
മലപ്പുറം: തൊടിയപുലത്ത് 14കാരിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. സംഭവത്തിൽ പെൺകുട്ടിയുടെ പതിനാറുകാരനായ ആൺസുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തുകയായിരുന്നു. കൈകൾ കൂട്ടിക്കെട്ടിയ നിലയിലായിരുന്നു മൃതദേഹം. കഴുത്ത് ഞെരിച്ചായിരുന്നു കൊലപാതകം.
ഇന്നുച്ചയോടെയാണ് കുട്ടിയുടെ മൃതദേഹം റെയിൽവേ ട്രാക്കിന് സമീപത്തെ കുറ്റിക്കാട്ടിൽ കണ്ടെത്തിയത്. ഇന്നലെ സ്‌കൂളിലേയ്‌ക്ക് പോയ കുട്ടി വീട്ടിൽ തിരിച്ചെത്തിയിരുന്നില്ല. കുട്ടി സ്‌കൂളിൽ നിന്ന് തിരികെ വരാത്തതിനാൽ അമ്മ കരുവാരകുണ്ട് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. തുടർന്ന് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.
സ്കൂളിന്റെ മുൻവശത്ത് കുട്ടി ബസിറങ്ങിയതായി പൊലീസ് സ്ഥിരീകരിച്ചെങ്കിലും പിന്നീട് എങ്ങോട്ടാണ് പോയതെന്നത് കണ്ടെത്താനായില്ല. കുട്ടിക്ക് പ്രായപൂർത്തിയാകാത്ത ആൺകുട്ടിയുമായി അടുപ്പമുണ്ടായിരുന്നതായി പൊലീസ് അന്വേഷണത്തിൽ മനസിലാക്കിയിരുന്നു. ഈ കുട്ടിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് കുറ്റം തെളിഞ്ഞത്. സംഭവത്തിൽ അന്വേഷണം വ്യാപിപ്പിച്ചതായി പൊലീസ് അറിയിച്ചു.