കോഴിക്കോട്:ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ ജൂനിയര്‍ വിദ്യാര്‍ത്ഥികളെ റാഗ് ചെയ്‌തെന്ന പരാതിയെ തുടര്‍ന്ന് 11 എം ബി ബി എസ് വിദ്യാര്‍ത്ഥികള്‍ക്ക് സസ്‌പെന്‍ഷന്‍. അഞ്ചംഗ അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയാണ് നടപടി.
രണ്ടാം വര്‍ഷ എം ബി ബി എസ് വിദ്യാര്‍ത്ഥികളെയാണ് സസ്‌പെന്റ് ചെയ്തത്. തുടര്‍ നടപടി സ്വീകരിക്കാന്‍ അന്വേഷണ റിപ്പോര്‍ട്ട് പൊലീസിന് കൈമാറി.
മെഡിക്കല്‍ കോളേജ് ഹോസ്റ്റലില്‍ കഴിഞ്ഞ മാസം ഒന്നാം വര്‍ഷ എം ബി ബി എസ് വിദ്യാര്‍ത്ഥികളെ റാഗ് ചെയ്‌തെന്നായിരുന്നു പരാതി. രണ്ടാം വര്‍ഷ എം ബി ബി എസ് വിദ്യാര്‍ത്ഥികളായ പതിനൊന്ന് പേര്‍ മാനസികമായും ശാരീരികമായും ഉപദ്രവിച്ചെന്ന് കാട്ടി മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിനുള്‍പ്പെടെ വിദ്യാര്‍ത്ഥികള്‍ പരാതി നല്‍കുകയുണ്ടായി.
തുടര്‍ന്ന് സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ അനാട്ടമി വിഭാഗം മേധാവി ചെയര്‍മാനായി കമ്മിറ്റിക്കും രൂപം നല്‍കി. ഈ കമ്മറ്റിയുടെ റിപ്പോര്‍ട്ട് പ്രകാരമാണ് നടപടി സ്വീകരിച്ചിട്ടുളളത്. ഈ വിദ്യാര്‍ത്ഥികളുടെ രക്ഷാകര്‍ത്താക്കളെ കഴിഞ്ഞ ദിവസം കോളേജിലേക്ക് വിളിച്ചു വരുത്തിയിരുന്നു.