• Sat. Mar 15th, 2025

24×7 Live News

Apdin News

2028ല്‍ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകും; ജിഡിപി 5.7ലക്ഷം കോടി ഡോളര്‍ ആകും: മോര്‍ഗന്‍ സ്റ്റാന്‍ലി

Byadmin

Mar 14, 2025


മുംബൈ: ഇന്ത്യ 2028ല്‍ ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായി മാറുമെന്ന് ആഗോള ധനകാര്യ സേവനസ്ഥാപനമായ അമേരിക്കയിലെ മോര്‍ഗന്‍ സ്റ്റാന്‍ലി. ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്‍പാദനം ( ജിഡിപി) 2028ല്‍ 5.7 ലക്ഷം കോടി ഡോളര്‍ ആയി ഉയരുമെന്നും മോര്‍ഗന്‍ സ്റ്റാന്‍ലി റിപ്പോര്‍ട്ട് പറയുന്നു.

മാത്രമല്ല, ഇന്ത്യയുടെ സമ്പദ്ഘടന 2026ല്‍ തന്നെ ലോകത്തെ നാലാമത്തേതായി മാറുമെന്നും മോര്‍ഗന്‍ സ്റ്റാന്‍ലി കണക്കുകൂട്ടുന്നു. യുഎസ്, ചൈന, ജര്‍മ്മനി എന്നീ രാജ്യങ്ങള്‍ കഴിഞ്ഞാല്‍ നാലാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യ ഉയരും. 2026ല്‍ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്‍പാദനം 4.7 ലക്ഷം കോടി ഡോളര്‍ ആയി ഉയരുമെന്നും മോര്‍ഗന്‍ സ്റ്റാന്‍ലി പ്രവചിക്കുന്നു.

1990ല്‍ ഇന്ത്യയിലെ 12ാമത്തെ മാത്രം സാമ്പത്തിക ശക്തിയായിരുന്നു ഇന്ത്യ. എന്നാല്‍ 2000ല്‍ ഇന്ത്യ വീണ്ടും 13ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 2020ല്‍ ഒമ്പതാം സ്ഥാനത്തായ ഇന്ത്യ 2023ല്‍ അഞ്ചാം സ്ഥാനത്തെത്തി.

ഇന്ത്യയുടെ ജിഡിപി
ലോകത്തിന്റെ മൊത്തം ആഭ്യന്തര ഉല്‍പാദനത്തില്‍ ഇന്ത്യയുടെ പങ്കാളിത്തം ഇപ്പോള്‍ 3.5 ശതമാനം ആണെങ്കില്‍ 2029ല്‍ അത് 4.5 ശതമാനമായി ഉയരും. മോര്‍ഗന്‍ സ്റ്റാന്‍ലി ഇപ്പോഴത്തെ ഇന്ത്യയുടെ സ്ഥിതിയും ആഗോള സാഹചര്യവും കണക്കിലെടുത്ത് മൂന്ന് സാഹചര്യങ്ങളാണ് പ്രവചിക്കുന്നത്. ഒരു ബെയര്‍ (മാന്ദ്യം) സാഹചര്യമാണെങ്കില്‍ ഇന്ത്യയുടെ ജിഡിപി 2025ലെ 3.65 ലക്ഷം കോടി ഡോളറില്‍ നിന്നും 2035ല്‍ എത്തുമ്പോഴേക്കും 6.6 ലക്ഷം കോടി ഡോളര്‍ ആയി ഉയരും. ബേസ് സാഹചര്യമാണ് സംഭവിക്കുന്നതെങ്കില്‍ 8.8 ലക്ഷം കോടി ഡോളറും ഒരു ബുള്ളിഷ് (കുതിപ്പ്) സാഹചര്യമാണെങ്കില്‍ ഇന്ത്യയുടെ ജിഡിപി 10.3 ലക്ഷം കോടി ഡോളര്‍ ആകുമെന്നും മോര്‍ഗന്‍ സ്റ്റാന്‍ലിയുടെ റിപ്പോര്‍ട്ട് പ്രവചിക്കുന്നു.

ഇന്ത്യയുടെ ആളോഹരി ജിഡിപിയിലും നല്ല ഉയര്‍ച്ചയുണ്ടാകും. 2025ല്‍ 2514 ഡോളര്‍ ആണെങ്കില്‍ അത് ബെയര്‍ (മാന്ദ്യം) സാഹചര്യത്തില്‍ പോലും 2035ല്‍ അത് 4247 ഡോളര്‍ ആയി ഉയരും. ഇനി ബേസ് (സാധാരണ) സാഹചര്യമാണെങ്കില്‍ 5,683 ഡോളര്‍ ആയി ഉയരും. ഇനി ഒരു ബുള്ളിഷ് (സാമ്പത്തികക്കുതിപ്പ്) സാഹചര്യമെങ്കില്‍ അത് 6,706 ഡോളര്‍ ആയി മാറും.

ഇന്ത്യ ലോകം മുഴുവന്‍ ഉറ്റുനോക്കുന്ന ഉപഭോക്തൃ വിപണിയായി മാറും. ഊര്‍ജ്ജ രംഗത്ത് വലിയ മാറ്റം ഇന്ത്യയില്‍ സംഭവിക്കും (പെട്രോള്‍, ഡീസല്‍ എന്നീ ഫോസില്‍ ഇന്ധനങ്ങളില്‍ നിന്നും ഹരിതഊര്‍ജ്ജത്തിലേക്ക് ഇന്ത്യ മാറും). ഇന്ത്യയുടെ ഉല്‍പാദനരംഗം രാജ്യത്തെ ജിഡിപിയ്‌ക്ക് സംഭാവനനല്‍കാന്‍ തുടങ്ങും.- മോര്‍ഗന്‍ സ്റ്റാന്‍ലി റിപ്പോര്‍ട്ട് പ്രവചിക്കുന്നു.

ഇന്ത്യയില്‍ ഉയര്‍ന്നുവരുന്ന പുതിയ വ്യവസായസംരംഭകര്‍, സാമൂഹ്യരംഗത്തെ അനുകൂലമായ പരിവര്‍ത്തനങ്ങള്‍, മികച്ച ജനസംഖ്യാ വളര്‍ച്ച (യുവാക്കളുടെ എണ്ണം വര്‍ധിക്കും) എന്നിവ ഇന്ത്യയ്‌ക്ക് അനുകൂല ഘടകമാകുമെന്നും മോര്‍ഗന്‍ സ്റ്റാന്‍ലി കണക്കുകൂട്ടുന്നു.



By admin