ന്യൂദല്‍ഹി: ഇന്ത്യന്‍ നാവികസേന ആയുധശക്തിയുടെ കാര്യത്തില്‍ ലോകത്തിലെ മുന്‍നിരയിലേക്ക് കുതിക്കുകയാണ്. 2035ഓടെ ഇന്ത്യന്‍ നാവികസേനയുടെ പക്കല്‍ യുദ്ധക്കപ്പലുകളും മുങ്ങിക്കപ്പലുകളും ചേര്‍ന്ന് 200 കപ്പലുകള്‍ ഉണ്ടാകും.
ഇന്ത്യയ്‌ക്ക് ഇപ്പോള്‍ 140 യുദ്ധക്കപ്പലുകള്‍ ഉണ്ട്. ഇതില്‍ 17 ഡീസല്‍ ഇലക്ട്രിക് മുങ്ങിക്കപ്പലുകള്‍, രണ്ട് എസ് എസ് ബിഎനുകള്‍ എന്നിവ ഉണ്ട്. നാവികസേനയ്‌ക്ക് യുദ്ധരംഗത്ത് എയര്‍ ക്രാഫ്റ്റുകളും ഹെലികോപ്റ്ററുകളുമായി 250 എണ്ണം ഉണ്ട്. ഇത് 350ലേക്ക് ഉയര്‍ത്താനാണ് ശ്രമം.
കരയില്‍ നിന്നുള്ള ആക്രമണത്തേക്കാള്‍ ഇന്ത്യ ഇപ്പോള്‍ ശ്രദ്ധിക്കുന്നത് കടല്‍വഴിയുള്ള ആക്രമണത്തിലാണ്. ചൈനയും പാകിസ്ഥാനും ചേര്‍ന്നുള്ള യോജിച്ച കടല്‍വഴിയുള്ള ആക്രമണത്തെക്കുറിച്ച് ഇന്ത്യ ശ്രദ്ധാലുവാണ്.
ഇപ്പോള്‍ ഇന്ത്യയുടെ കപ്പല്‍ നിര്‍മ്മാണശാലകളില്‍ വലുതും ചെറുതുമായ 55 യുദ്ധക്കപ്പലുകള്‍ നിര്‍മ്മാണദശയിലാണ്. ഇതിന് ചെലവഴിക്കുന്ന തുക എത്രയെന്നോ? 99500 കോടി രൂപ. മറ്റൊരു 74 യുദ്ധക്കപ്പലുഖല്‍ കൂടി നിര്‍മ്മിക്കാനുള്ള പ്രാഥമികമായ അനുമതി ലഭിച്ചിട്ടുണ്ട്. ഇതിന് ചെലവാകുക 2.35 ലക്ഷം കോി രൂപയാണ്. ഇതില്‍ ഡീസല്‍ ഇലക്ട്രിക് മുങ്ങിക്കപ്പലുകള്‍, അടുത്ത തലമുറ സ്റ്റെല്‍ത് ഫ്രിഗേറ്റുകള്‍, മുങ്ങിക്കപ്പലുകളെ തകര്‍ക്കാന്‍ ശേഷിയുള്ള കോര്‍വെറ്റുകള്‍ എന്നിവ ഉള്‍പ്പെടുന്നു.
10,000 വരെ ഭാരം വഹിക്കാന്‍ ശേഷിയുള്ള അടുത്ത തലമുറ ഡിസ്ട്രോയേഴ്സുകള്‍ നിര്‍മ്മിക്കാനും പ്രഥമാനുമതി ലഭിച്ചിട്ടുണ്ട്. 40,000 ടണ്ണിലധികം ഭാരമുള്ള ഐഎന്‍എസ് വിക്രാന്തിന് ശേഷം രണ്ടാമതൊരു യുദ്ധവിമാനങ്ങള്‍ വഹിക്കാന്‍ ശേഷിയുള്ള തദ്ദേശീയമായ ഒരു യുദ്ധക്കപ്പല്‍ കൂടി നിര്‍മ്മിക്കാന്‍ പദ്ധതിയുണ്ട്. ഇതോടെ റഷ്യയില്‍ നിന്നും വാങ്ങിയ ഐഎന്‍എസ് വിക്രമാദിത്യ പോലുള്ള പഴയ യുദ്ധക്കപ്പലുകളെ ഒഴിവാക്കാനാവും.
പി5 കഴിഞ്ഞാല്‍ ഇന്ത്യ
ലോകത്ത് നാവികശക്തിയില്‍ പ്രധാനപ്പെട്ട അഞ്ച് ശക്തികളാണ് ഉള്ളത്. ഇവരെ പി5 എന്നാണ് വിളിക്കുന്നത്. യുഎസ്, റഷ്യ, ഫ്രാന്‍സ്, യുകെ, ചൈന എന്നിവര്‍. അത് കഴിഞ്ഞാല്‍ യുദ്ധവിമാനങ്ങള്‍ വഹിക്കാന്‍ ശേഷിയുള്ള കൂറ്റന്‍ യുദ്ധക്കപ്പലുകള്‍ തദ്ദേശീയമായി നിര്‍മ്മിക്കാന്‍ ശേഷിയുള്ള ഏകരാജ്യം ഇന്ത്യയാണ്. അതുപോലെ പി5 രാജ്യങ്ങളുടേതിന് തുല്യമായി ഇന്ത്യയ്‌ക്കും ആണവോര്‍ജ്ജത്താല്‍ പ്രവര്‍ത്തിക്കുന്ന ബാലിസ്റ്റിക് മിസൈലുകള്‍ വഹിക്കാന്‍ ശേഷിയുള്ള എസ് എസ് ബീഎന്‍ വിഭാഗത്തില്‍പ്പെട്ട യുദ്ധക്കപ്പലുകള്‍ നിര്‍മ്മിക്കാനും ശേഷിയുണ്ട്. ഒരു രാജ്യത്തിന് കരുത്തുറ്റ നാവികസേന ഒരു സുപ്രഭാതത്തില്‍ നിര്‍മ്മിക്കാനാകില്ല. അതിന് വര്‍ഷങ്ങള്‍ എടുക്കും.
യുദ്ധക്കപ്പല്‍ നിര്‍മ്മാണത്തിലെ പുത്തന്‍ സാങ്കേതിക വിദ്യ ആര്‍ജ്ജിക്കുന്ന ഇന്ത്യയ്‌ക്ക് തീര്‍ച്ചയായും വൈകാതെ പി5 ശക്തികള്‍ക്കൊപ്പമെത്താന്‍ കഴിയും എന്ന് മാത്രമല്ല, അവയെ മറികടക്കാനും കഴിയുമെന്ന് നാവികസേനയിലെ ഒരു ഉന്നതോദ്യോഗസ്ഥന്‍ പറയുന്നു.
യുദ്ധക്കപ്പല്‍ നിര്‍മ്മാണം എന്നതിന് ഇന്ത്യയുടെ ആകെ ആഭ്യന്തര സമ്പദ്ഘടനയുടെ 1.8 ശതമാനം ചെലവ് വരും. കപ്പല്‍ ശാലയില്‍ ഒരു തൊഴില്‍ സൃഷ്ടിക്കാനായി സമാന്തരമായി ആന്‍സിലറി മേഖലയില്‍ അഞ്ച് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാകും.