ഛത്തീസ്ഗഡില്‍ ഒരു കോടി രൂപ തലയ്ക്ക് പാരിതോഷികം ഇട്ടിരുന്ന ഒരു മാവോയിസ്റ്റ് നേതാവ് ഉള്‍പ്പെടെ 14 മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചതായി അധികൃതര്‍ അറിയിച്ചു. ഗാരിയബന്ദ് ജില്ലയിലായിരുന്നു മാവോയിറ്റുകളും സുരക്ഷാ സേനയുമായുള്ള പോരാട്ടം.
ഛത്തീസ്ഗഡ്-ഒഡീഷ അതിര്‍ത്തിയിലെ മെയിന്‍പൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ വനത്തില്‍ തിങ്കളാഴ്ച രാത്രി വൈകിയും ചൊവ്വാഴ്ച പുലര്‍ച്ചെയുമായി നടന്ന വെടിവയ്പ്പിലാണ് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരില്‍ ഒരുകോടി രൂപ ഇനാം പ്രഖ്യാപിച്ചിരുന്ന കേന്ദ്ര കമ്മിറ്റി അംഗമായ ചലപതി എന്ന ജയറാമും ഉള്‍പെടുന്നു. ഒരു സെല്‍ഫ് ലോഡിംഗ് റൈഫിള്‍ ഉള്‍പ്പെടെയുള്ള വലിയ തോക്കുകളും വെടിക്കോപ്പുകളും ഐഇഡികളും ഏറ്റുമുട്ടല്‍ സ്ഥലത്ത് നിന്ന് കണ്ടെടുത്തതായി ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ഒഡീഷയിലെ നുവാപദ ജില്ലയുടെ അതിര്‍ത്തിയില്‍ നിന്ന് 5 കിലോമീറ്റര്‍ മാത്രം അകലെയുള്ള ഛത്തീസ്ഗഡിലെ കുളാരിഘട്ട് റിസര്‍വ് വനത്തില്‍ മാവോയിസ്റ്റുകളുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഓപ്പറേഷന്‍.