പത്തനംതിട്ട: രാസ പ്രക്രിയയെ കാലങ്ങളോളം അതിജീവിക്കാന്‍ കഴിയും വിധമാണ് വിജയ് മല്യ 1998ല്‍ ശബരിമല ശ്രീകോവില്‍ സ്വര്‍ണം പൊതിഞ്ഞതെന്ന് ഈ രംഗത്ത് വര്‍ഷങ്ങളുടെ പരിചയമുള്ള സെന്തില്‍ നാഥന്‍. ശബരിമല ശ്രീകോവില്‍ സ്വര്‍ണം പൊതിഞ്ഞ ശേഷം ഗര്‍ഭഗൃഹത്തില്‍ ഉണ്ടായ ചോര്‍ച്ച പരിഹരിച്ചത് സെന്തില്‍ നാഥനാണ്.
വെയിലും മഴയും ഏല്‍ക്കാതെ അടച്ചുറപ്പുള്ള മുറിയില്‍ സ്വര്‍ണം പൊതിഞ്ഞ വസ്തു സൂക്ഷിച്ചാല്‍ അത് അനന്തമായി നിലനില്‍ക്കും. എന്നാല്‍ ശ്രീകോവില്‍ തുറസായ സ്ഥലത്തായതിനാല്‍ രാസ പ്രക്രിയയ്‌ക്കു സാധ്യതയുണ്ട്. നിത്യവും വിരല്‍ സ്പര്‍ശമേറ്റാലും പക്ഷികളുടെ വിസര്‍ജ്യം വീണാലും രാസ പ്രക്രിയ സംഭവിക്കാം. എന്നാല്‍ കേവലം 28 വര്‍ഷത്തിനുള്ളില്‍ സ്വര്‍ണം പൂര്‍ണമായി നഷ്ടപ്പെടാന്‍ സാധ്യതയൊന്നുമില്ലെന്ന് സെന്തില്‍ നാഥന്‍ ഉറപ്പിച്ചുപറയുന്നു.
ശബരിമലയില്‍ ആറ് മുതല്‍ 10 വരെ മൈക്രോണ്‍ കനത്തിലാണ് മെര്‍ക്കുറി ഉപയോഗിച്ച് അമാല്‍ഗമേഷന്‍ പ്രക്രിയയിലൂടെ ചെമ്പുപാളികളില്‍ സ്വര്‍ണം പൊതിഞ്ഞത്. പേസ്റ്റ് രൂപത്തില്‍ സ്വര്‍ണ മിശ്രിതം പൊതിഞ്ഞ പാളികള്‍ 140 ഡിഗ്രിയില്‍ ചൂടാക്കുമ്പോള്‍ മെര്‍ക്കുറി ബാഷ്പീകരിച്ച് ശുദ്ധസ്വര്‍ണം ചെമ്പുപാളിയുമായി സംയോജിക്കും. ഇങ്ങനെ സ്വര്‍ണം സംയോജിപ്പിച്ചു കഴിഞ്ഞാല്‍ ചുരണ്ടിയെടുക്കാനോ കൈ കൊണ്ട് സ്വര്‍ണപ്പാളി ഇളക്കിയെടുക്കാനോ കഴിയില്ല. എന്നാല്‍, രാസ പ്രക്രിയയിലൂടെ സ്വര്‍ണം വീണ്ടും വേര്‍തിരിച്ചെടുക്കാന്‍ കഴിയുമെന്നും അദ്ദേഹം പറയുന്നു.
ഇത്തരത്തില്‍ സ്വര്‍ണം പൊതിഞ്ഞ പാളികളാണ് ചെന്നൈയിലേക്ക് കൊണ്ടുപോയത്. തങ്കം പൂശി ക്ലിയര്‍കോട്ട് അടിച്ച പാളികള്‍ക്ക് 40 വര്‍ഷത്തെ ഗാരന്റിയാണ് സ്മാര്‍ട്ട് ക്രിയേഷന്‍സ് ഉറപ്പുനല്കുന്നത്. എന്നാല്‍ സ്വര്‍ണം പൊതിഞ്ഞതോ പൂശിയതോ ആയ വസ്തുക്കള്‍ക്കു മീതെ വീണ്ടും പ്ലേറ്റിങ് നടക്കില്ലെന്നും സ്മാര്‍ട്ട് ക്രിയേഷന്‍സ് പറയുന്നു. തങ്ങളുടെ പക്കല്‍ ലഭിച്ചത് പുതിയ ചെമ്പുപാളികളാണെന്നും അവര്‍ തുടരുന്നു. അങ്ങനെയാണെങ്കില്‍പ്പോലും 40 വര്‍ഷം ഗാരന്റിയുള്ള പ്ലേറ്റിങ് എങ്ങനെയാണ് വെറും അഞ്ചു വര്‍ഷം കൊണ്ട് ചെമ്പുതെളിഞ്ഞതെന്ന ചോദ്യം പ്രസക്തമാണ്.
ഗാരന്റി പാലിക്കാന്‍ കമ്പനിക്ക് കഴിയാഞ്ഞത് പൂശിയ സ്വര്‍ണത്തിന്റെ നിലവാരത്തില്‍ സംശയമുയര്‍ത്തുന്നു. അപ്പോള്‍ ദുരൂഹത വര്‍ദ്ധിക്കുകയാണ്.