മീററ്റ് : ഹോളി ദിനത്തിൽ സ്വകാര്യ സർവകലാശാലയിലെ തുറന്ന സ്ഥലത്ത് നിസ്‌കാരം നടത്തിയ കേസിലെ പ്രധാന പ്രതി ഖാലിദ് പ്രധാനെ യുപി പോലീസ് അറസ്റ്റ് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥരെയും സർവകലാശാല ഭരണകൂടം സസ്‌പെൻഡ് ചെയ്തിരുന്നു.
ഐഐഎംടി യൂണിവേഴ്സിറ്റി വിദ്യാർത്ഥിയായ ഖാലിദ് പ്രധാൻ സോഷ്യൽ മീഡിയയിൽ വീഡിയോ പങ്കുവെച്ചതിന് ശേഷമാണ് ഈ സംഭവം ശ്രദ്ധയിൽപ്പെട്ടത്. വീഡിയോയിൽ, യൂണിവേഴ്സിറ്റി കാമ്പസിൽ വിദ്യാർത്ഥികൾ തുറസ്സായ സ്ഥലത്ത് നമസ്കരിക്കുന്നത് കാണാമായിരുന്നു.
ഈ സംഭവത്തിനെതിരെ പ്രാദേശിക ഹിന്ദു സംഘടനകൾ പ്രതിഷേധിച്ചിരുന്നു. സർവകലാശാലയിലെ സാമുദായിക ഐക്യം തകർക്കുക, കലാപം ഉണ്ടാക്കുക എന്നീ ഉദ്ദേശ്യത്തോടെ, അനുമതിയില്ലാതെ ക്യാമ്പസിൽ തുറസ്സായ സ്ഥലത്ത് നമസ്‌കാരം നടത്തിയതായും അതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതായും ആഭ്യന്തര അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ടെന്ന് ഐഐഎംടി സർവകലാശാല വക്താവ് സുനിൽ ശർമ്മ പറഞ്ഞു.