പ്രീമിയര്‍ ലീഗില്‍ വെസ്റ്റ് ഹാമിനെ തകര്‍ത്ത് ചെല്‍സിക്ക് സീസണില്‍ ആദ്യ ജയം. ഇന്നലെ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ അഞ്ച് ഗോളുകളിലൂടെയാണ് ചെല്‍സി ജയം ഉറപ്പിച്ചത്. ഒരു ഗോളും രണ്ടു അസിസ്റ്റുകളുമായി ജാവോ പെഡ്രോ മത്സരത്തില്‍ തിളങ്ങി നിന്നു. ബ്രസീലിയന്‍ താരം ലൂക്കാസ് പക്വറ്റയാണ് വെസ്റ്റ് ഹാമില്‍ ഗോള്‍ നേടിയത്.
മത്സരം തുടങ്ങുന്നതിന് മുമ്പ് സൂപ്പര്‍ താരം കോള്‍ പാല്‍മറിന് പരിക്കേറ്റതോടെ യുവ താരം എസ്റ്റാവോ വില്യന്‍ ആദ്യ ഇലവനില്‍ ഇടം പിടിച്ചു. ആറാം മിനിറ്റില്‍ ലൂക്കാസ് പക്വറ്റയിലൂടെ ആദ്യം മുന്നിലെത്തിയത് വെസ്റ്റ് ഹാമായിരുന്നു. 15ാം മിനിറ്റില്‍ ജാവോ പെഡ്രോയിലൂടെ ചെല്‍സി സമനില പിടിച്ചു. മിനിറ്റുകള്‍ക്കകം പെഡ്രോ നെറ്റോ ചെല്‍സിക്ക് ലീഡ് നല്‍കി. 34ാം മിനിറ്റില്‍ യുവ താരം എസ്റ്റാവോ നല്‍കിയ ക്രോസില്‍ കാലു വെച്ച് എന്‍സോ ഫെര്‍ണാണ്ടസ് ചെല്‍സിയുടെ ലീഡുയര്‍ത്തി.
രണ്ടാം പകുതിയില്‍ മൊയ്സിസ് കൈസെഡോ (54) ട്രെവോ ചാലോബ (58) എന്നിവര്‍ ചെല്‍സിയുടെ മറ്റു ഗോളുകള്‍ നേടി. എസ്റ്റാവോ വില്യനാണ് കളിയിലെ താരം.