ഹൈദരാബാദ്: ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്സ് യൂണിയൻ തിരഞ്ഞെടുപ്പിൽ ശ്രദ്ധേയമായ പ്രകടനം കാഴ്ച വെച്ച് എം എസ് എഫ്. സ്കൂൾ ഓഫ് സോഷ്യൽ സയൻസസിലെ കൗൺസിലർ സ്ഥാനത്ത് എം.എസ്.എഫ് സ്ഥാനാർത്ഥിയായ ഹാദി മുഹമ്മദ് വിജയിച്ചത് സംഘടനയ്ക്ക് അഭിമാന നേട്ടമായി.
ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച എം.എസ്.എഫ് സ്ഥാനാർഥി ഷാദിൽ ആയിരത്തിലധികം വോട്ടുകൾ നേടി ശ്രദ്ധേയമായ മുന്നേറ്റം നടത്തി. ഫാസിസ്റ്റ് ശക്തികളുമായി കഠിനമായ മത്സരം നിലനിന്ന തെരഞ്ഞെടുപ്പിൽ, വിദ്യാർത്ഥികളുടെ വലിയ പിന്തുണയായിരുന്നു ഷാദിലിന്റെ വോട്ടെടുപ്പിൽ പ്രതിഫലിച്ചത്.
മെഡിക്കൽ സയൻസസ് സ്കൂളിൽ കൗൺസിലർ സ്ഥാനത്തേക്ക് മത്സരിച്ച ഹാദിയും, ഇന്റഗ്രേറ്റഡ് സ്റ്റഡീസിലെ സോഷ്യൽ സയൻസ് വിഭാഗത്തിൽ സ്കൂൾ ബോർഡ് മെമ്പർ സ്ഥാനത്തേക്ക് മത്സരിച്ച നദാ ഫാത്തിമയും മികച്ച മത്സരം കാഴ്ചവെച്ചു. രാജ്യത്തെ പ്രധാന ക്യാമ്പസുകളിൽ എം എസ് എഫ് അതിന്റെ ശക്തമായ സാനിധ്യവുമായി മുന്നോട്ട് പോകുന്നത് ഇന്ത്യയുടെ മതേതര ജനാധിപത്യ സത്തയുടെ ഉയിർത്തെഴുന്നേൽപ്പിനും ന്യൂനപക്ഷ ജനതയുടെ നിലനിൽപ്പിനും ഇന്നിന്റെ അനിവാര്യതയാണെന്ന് എം എസ് എഫ് ദേശീയ പ്രസിഡന്റ് പി വി അഹമ്മദ് സാജു പറഞ്ഞു. കഴിഞ്ഞ ദിവസം നടന്ന ഡൽഹി യൂണിവേഴ്സിറ്റി തെരഞ്ഞടുപ്പിലും എം എസ് എഫ് മികച്ച പ്രകടനം കാഴ്ചവെച്ചിരിന്നു .
തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ പ്രവർത്തകരെ എം എസ് എഫ് ദേശീയ കമ്മിറ്റി അഭിനന്ദിച്ചു.