കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 17ാമത് ഐ.ഡി.എസ്.എഫ്.എഫ്.കെയുടെ (IDSFFK) ഉദ്ഘാടന ചിത്രമായി പലസ്തീന്‍ ചിത്രം ‘ഫ്രം ഗ്രൗണ്ട് സീറോ’ പ്രദര്‍ശിപ്പിക്കും. ഇസ്രായേലിന്റെ നിഷ്ഠുരമായ അധിനിവേശത്തില്‍ ഞെരിഞ്ഞമരുന്ന ഗാസയിലെ ജനജീവിതത്തിന്റെ മുറിവുകളും ചെറുത്തുനില്‍പ്പിന്റെ കാഴ്ചകളുമാണ് 22 പലസ്തീന്‍ സംവിധായകരുടെ സംരംഭമായ ഈ ചിത്രം. 2025 ആഗസ്റ്റ് 22ന് വൈകിട്ട് ആറു മണിക്ക് മേളയുടെ ഉദ്ഘാടനച്ചടങ്ങിനുശേഷം കൈരളി തിയേറ്ററിലാണ് പ്രദര്‍ശനം.
2023 ഒക്ടോബര്‍ മുതല്‍ ഗാസയില്‍ നടന്നുവരുന്ന വംശഹത്യക്കു പിന്നിലെ അറിയപ്പെടാത്ത കഥകള്‍ പകര്‍ത്തുന്ന ഡോക്യുമെന്ററികളും ഹ്രസ്വചിത്രങ്ങളും അനിമേഷന്‍ ചിത്രങ്ങളുമടങ്ങിയതാണ് ഈ ആന്തോളജി. 1994ല്‍ ‘കര്‍ഫ്യൂ’ എന്ന ചിത്രത്തിലൂടെ കാന്‍ ചലച്ചിത്രമേളയില്‍ യുനെസ്‌കോ അവാര്‍ഡ് നേടിയ റഷീദ് മഷറാവിയാണ് ഈ ചലച്ചിത്രസമാഹാരം ഒരുക്കിയിരിക്കുന്നത്.
ഗാസയിലെ പലസ്തീന്‍ ചലച്ചിത്രകാരന്മാര്‍ക്ക് ധനസഹായം അനുവദിക്കുന്ന ‘ദ മഷറാവി ഫണ്ട്’ എന്ന പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ച ഈ ചിത്രം 2024ലെ ടൊറന്റോ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ഔദ്യോഗിക വിഭാഗത്തില്‍ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. രൂക്ഷമായ ജീവിതയാഥാര്‍ഥ്യങ്ങള്‍ക്കിടയിലും ഗാസയിലെ ചലച്ചിത്രരംഗം സജീവമാണ് എന്ന് തെളിയിക്കുകയാണ് ഈ സംരംഭം.