• Fri. Oct 3rd, 2025

24×7 Live News

Apdin News

14 വര്‍ഷത്തിന് ശേഷം ഇന്ത്യയില്‍ മെസ്സി; ‘ഗോട്ട് ടൂര്‍ 2025’ പ്രഖ്യാപിച്ചു – Chandrika Daily

Byadmin

Oct 3, 2025


ബ്യൂണസ് അയേഴ്സ്: ഏറെ പ്രതീക്ഷയോടെ ഫുട്‌ബോള്‍ ആരാധകര്‍ കാത്തിരിക്കുന്ന ‘ഗോട്ട് ടൂര്‍ ഓഫ് ഇന്ത്യ 2025’ല്‍ അര്‍ജന്റീനിയന്‍ ഇതിഹാസം ലയണല്‍ മെസ്സി പങ്കെടുക്കും. 14 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യ സന്ദര്‍ശിക്കുന്നതിനെ മെസ്സി വലിയൊരു ബഹുമതിയായാണ് വിശേഷിപ്പിച്ചത്.

‘ഇങ്ങനെയൊരു യാത്ര എനിക്ക് ലഭിക്കുന്നത് ബഹുമതിയാണ്. ഇന്ത്യ ഫുട്‌ബോളിനോടുള്ള അഭിനിവേശം നിറഞ്ഞ രാജ്യമാണ്. ആരാധകരുമായി സ്നേഹവും ഓര്‍മ്മകളും പങ്കിടാനും പുതിയ തലമുറയെ കാണാനും ആഗ്രഹിക്കുന്നു. 14 വര്‍ഷം മുമ്പുള്ള അനുഭവങ്ങള്‍ ഇന്നും മനസ്സില്‍ തഴുകിക്കിടക്കുന്നു,’ മെസ്സി പറഞ്ഞു.

ഡിസംബര്‍ 13ന് കൊല്‍ക്കത്തയില്‍ നിന്നാരംഭിച്ച് മെസ്സി അഹമ്മദാബാദ്, മുംബൈ, ഡല്‍ഹി നഗരങ്ങളിലേക്ക് പര്യടനം തുടരും. ഡിസംബര്‍ 15ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ചയോടെ യാത്ര അവസാനിക്കും. കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ നടക്കുന്ന ‘ഗോട്ട് കോണ്‍സേര്‍ട്ട്’, ‘ഗോട്ട് കപ്പ്’ എന്നിവയില്‍ മെസ്സി പങ്കെടുക്കും. സൗരവ് ഗാംഗുലി, ബൈച്ചുങ് ബൂട്ടിയ, ലിയാന്‍ഡര്‍ പേസ് തുടങ്ങിയ ഇന്ത്യന്‍ ഇതിഹാസങ്ങളോടൊപ്പം കളിക്കളത്തിലിറങ്ങുമെന്നാണ് സൂചന.

പര്യടനത്തില്‍ സംഗീത പരിപാടികള്‍, മീറ്റ് ആന്‍ഡ് ഗ്രീറ്റ്, ഭക്ഷ്യമേളകള്‍, ഫുട്‌ബോള്‍ മാസ്റ്റര്‍ക്ലാസുകള്‍, മുംബൈയിലെ ബ്രാബോണ്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ‘പാഡല്‍ എക്സിബിഷന്‍’ തുടങ്ങിയവ ഉള്‍പ്പെടും. ഷാരൂഖ് ഖാന്‍, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, എം.എസ്. ധോണി, ബോളിവുഡ് താരങ്ങള്‍ എന്നിവര്‍ പങ്കെടുക്കുന്ന വന്‍ സെലിബ്രിറ്റി ഷോയും നടക്കും.

കൊല്‍ക്കത്തയില്‍ 25 അടി ഉയരമുള്ള മെസ്സിയുടെ ചുവര്ചിത്രവും ഇതുവരെയുള്ളതില്‍ വച്ച് ഏറ്റവും വലിയ പ്രതിമയും അനാച്ഛാദനം ചെയ്യാന്‍ സംഘാടകര്‍ ഒരുങ്ങുന്നു. ടിക്കറ്റുകള്‍ 3,500 രൂപ മുതല്‍ ലഭ്യമാകും.

2011ല്‍ സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ വെനിസ്വേലയെതിരെ ‘ഫിഫ’ സൗഹൃദ മത്സരം കളിച്ചതിന് ശേഷമുള്ള മെസ്സിയുടെ ആദ്യ ഇന്ത്യാ സന്ദര്‍ശനമാണിത്. സുരക്ഷാ ക്രമീകരണങ്ങള്‍ അതുല്യമായിരിക്കും.

അതേസമയം, നവംബര്‍ 10 മുതല്‍ 18 വരെ കേരളത്തില്‍ അര്‍ജന്റീന സൗഹൃദ മത്സരത്തിന് ഒരുങ്ങുകയാണ്. എതിരാളികളെ സംബന്ധിച്ച തീരുമാനം പിന്നീട് പ്രഖ്യാപിക്കും. ഈ സന്ദര്‍ശനം നടക്കുകയാണെങ്കില്‍ മെസ്സി രണ്ട് മാസത്തിനുള്ളില്‍ രണ്ടുതവണ ഇന്ത്യയിലെത്തും.



By admin