ഓസ്‌ട്രേലിയക്കെതിരെയുള്ള മൂന്ന് ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ 67 റൺസിന്റെ വമ്പൻ വിജയമാണ് സൗത്ത് ആഫ്രിക്ക സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത സൗത്ത് ആഫ്രിക്ക 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 297 റൺസാണ് നേടിയത്. വിജയലക്ഷ്യം പിന്തുടർന്ന ഓസ്ട്രേലിയ 41.2 ഓവറിൽ 230 റൺസിന് പുറത്തായി.
ആദ്യ മത്സരം പരാജയപ്പെട്ടെങ്കിലും ഓസീസ് നായകൻ മിച്ചൽ മാർഷിന്റെ പോരാട്ടം ഏറെ ശ്രദ്ധിക്കപ്പെട്ടു. 36 പന്തിൽ 60 റൺസ് നേടിയാണ് മാർഷ് തിളങ്ങിയത്. ഏകദിനത്തിൽ ടി-20 മോഡിലായിരുന്നു മാർഷിന്റെ വെടിക്കെട്ട്. 5 ഫോറുകളും 6 സിക്സുകളും അടങ്ങുന്നതായിരുന്നു മാർഷിന്റെ ഇന്നിങ്സ്.
166.66 സ്ട്രൈക്ക് റേറ്റിൽ ബാറ്റ് വീശിയ മാർഷ് ക്യാപ്റ്റനെന്ന നിലയിൽ ഒരു വമ്പൻ റെക്കോഡും സ്വന്തമാക്കിയാണ് കളംവിട്ടത്. ഏകദിനത്തിൽ 50+ റൺസിൽ ഒരു ഓസ്‌ട്രേലിയൻ ക്യാപ്റ്റന്റെ ഏറ്റവും മികച്ച നാലാമത്തെ സ്ട്രൈക്ക് റേറ്റ് ആണിത്.
2016ൽ മുൻ നായകൻ സ്റ്റീവ് സ്മിത്ത് 175.86 സ്ട്രൈക്ക് റേറ്റിൽ ഇന്ത്യക്കെതിരെ ബാറ്റ് വീശിയ പ്രകടനമാണ് ഈ ലിസ്റ്റിൽ മൂന്നാമതുള്ളത്. 10 വർഷങ്ങൾക്ക് ശേഷമാണ് മറ്റൊരു ഓസീസ് നായകൻ ഈ ലിസ്റ്റിൽ ഇടം നേടുന്നത്.
2013ൽ ജോർജ് ബെയ്‌ലി 184.00 പ്രഹരശേഷിയിൽ ഇന്ത്യക്കെതിരെ ബാറ്റ് ചെയ്തിരുന്നു. ബെയ്‌ലിയാണ് ഈ പട്ടികയിലെ രണ്ടാമൻ. ഈ റെക്കോഡിൽ ഒന്നാം സ്ഥാനത്തുള്ളത് അലൻ ബോർഡറാണ്. 1989ൽ ഇംഗ്ലണ്ടിനെതിരെ 190.90 സ്ട്രൈക്ക് റേറ്റിൽ ആയിരുന്നു അലൻ ബോർഡറുടെ പ്രകടനം.
മിച്ചൽ മാർഷിന് പുറമെ മാറ്റ് റെൻഷാ 44 റൺസും കൂപ്പർ കൊണോലി 38 റൺസും ട്രാവിസ് ഹെഡ് 36 റൺസും സ്വന്തമാക്കി മികച്ച ചെറുത്തുനിൽപ്പ് നടത്തി.
സൗത്ത് ആഫ്രിക്കൻ ബൗളിങ്ങിൽ കേശവ് മഹാരാജ് നാല് വിക്കറ്റുകൾ നേടി ഓസ്‌ട്രേലിയയെ എറിഞ്ഞു വീഴ്ത്തുകയായിരുന്നു. ബ്യോൺ ഫോർട്ടുയിൻ, കോർബിൻ ബോഷ് എന്നിവർ രണ്ട് വീതം വിക്കറ്റുകളും നേടി ടീമിന്റെ വിജയത്തിൽ നിർണായകമായി.
ആദ്യം ബാറ്റ് ചെയ്ത സൗത്ത് ആഫ്രിക്ക സെഞ്ച്വറി നേടിയ മാത്യു ബ്രീഡ്സ്‌കേയുടെ കരുത്തിലാണ് മികച്ച സ്കോർ നേടിയത്. 106 പന്തുകളിൽ നിന്നും 112 റൺസ് നേടിയാണ് ബ്രീഡ്സ്‌കേ തിളങ്ങിയത്. 14 ഫോറുകളും രണ്ട് സിക്സുകളും അടങ്ങുന്നതാണ് താരത്തിന്റെ പ്രകടനം. മാർക്കോ ജാൻസൻ 59 പന്തിൽ 75 റൺസും സ്വന്തമാക്കി തിളങ്ങി.