
മാനന്തവാടി: വയനാട് പുല്‍പ്പള്ളിയില്‍ സ്‌കൂള്‍ വിദ്യാര്‍ഥിക്ക് നേരെ ആസിഡ് ആക്രമണം. കണ്ണിനടക്കം ഗുരുതരമായ പരിക്കുകളൊടെ പ്രിയദര്‍ശിനി ആദിവാസി കോളനിയിലെ 14 വയസുകാരി ആശുപത്രിയിൽ ചികിത്സയിൽ. സംഭവത്തില്‍ അയല്‍വാസിയായ രാജു ജോസ് (55) എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.
മണികണ്ഠന്റെ മകൾ മഹാലക്ഷ്മിയാണ് ആസിഡ് ആക്രമണത്തിനിരയായത്. കുട്ടിയുടെ സ്റ്റുഡന്റ് പോലീസ് യൂണിഫോം പ്രതി ആവശ്യപ്പെട്ടിരുന്നു. ഇത് നല്‍കാത്തതില്‍ പ്രകോപിതനായാണ് ഇയാള്‍ ആക്രമണം നടത്തിയതെന്നാണ് സൂചന. നിലവിളികേട്ട് ഓടിയെത്തിയ സമീപവാസികളാണ് പെൺകുട്ടിയെ ആശുപത്രിയിലെത്തിച്ചത്. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ ആദ്യം വയനാട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
പ്രതിയെ പുൽപ്പള്ളി പൊലീസ് കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്ത് വരികയാണ്. സംഭവത്തെക്കുറിച്ച് കൂടുതൽ വ്യക്തത വരുന്നതേയുളള്ളൂവെന്ന് പൊലീസ് അറിയിച്ചു. വേലിയമ്പം ദേവീവിലാസം വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിലെ എട്ടാംക്ലാസ് വിദ്യാർഥിനിയായ മഹാലക്ഷ്മി സ്‌കൂൾവിട്ട് വീട്ടിലെത്തിയസമയത്താണ് പ്രതി ആസിഡ് ആക്രമണം നടത്തിയത്.