്സർ മക്ഗർഗും ഫാഫ് ഡു പ്ലെസിസും ഡൽഹി ക്യാപിറ്റൽസിനായി മികച്ച തുടക്കമാണ് നൽകിയത്. 27 പന്തിൽ മൂന്ന് ഫോറും മൂന്ന് സിക്സറും സഹിതം മക്ഗർഗ് 50 റൺസെടുത്തു. 32 പന്തിൽ നാല് ഫോറും രണ്ട് സിക്സറും സഹിതം മക്ഗർഗ് 38 റൺസ് നേടി. ഇരുവരും ചേർന്ന ഒന്നാം വിക്കറ്റിൽ 81 റൺസാണ് കൂട്ടിച്ചേർത്തത്.
ഡു പ്ലെസിസിനെയും മക്ഗർഗിനെയും അഞ്ച് പന്തിൽ 15 റൺസെടുത്ത കെ എൽ രാഹുലിനെയും വീഴ്ത്തി സീഷാൻ അൻസാരി സൺറൈസേഴ്സിനായി മൂന്ന് വിക്കറ്റെടുത്തു. എന്നാൽ 18 പന്തിൽ രണ്ട് ഫോറും രണ്ട് സിക്സറും സഹിതം പുറത്താകാതെ 34 റൺസെടുത്ത അഭിഷേക് പോറലും 14 പന്തിൽ മൂന്ന് ഫോറുകൾ സഹിതം പുറത്താകാതെ 21 റൺസെടുത്ത ട്രിസ്റ്റൻ സ്റ്റമ്പ്സും ഡൽഹി ക്യാപിറ്റൽസിനെ വിജയത്തിലെത്തിച്ചു.