ടെഹ്റാൻ : ഇറാന്റെ ഐആർജിസി നേവി ചീഫ് അലിറേസ തങ്‌സിരി കൊല്ലപ്പെട്ടു. തെക്കൻ തുറമുഖ നഗരമായ ബന്ദർ അബ്ബാസിൽ നടന്ന ഇസ്രായേലി ആക്രമണത്തിലാണ് അലിറേസ തങ്‌സിരി കൊല്ലപ്പെട്ടതെന്നാണ് സൂചന. ഹോർമുസ് കടലിടുക്ക് അടച്ചതിന് അലിറേസ തങ്‌സിരിയാണ് ഉത്തരവാദിയെന്ന് ഇസ്രായേലി ഉദ്യോഗസ്ഥർ പറഞ്ഞിരുന്നു. അതേസമയം, ഇസ്രായേലി സൈനിക ആക്രമണത്തെക്കറിച്ചോ അലിറേസ തങ്‌സിരിയുടെ മരണത്തെക്കുറിച്ചോ ഇറാനിൽ നിന്ന് ഒരു പ്രസ്താവനയും ഉണ്ടായിട്ടില്ല.
2018 ഓഗസ്റ്റ് മുതൽ ഐആർജിസി നാവികസേനയുടെ കമാൻഡറായിരുന്നു തങ്‌സിരി . ഗൾഫിലെ, പ്രത്യേകിച്ച് ഹോർമുസ് കടലിടുക്കിന് ചുറ്റുമുള്ള ഇറാന്റെ നടപടികളിൽ നിർണ്ണായക പങ്കും തങ്‌സിരിയുടേതാണ് . ഫെബ്രുവരി 28 മുതൽ യുഎസും ഇസ്രായേലും നടത്തിയ ആക്രമണങ്ങളിൽ കൊല്ലപ്പെട്ട ഇറാന്റെ രാഷ്‌ട്രീയ, സൈനിക ഉന്നതരുടെ പട്ടികയിൽ തങ്‌സിരിയുടെ കൊലപാതകം കൂടി ഉൾപ്പെടും
കഴിഞ്ഞ ആഴ്ച, ഗൾഫ് രാജ്യങ്ങളിലെ യുഎസ് താവളങ്ങൾക്കെതിരെ പ്രതികാര ആക്രമണം നടത്തുമെന്ന് തങ്‌സിരി ഭീഷണിപ്പെടുത്തിയിരുന്നു. പ്രദേശത്തുനിന്ന് സാധാരണക്കാരും ഉദ്യോഗസ്ഥരും മാറിനിൽക്കണമെന്നും മുന്നറിയിപ്പ് നൽകിയിരുന്നു.