• Tue. Mar 31st, 2026

24×7 Live News

Apdin News

ഹോം വോട്ടിങ് അട്ടിമറിക്കാന്‍ സിപിഎം നീക്കം; സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയുടെ കത്ത് തെളിവ്

Byadmin

Mar 31, 2026


തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ 85 വയസിന് മുകളിലുള്ളവര്‍ക്ക് അവരവരുടെ വീടുകളില്‍ വോട്ട് ചെയ്യാനുള്ള ഹോം വോട്ടിങ് സംവിധാനം സിപിഎം അട്ടിമറിക്കുന്നു. വീടുകളില്‍ ചെന്ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ വോട്ട് ചെയ്യിക്കുന്ന പ്രക്രിയ ഇന്നലെ ആരംഭിച്ചു.

എന്നാല്‍ ഹോം വോട്ടിങ്ങിന്റെ രഹസ്യസ്വഭാവം അട്ടിമറിക്കാന്‍ സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി നിയോജക മണ്ഡലം കമ്മിറ്റികള്‍ക്ക് അയച്ച കത്ത് പുറത്തുവന്നു. ഉദ്യോഗസ്ഥര്‍ എത്തുന്ന സമയം മനസിലാക്കി ബൂത്ത് സെക്രട്ടറിമാര്‍ ഈ വീടുകളിലുണ്ടാവണമെന്നും ഒരു വോട്ടുപോലും നഷ്ടപ്പെടുന്ന സാഹചര്യമുണ്ടാകരുതെന്നുമാണ് കത്തിന്റെ ഉള്ളടക്കം.

85 വയസിന് മുകളിലുള്ള മുതിര്‍ന്ന പൗരന്മാരായ വോട്ടര്‍മാരെ സ്വാധീനിച്ച് വോട്ട് ചെയ്യിക്കണമെന്നാണ് ജില്ലാ സെക്രട്ടറി എ.എ. റഹിം കീഴ് ഘടകങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. വോട്ടിങ്ങിന്റെ രഹസ്യസ്വഭാവത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും മേലുള്ള ഗുരുതരമായ കടന്നുകയറ്റമാണിത്.

അതേസമയം തെരഞ്ഞെടുപ്പിന്റെ രഹസ്യസ്വഭാവത്തെ ഇല്ലാതാക്കി വോട്ടര്‍മാരില്‍ ഭീതിയും ഉത്കണ്ഠയും സൃഷ്ടിച്ച് വോട്ടുകള്‍ തങ്ങളുടെ വരുതിയിലാക്കാനും സ്വതന്ത്രവും നീതിപൂര്‍വകവുമായ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുമുള്ള സിപിഎമ്മിന്റെ ശ്രമത്തിനെതിരെ ബിജെപി സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.

ഹോം വോട്ടിങ്ങിനെക്കുറിച്ച് എല്ലാ രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്കും അവരുടെ പ്രവര്‍ത്തകര്‍ക്കും വ്യക്തമായ നിര്‍ദേശങ്ങള്‍ നല്‍കണമെന്നും വോട്ടര്‍മാരുടെ വസതികളില്‍ ഹോം വോട്ടിങ് സമയത്ത് രാഷ്‌ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ സാന്നിധ്യം നിരോധിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.

നിയമപ്രകാരം അനുവദനീയമായവര്‍ അല്ലാതെ വോട്ടിങ് പ്രക്രിയയില്‍ അനധികൃത വ്യക്തികള്‍ ആരും ഇല്ലെന്ന് ഉറപ്പാക്കാന്‍ പോളിങ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കുക, വോട്ടിങ്ങിന്റെ രഹസ്യസ്വഭാവ ലംഘനമോ അനാവശ്യ സ്വാധീനമോ കണ്ടെത്തിയാല്‍ ഉചിതമായ നടപടി സ്വീകരിക്കുക, തുടങ്ങിയവയും ബിജെപി ആവശ്യപ്പെട്ടിട്ടുണ്ട്. ബിജെപി
സംസ്ഥാന വക്താവ് അഡ്വ. ജെ.ആര്‍. പത്മകുമാറാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പരാതി നല്‍കിയത്.

 



By admin