കേരളത്തില്‍ മാറ്റിപ്പാര്‍പ്പിക്കല്‍ ശാശ്വത പരിഹാരമല്ലെന്ന് വിദഗ്‌ധര്‍. പ്രകൃതി പ്രതിഭാസങ്ങളെ നേരിടാന്‍ ബദല്‍ മാര്‍ഗങ്ങള്‍ നോക്കാതെ അപകട മേഖലകളില്‍ തുടര്‍ന്നും താമസമൊരുക്കുകയാണ് സര്‍ക്കാരുകള്‍.
കൊച്ചി: വയനാട്ടിലെ ചൂരല്‍മല- മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്കു ടൗണ്‍ഷിപ്പിനായി എസ്‌റ്റേറ്റ് ഭൂമി ഏറ്റെടുക്കാന്‍ ഹൈക്കോടതി അനുമതി നല്‍കിയെങ്കിലും, പശ്‌ചിമഘട്ടത്തിലെ മുപ്പതിനായിരത്തോളം അപകടമേഖലകള്‍ സര്‍ക്കാരിനു മുന്നില്‍ ചോദ്യചിഹ്നമായി നില്‍ക്കുന്നു. 13,000 ഉരുള്‍പൊട്ടല്‍ മേഖലകളും 17,000 മലയിടിച്ചില്‍ പ്രദേശങ്ങളും കണ്ടെത്തിയിട്ടുള്ള കേരളത്തില്‍ മാറ്റിപ്പാര്‍പ്പിക്കല്‍ ശാശ്വത പരിഹാരമല്ലെന്ന് വിദഗ്‌ധര്‍.
പ്രകൃതി പ്രതിഭാസങ്ങളെ നേരിടാന്‍ ബദല്‍ മാര്‍ഗങ്ങള്‍ നോക്കാതെ അപകട മേഖലകളില്‍ തുടര്‍ന്നും താമസമൊരുക്കുകയാണ് സര്‍ക്കാരുകള്‍. കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ കേരള പശ്‌ചിമഘട്ടത്തില്‍ 400 വലിയ ഉരുള്‍ പൊട്ടലുകളും രണ്ടായിരത്തോളം ചെറിയ മലയിടിച്ചിലുകളും റിപ്പോര്‍ട്ട് ചെയ്‌തു. എണ്ണൂറോളം പേര്‍ക്കു ജീവന്‍ നഷ്‌ടമായി. ചുരുളിമല ദുരന്തത്തിന്റെയും മറ്റും കണക്കുകള്‍ മുഴുവന്‍ പുറത്തുവന്നിട്ടുമില്ല.
വിവിധ ദുരന്തങ്ങളിലായി കാണാതായ നാന്നൂറോളം പേരുടെ ശരീരം കണ്ടെടുക്കാനായിട്ടില്ല. പെട്ടിമുടി ദുരന്തത്തിലെ 90 പേര്‍ കാണാമറയത്താണ്.13 ജില്ലകളും അപകട മേഖലകളാണെന്നിരിക്കെ, അരലക്ഷം പേരെയെങ്കിലും കേരളത്തില്‍ മാറ്റിപാര്‍പ്പിക്കേണ്ടി വരും. തിരുവനന്തപുരത്തെ അമ്പൂരിയില്‍ 39 പേരുടെ ജീവനെടുത്ത ഉരുള്‍പൊട്ടല്‍ 2001-ലാണുണ്ടായത്. ഇന്നും ഇവിടെ മഴക്കാലം പേടിസ്വപ്‌നമാണ്. 2019-ല്‍ നിലമ്പൂര്‍ കവളപ്പാറയില്‍ മുത്തപ്പന്‍ കുന്നിടിഞ്ഞ് 59 പേര്‍ മരിച്ചു. 11 പേര്‍ കാണാമറയത്തായി.
വയനാട് പുത്തുമലയില്‍ പുനരധിവാസത്തേക്കാള്‍ കൃഷിഭൂമി നഷ്‌ടമായതാണ് ദുരന്തമായി മാറിയത്. തേയിലത്തോട്ട ഗ്രാമം വിസ്‌മൃതിയിലായി. നഷ്‌ടപരിഹാരത്തുക കിട്ടിയെങ്കിലും കര്‍ഷകരുടെ ജീവിതം താളം തെറ്റി. 60 കുടുംബങ്ങള്‍ക്കു ദേശം വിട്ടു പോകേണ്ടി വന്നു.
രാജു പോള്‍