• Thu. Oct 10th, 2024

24×7 Live News

Apdin News

(1946 ആശ്വിന ശുക്ലപക്ഷ ദശമി. 1200 കന്നി 27 ഞായര്‍ -2024 ഒക്‌ടോബര്‍ 13)

Byadmin

Oct 10, 2024


വരാത്രി ഭാരതത്തില്‍ ഉടനീളം ആഘോഷിക്കപ്പെടുന്ന ഉത്സവമാണ്. നവരാത്രി വ്രതാനുഷ്ഠാനശേഷം ദശമി ദിവസം പ്രാരംഭംകുറിക്കുന്ന കര്‍മ്മങ്ങള്‍ വിജയത്തില്‍ കലാശിക്കുന്നുവെന്നതിനാല്‍ ഈ ദശമി(കന്നിമാസത്തിലെ ശുക്ലപക്ഷ ദശമി) വിജയ ദശമി എന്ന പേരില്‍ സുപ്രസിദ്ധമാണ്. പത്തു ദിവസം നീണ്ടുനില്‍ക്കുന്ന ഈ വ്രതസാധന ‘ദശഹര’ അഥവാ ‘ദസറ’ എന്നും അറിയപ്പെടുന്നു.

ഈ ആചാരത്തിന് വ്യക്തിഗതമായും (ആരോഗ്യ സംബന്ധമായും) സാമൂഹികമായും, സംഘടനാപരമായും പ്രാധാന്യമുണ്ട്.

വ്യക്തിഗത പ്രാധാന്യം

ശരത് ഋതുവിന്റേയും(മേടം) വസന്ത ഋതുവിന്റെയും(തുലാം) ആരംഭത്തില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത് സ്വാഭാവികമാണ്. ‘പൊടി’ ‘ചേറാ’കുമ്പോഴും (മഴക്കാലം തുടങ്ങുമ്പോള്‍) ചേറു പൊടിയാകുമ്പോഴും (മഴക്കാല അവസാനം) പ്രകൃതിയില്‍ പെട്ടെന്നു പരിവര്‍ത്തനം സംഭവിക്കുന്നു. ഇതു ശരീരത്തിലെ പ്രതിരോധ ശക്തിയെ ക്ഷീണപ്പിക്കുന്നതിനാല്‍ ഇതിനെ ‘കാലദംഷ്‌ട്രകള്‍’ എന്നാണ് പൂര്‍വ്വികര്‍ വിശേഷിപ്പിച്ചിരുന്നത്. അതിനാല്‍ വ്രതശുദ്ധികൊണ്ട് ശരീരപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുവാന്‍ ഈ ആചാരം ജീവിതത്തിന്റെ ഭാഗമാക്കി. വ്രതത്തിലൂടെ ശരീര മനോബുദ്ധികള്‍ സുദൃഢമായാല്‍ കര്‍മ്മവിജയം സുനിശ്ചിതമാണ്. അതിനാല്‍ വിജയദശമി ശുഭാരംഭ സുദിനമായി പരിഗണിക്കപ്പെട്ടു. ശ്രീരാമചന്ദ്രന്‍ യുദ്ധ യാത്ര പുറപ്പെട്ടതും വിജയദശമി ദിവസമാണ്.

സാമൂഹിക പ്രാധാന്യം

ദുര്‍ഗ്ഗാദേവിയുമായി ബന്ധപ്പെട്ടാണ് നവരാത്രി പൂജ നടത്തിവരാറുള്ളത്. മഹിഷാസുരനെന്ന ദുഷ്ടശക്തി, വരലാഭത്താല്‍ അജയ്യനായി ലോകോപദ്രവം നടത്തിവന്നു. സ്ത്രീശക്തിക്കല്ലാതെ മറ്റൊരു ശക്തിക്കും അവനെ വധിക്കാന്‍ സാധിക്കാത്ത വിധത്തിലായിരുന്നു വരബലം. പലരും മഹിഷാസുരനുമായി ഏറ്റുമുട്ടിയെങ്കിലും പരാജിതരായി പിന്‍വാങ്ങി.

ഋഷിമാരും ദേവന്മാരും ത്രിമൂര്‍ത്തികളും കൂടിയാലോചിച്ച് ഒരു പോംവഴി കണ്ടെത്തി. ഒറ്റക്ക് പരാജയപ്പെട്ടിടത്ത് സംഘടിച്ച് വിജയം വരിക്കുക എന്നതാണ് പോംവഴിയായി തീരുമാനിച്ചത്. സഹസ്രഭുജയായ ദുര്‍ഗ്ഗയെ ബ്രഹ്മാവ് സൃഷ്ടിച്ചു. ദേവകള്‍ അവരവരുടെ ബലവീര്യങ്ങള്‍ താന്താങ്ങളുടെ ആയുധരൂപത്തില്‍ ദേവിക്കു സമര്‍പ്പിച്ചു. ഇതാണ് നവരാത്രി നാളിലെ ആയുധപൂജയുടെ രഹസ്യം. അധര്‍മ്മശക്തിയെ സംഘടിത ശക്തികൊണ്ട് കീഴ്‌പ്പെടുത്തുക!

സംഘടനാ പ്രാധാന്യം

രാഷ്‌ട്രീയ സ്വയംസേവക സംഘത്തെ സംബന്ധിച്ച് വിജയദശമി ജന്മദിനമാണ്. അടുത്ത വര്‍ഷത്തെ വിജയദശമി സംഘത്തിന്റെ നൂറാം പിറന്നാളാണ്! മുന്‍വര്‍ഷത്തെ ഫലസിദ്ധികള്‍ വിലയിരുത്താനും അടുത്തവര്‍ഷത്തെ ഫലപ്രാപ്തി ലക്ഷ്യം വയ്‌ക്കാനും ഓരോ ജന്മദിനവും പ്രയോജനപ്പെടുന്നു. ഓരോ വര്‍ഷവും വിദൂര ലക്ഷ്യത്തെ, സമീപ ലക്ഷ്യമാക്കി മാറ്റുവാനുള്ള മുഹൂര്‍ത്തമായി നാം പരിഗണിക്കുന്നു. അതിനാല്‍ ലക്ഷ്യത്തെ പുനഃസ്മരിക്കുകയും, മാര്‍ഗ്ഗത്തെ സുദൃഢമാക്കുകയുമാണ് സംഘത്തിലെ വിജയദശമി ആഘോഷം. ലക്ഷ്യം രാഷ്‌ട്രത്തിന്റെ പരമവൈഭവ സ്ഥിതിയും മാര്‍ഗ്ഗം അതു സാധിച്ചെടുക്കാനുള്ള കാര്യകര്‍ത്താക്കളെ സൃഷ്ടിച്ചെടുക്കലുമാണ്. ഈ പ്രവര്‍ത്തനം ഈശ്വരീയ കാര്യമാണെന്ന് ഡോക്ടര്‍ജി നമ്മെ ഓര്‍മ്മിപ്പിക്കാറുണ്ടായിരുന്നു.

ഇതു ഹിന്ദു രാഷ്‌ട്രമാണെന്നും ഹിന്ദു രാഷ്‌ട്രത്തിന്റെ ഭാഗധേയം തദ്ദേശ സന്തതികളായ ഹിന്ദുക്കളിലാണെന്ന് ഡോക്ടര്‍ജി കാണുകയും വിശ്വസിക്കുകയും മറ്റുള്ളവരെ ബോധ്യപ്പെടുത്തുകയും ചെയ്തു. നിര്‍ഭയമായി സത്യത്തെ കാണുകയും അംഗീകരിക്കുകയും ചെയ്യുന്ന സമൂഹത്തെ മാത്രമേ ലോകം ആദരിക്കുകയും വിശ്വസിക്കുകയും ചെയ്യൂ. മാത്രമല്ല ദുര്‍ബലന്റെ വേദാന്ത തത്ത്വങ്ങള്‍ ബധിരകര്‍ണ്ണങ്ങളിലെ പാഴ്‌വാക്കായി മാറുകയും ചെയ്യും. ശക്തിക്കൊപ്പമുള്ള യുക്തിയും യുക്തിക്കൊപ്പമുള്ള ശക്തിയുമാണ് ഇന്ന് ലോകത്തിന് ആവശ്യം.

ഒരുകാലത്ത് ലോകം, പ്രത്യേകിച്ചും പാശ്ചാത്യലോകം, ഉപജീവനത്തിന് ഊരുചുറ്റുന്ന സ്വഭാവക്കാരായിരുന്നു. പുതിയ പുതിയ കോളനികളും താമസസ്ഥലങ്ങളും കണ്ടെത്തല്‍ അവരുടെ ജീവിതശൈലിയായി. ആയുധശക്തിയും കൈയൂക്കും ദുര്‍ബലരെ ചൂഷണം ചെയ്യാനുള്ള അവകാശമായി അവര്‍ കരുതി. ‘ഉള്ളവനും’ ‘ഇല്ലാത്തവനും’ തമ്മില്‍ നിരന്തര സംഘര്‍ഷം കളിയാടി. എന്നാല്‍ ‘ഉള്ളവന്‍ ഇല്ലാത്തവനു തുണയേകണം’ എന്ന ഭാരതീയ ആപ്തവാക്യം ഇന്നു ലോകത്ത് പുനര്‍ചിന്തനത്തിനു കളമൊരുക്കിയിരിക്കുന്നു. ശാന്തിക്കും സമാധാനത്തിനും പ്രശ്‌നപരിഹാരങ്ങള്‍ക്കും ഇന്നു ലോകം ഭാരതത്തെ ആശ്രയിക്കുകയും പ്രതീക്ഷിക്കുകയും ചെയ്യുന്നു.

ഈ സമയത്ത് സംഘത്തിന് ‘ഇന്ത്യക്കാരോടു’പറയാനുള്ളത് നാം ആദ്യം ‘ഭാരതീയ’രാവുക അതിനുശേഷം ‘കൃണ്വന്തോ വിശ്വമാര്യം’ എന്ന ഋഷി വചനം സത്യമാക്കിത്തീര്‍ക്കുക എന്നതാണ്.
(തുടരും)

(കുടുംബ പ്രബോധന്‍ സംസ്ഥാന ഗണാംഗം ആണ് ലേഖകന്‍-9447072564)



By admin