ഇതോടെ സംസ്‌ഥാനത്തു പലയിടത്തും അപകടത്തില്‍പ്പെടുന്നവരെയുള്‍പ്പെടെ ആശുപത്രികളിലേക്കു മാറ്റാന്‍ സ്വകാര്യ ആംബുലന്‍സുകള്‍ തേടേണ്ട അവസ്‌ഥയായി.
തിരുവനന്തപുരം: ശമ്പളം മുടങ്ങിയതിനെത്തുടര്‍ന്ന് സംസ്‌ഥാനത്ത് 108 ആംബുലന്‍സ് ജീവനക്കാര്‍ സമരം തുടങ്ങി. ഒക്‌ടോബര്‍ അവസാനമായിട്ടും സെപ്‌റ്റംബറിലെ ശമ്പളം കിട്ടാതായതോടെയാണ് ജീവനക്കാര്‍ സി.ഐ.ടി.യുവിന്റെ ആഭിമുഖ്യത്തില്‍ സര്‍വീസ് നിര്‍ത്തിവച്ച് പ്രതിഷേധമാരംഭിച്ചത്.
ഇതോടെ സംസ്‌ഥാനത്തു പലയിടത്തും അപകടത്തില്‍പ്പെടുന്നവരെയുള്‍പ്പെടെ ആശുപത്രികളിലേക്കു മാറ്റാന്‍ സ്വകാര്യ ആംബുലന്‍സുകള്‍ തേടേണ്ട അവസ്‌ഥയായി. ഈ മാസംകൂടി കഴിയുന്നതോടെ രണ്ടുമാസത്തെ ശമ്പളം കുടിശികയാകുമെന്ന് ജീവനക്കാര്‍ പറയുന്നു. സര്‍ക്കാരിന്റെ സാമ്പത്തികപ്രതിസന്ധിയാണു ശമ്പളം മുടങ്ങാന്‍ കാരണമെന്നാണു റിപ്പോര്‍ട്ട്.
108 ആംബുലന്‍സിന്റെ നടത്തിപ്പുകമ്പനിക്ക് സര്‍ക്കാര്‍ 90 കോടിയോളം രൂപ നല്‍കാനുണ്ട്. ധനവകുപ്പ് ഈ തുക പാസാക്കിയിട്ടില്ല. പ്രതിസന്ധി പരിഹരിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നാണു ജീവനക്കാരുമായി ചര്‍ച്ച നടത്തിയ ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നത്.പദ്ധതിയുടെ നടത്തിപ്പുചുമതല ഹൈദരാബാദ് ആസ്‌ഥാനമായ സ്വകാര്യ സ്‌ഥാപനത്തിനാണ്. ഇവരാണു ജീവനക്കാര്‍ക്കു ശമ്പളം നല്‍കുന്നത്. സി.ഐ.ടി.യു പ്രതിനിധികളും സ്വകാര്യ കമ്പനി അധികൃതരും തമ്മില്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് സമരം ആരംഭിച്ചത്.
നവംബര്‍ ഒന്നിന് സെപ്‌റ്റംബറിലെ പകുതി ശമ്പളം നല്‍കാമെന്നും ബാക്കി ശമ്പളത്തെക്കുറിച്ച് പിന്നീടറിയിക്കാമെന്നും കരാര്‍ കമ്പനി പറഞ്ഞെന്നാണ് ജീവനക്കാര്‍ നല്‍കുന്ന സൂചന.
കഴിഞ്ഞദിവസം മുതല്‍ ഒരാശുപത്രിയില്‍നിന്ന് മറ്റൊരിടത്തേക്കുള്ള ഐ.എഫ്.ടി. കേസുകള്‍ എടുക്കാതെ ചിലയിടത്ത് ബി.എം.എസിന്റെ നേതൃത്വത്തില്‍ പ്രതിഷേധ സമരം ആരംഭിച്ചിരുന്നു.ഇതിനു പിന്നാലെയാണ് ഇന്നലെ രാവിലെ എട്ടുമണി മുതല്‍ സി.ഐ.ടി.യുവിന്റെ നേതൃത്വത്തില്‍ എല്ലാ ട്രിപ്പുകളും ഒഴിവാക്കി സമരം പ്രഖ്യാപിച്ചത്. എല്ലാ മാസവും ഏഴിനു മുന്‍പ് ശമ്പളം നല്‍കുമെന്നാണു വാഗ്‌ദാനമെന്നും ഇതു പലപ്പോഴും കമ്പനി പാലിക്കുന്നില്ലെന്നും ജീവനക്കാര്‍ ആരോപിക്കുന്നു.