
പുല്ലാട്: വള്ളിക്കാലായില്‍ അജയകുമാര്‍ വല്യുഴത്തിലിന്റെ നേതൃത്വത്തില്‍ നടന്ന കരനെല്ല് കൃഷിയുടെ കൊയ്ത്തുല്‍സവം കോയിപ്രം പഞ്ചായത്ത് പ്രസിഡന്റ് പി. സുജാത ഉദ്ഘാടനം ചെയ്തു. കാല്‍ നൂറ്റാണ്ടായി കാടുപിടിച്ചു കിടന്ന കരഭൂമിയില്‍ ഔഷധ ഗുണമുള്ള നൂറുമേനി നെല്ലാണ് വിളയിച്ചത്. വള്ളിക്കാല ജങ്ഷന് സമീപം തയ്യാറാക്കിയ കൃഷിയിടത്തില്‍ 20 അടി നീളവും 40 അടി വീതിയുമുള്ള യേശുദേവന്റെ പൂര്‍ണ്ണരൂപം വിവിധ നിറത്തിലുള്ള നെല്‍ച്ചെടികള്‍ കൊണ്ട് രൂപം കൊടുത്തിരുന്നു.
ധാരാളം ആളുകള്‍ ചെടിയില്‍ തീര്‍ത്ത യേശുദേവന്റെ രൂപം കാണുവാനായി ദിവസവും ഇവിടെ എത്തിയിരുന്നു. ജപ്പാന്‍ വയലറ്റ് എന്ന നെല്ലിനമാണ് ഇതിനായി ഉപയോഗിച്ചത്. അഖില്‍ ആറന്മുളയാണ് യേശുദേവന്റെ രൂപം നെല്‍ച്ചെടികളാല്‍ രൂപപ്പെടുത്തിയെടുത്തത്. കഴിഞ്ഞ നവംബറില്‍ കാല്‍ നൂറ്റാണ്ടായി കാടുപിടിച്ചു കിടന്ന ഒരേക്കര്‍ പുരയിടം രണ്ടാഴ്ചത്തെ പരിശ്രമം കൊണ്ടാണ് നെല്ല് വിതയ്ക്കാനായി തയ്യാറാക്കിയെടുത്തത്.
നെല്‍കൃഷിയില്‍ നിരവധി പുരസ്‌കാരങ്ങള്‍ നേടിയ പ്രമുഖ കര്‍ഷകന്‍ സുനില്‍കുമാര്‍ ആറന്മുളയാണ് കൃഷിയില്‍ അദ്ദേഹത്തിന് വേണ്ട പിന്തുണ നല്‍കിയത്. തണലില്‍ വളരുന്നതും വരള്‍ച്ചയെ ചെറുക്കാന്‍ കഴിയുന്നതുമായ 15 തരത്തില്‍ ഔഷധഗുണങ്ങള്‍ ഉള്ള നെല്‍വിത്തുകളാണ് ഇവിടെ വിതച്ചത്. മണിപ്പൂര്‍, ആസാം, ബംഗാള്‍, ഗുജറാത്ത്, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നാണ് നെല്‍കൃഷിക്ക് ആവശ്യമായ 85 കിലോ വിത്ത് ശേഖരിച്ചത്. പഴയകാല ഞവര, കറുത്തയരി, കൊടുകണ്ണി, രക്തശാലി, തമിഴ്‌നാടിന്റെ പച്ചരി, ഗുജറാത്തിന്റെ നാസര്‍ബത്ത് തുടങ്ങിയ ഇനങ്ങളാണ് ഇവിടെ കൃഷി ചെയ്തത്. നെല്‍കൃഷിക്ക് സാധാരണയായി വെള്ളം ധാരാളം ആവശ്യമാണ്.
ഇവിടെ കരനെല്‍ കൃഷി ഒരു പരീക്ഷണശാല കൂടിയായിരുന്നു. മഴ കുറവുള്ളപ്പോള്‍ വേനലില്‍ എങ്ങനെ കൃഷി ചെയ്യാം എന്നു കൂടിയാണ് ഇവിടെ പരീക്ഷിച്ചത്. സ്പ്രിംഗര്‍ ഉപയോഗിച്ച് ആഴ്ചയില്‍ ഒരു ദിവസമാണ് നെല്‍ചെടികള്‍ നനച്ചത്. വിവിധയിനങ്ങള്‍ 10 ദിവസത്തെ ഇടവേളകളിലായിട്ടാണ് പരമ്പരാഗത രീതിയില്‍ വിത്തിട്ടത്.
കലപ്പ കൊണ്ട് നിലം പൂട്ടുന്നതുപോലെ പൂട്ടിയിട്ട് വിത്തെറിഞ്ഞാണ് നെല്ല് കിളിപ്പിച്ചത്. 90 മുതല്‍ 145 ദിവസംകൊണ്ട് വിളവെടുക്കുന്ന ഇനങ്ങളാണ് എല്ലാം. ഒരുപോലെ നെല്ല് കൊയ്‌തെടുക്കുന്നതിന് വേണ്ടിയാണ് വിത്തിടുന്നതില്‍ ഇടവേളകള്‍ വേണ്ടിവന്നത്. നെല്ല് കതിരിടുന്നതിന് മുമ്പ് ആഴ്ചയില്‍ രണ്ട് പ്രാവശ്യം വീതം നനച്ചിരുന്നു.
നാടന്‍ പശുവിന്റെ ചാണകപ്പൊടിയും കൊന്നയിലയും വട്ടയിലയും കൂടി മിശ്രിതമാക്കി 45 ദിവസം സൂക്ഷിച്ചതിന് ശേഷമാണ് വളമായിട്ട് ഉപയോഗിച്ചത്. തികച്ചും ജൈവ രീതിയിലുള്ള കൃഷി രീതികളാണ് ഇവിടെ അവലംബിച്ചത്. പാടശേഖരങ്ങളില്‍ നെല്‍കൃഷി ചെയ്യുമ്പോള്‍ ലഭിക്കുന്ന വിളവു തന്നെയാണ് ഇവിടെയും ലഭിച്ചത്. 2007-ല്‍ പാറപ്പുറത്ത് മണ്ണിട്ട് അതില്‍ നെല്ല് വിളയിച്ചെടുക്കുന്നതിലും അജയകുമാര്‍ വിജയിച്ചിരുന്നു.