
ന്യൂഡൽഹി (11-12-2025): സിബിഎസ്ഇ പത്താം ക്ലാസ് ബോർഡ് പരീക്ഷയുടെ ചോദ്യക്കടലാസിൽ വലിയ മാറ്റങ്ങളാണ് 2026 പരീക്ഷയിൽ നടപ്പാക്കുന്നത്. സയൻസ്, സോഷ്യൽ സയൻസ് എന്നീ വിഷയങ്ങളുടെ ചോദ്യക്കടലാസുകള്‍ വിവിധ ഭാഗങ്ങളായി തിരിക്കുന്നതാണ് പ്രധാന പരിഷ്കാരം എന്ന് സിബിഎസ്ഇ കൺട്രോളർ ഓഫ് പരീക്ഷ ഡോ. സന്യാം ഭരദ്വാജ് അറിയിച്ചു.പുതുക്കിയ ചോദ്യക്കടലാസുകളുടെ മാതൃകാ പതിപ്പ് വിദ്യാർത്ഥികൾക്ക് പരിചയപ്പെടുന്നതിനായി cbseacademic.nic.in വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്.
പരീക്ഷയിൽ ആശയക്കുഴപ്പം ഒഴിവാക്കാൻ ചോദ്യക്കടലാസും ഉത്തരക്കടലാസും നിർദ്ദേശങ്ങൾ പ്രകാരം കൃത്യമായി കൈകാര്യം ചെയ്യണം എന്നതാണ് പ്രധാന മുന്നറിയിപ്പ്. വിദ്യാർത്ഥികൾക്കും അധ്യാപകർക്കും പുതുമയുള്ള ഈ പരീക്ഷാ മാതൃകയിൽ പരിചയം ലഭിക്കുന്നതിന് മാതൃകാ ചോദ്യങ്ങൾ പരിശോധിക്കാൻ സിബിഎസ്ഇ നിർദ്ദേശിച്ചിട്ടുണ്ട്.
- പരീക്ഷ എഴുതുന്ന വിദ്യാർഥികൾ ഉത്തരക്കടലാസും വിഭാഗങ്ങൾ പ്രകാരം തന്നെ പൂരിപ്പിക്കണം.
- സയൻസിന് മൂന്ന് ഭാഗങ്ങളായി, സോഷ്യൽ സയൻസിന് നാല് ഭാഗങ്ങളായി ഉത്തരക്കടലാസ് വിഭജിക്കണം.
- സിബിഎസ്ഇ നൽകിയ നിർദ്ദേശപ്രകാരം പ്രതിഭാഗത്തിനുള്ള ഉത്തരങ്ങൾ അതതു ഭാഗത്തിനുള്ളിട്ടുള്ള സ്ഥലത്ത് മാത്രമേ എഴുതാവൂ.
- ഒരു ഭാഗത്തിലെ ഉത്തരങ്ങൾ മറ്റൊരു സെക്ഷനിൽ എഴുതുകയോ കൂട്ടിച്ചേർക്കുകയോ ചെയ്താൽ ആ ഉത്തരങ്ങൾക്ക് മൂല്യനിർണയം ഉണ്ടാകില്ല.
- ഫലം പ്രഖ്യാപിച്ചതിന് ശേഷമുള്ള പരിശോധനയിലും പുനർമൂല്യനിർണയത്തിലും അവ പരിഗണിക്കപ്പെടുകയില്ല.
സോഷ്യൽ സയൻസ്: നാല് വിഭാഗങ്ങൾ
സെക്ഷൻ A – ഹിസ്റ്ററി
സെക്ഷൻ B – ജ്യേോഗ്രഫി
സെക്ഷൻ C – പൊളിറ്റിക്കൽ സയൻസ്
സെക്ഷൻ D – ഇക്കണോമിക്സ്
സയൻസ്: മൂന്ന് വിഭാഗങ്ങൾ
പുതിയ ഫോർമാറ്റിൽ സയൻസ് ചോദ്യക്കടലാസ് താഴെ പറയുന്ന മൂന്ന് സെക്ഷനുകളായിരിക്കും:
സെക്ഷൻ A – ബയോളജി
സെക്ഷൻ B – കെമിസ്ട്രി
സെക്ഷൻ C – ഫിസിക്സ്