കോഴിക്കോട്: 2027 ല്‍ ലോകത്തിലെ മൂന്നാമത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായി മാറുന്ന ഭാരതത്തിന് 2036ലെ ഒളിമ്പിക്‌സ് നടത്തുവാന്‍ എന്തുകൊണ്ടും യോഗ്യതയുണ്ടെന്ന് പി ടി ഉഷ. 140 കോടിയോളം വരുന്ന ഭാരതീയര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വ പാടവം അംഗീകരിച്ചു കൊണ്ട്് എന്തു വിലകൊടുത്തും നടത്തുമെന്ന് പ്രതിജ്ഞാബദ്ധരായാല്‍ പ്രകൃതിയിലെ സര്‍വ്വചരാചരങ്ങളും സഹായത്തിന് ഉണ്ടാകുമെന്ന് ജന്മഭൂമി കായിക സെമിനാറില്‍ ഉഷ പറഞ്ഞു.
ഒളിമ്പിക്‌സ് നടത്താനുള്ള യോഗ്യത നേടാന്‍ നിരവധി കടമ്പകള്‍ കടക്കേണ്ടതുണ്ട്. ഭരണപരവും സാമൂഹ്യപരവും മനുഷ്യ വിഭവശേഷിയിലൂന്നിയുള്ള സുസ്ഥിരമായ സാമ്പത്തിക അടിത്തറ, ലക്ഷ്യവും അതിലേക്കുള്ള മാര്‍ഗവും ഒളിമ്പിക്‌സ് നടത്തുവാന്‍ ഉദ്ദേശിക്കുന്ന വിവിധ വേദികളെ കുറിച്ചുള്ള സൂക്ഷ്മമായ പദ്ധതികള്‍, രാജ്യത്തിന്റെയും കായിക രംഗത്തിന്റെയും ഭാവിയെയും വളര്‍ച്ചയെയും കുറിച്ചുള്ള നൂതനങ്ങളായ കര്‍മ്മ പദ്ധതികള്‍, എല്ലാ രംഗത്തും ഉള്ള സുസ്ഥിരതയും നമ്മുടേതും മാത്രമായ പൈതൃക സ്വാധീനവും പൊതുജനങ്ങളുടെയും വിവിധങ്ങളായ രാഷ്‌ട്രീയ നിലപാടുകളുടെ പിന്തുണയും ഏകത്വവും, സൂക്ഷമവും വിവിധങ്ങളുമായ സാമ്പത്തിക അവലോകനവും നടത്തിപ്പ് രീതികളും, വിവിധങ്ങളായ മത്സരങ്ങള്‍ നടത്തിയുള്ള പരിചയം , വൃത്തിയും വെടിപ്പുമുള്ള താമസ സൗകര്യങ്ങളുടെ വിഭാവനം , കാര്യക്ഷമായ ഗതാഗത സൗകര്യങ്ങളും നടത്തിപ്പും , കുറ്റമറ്റ സുരക്ഷാ ക്രമീകരണങ്ങളും കാര്യക്ഷമായ നടത്തിപ്പ് സംവിധാനവും, കാലാവസ്ഥ ഉത്തരവാദിത്വ പദ്ധതികളും , കാര്യക്ഷമയായ മലിനീകരണ നിയന്ത്രണ സംവിധാനവും , ദീര്‍ഘകാല അടിസ്ഥാനത്തിലുള്ളതുമായ പദ്ധതി നിര്‍വഹണം, ഏറ്റവും മികച്ചതായ ചിലവ് ചുരുക്കല്‍ പദ്ധതികള്‍, നിലവിലുള്ള കായിക സൗകര്യങ്ങളെ അന്താരാഷ്‌ട്ര തലത്തിലേക്ക് ഉയര്‍ത്തി മികച്ചതാക്കുക, താല്‍ക്കാലികമായ കായിക സൗകര്യങ്ങള്‍ ഫലപ്രദമായി ഒരുക്കുക, പാരമ്പര്യ അധിഷ്ഠിതമായ ഭാവിയെ മാത്രം മുന്‍കൂട്ടി കണ്ടുള്ള ദീര്‍ഘകാല അടിസ്ഥാനത്തിലുള്ള കായിക സൗകര്യങ്ങള്‍ മാത്രം നിര്‍മ്മിക്കല്‍ എന്നിവയൊക്കെ കൃത്യമായ ആസൂത്രണത്തിലൂടെ നടത്തിയെടുക്കാന്‍ കഴിയും- ഉഷ പറഞ്ഞു.
വിവിധങ്ങളായ തടസങ്ങളും പരാധീനതകളും പ്രയാസങ്ങളും ബുദ്ധിമുട്ടുകളും അപ്രായോഗികതയും നമുക്ക് മുമ്പിലുണ്ടെന്നും ഇന്ത്യന്‍ ഒളിംപിക്‌സ് അസോസിയേഷന്‍ പ്രസിഡന്റു കൂടിയായ ഉഷ പറഞ്ഞു.അന്താരാഷ്‌ട്ര നിലവാരത്തിലുള്ള മികച്ച കായിക സൗകര്യങ്ങളുടെ അപര്യാപ്തത. നടത്തിപ്പിനാവശ്യമായ പണം കണ്ടെത്തലും കാര്യക്ഷമമായ വിനിയോഗവും കെടുകാര്യസ്ഥത ,അഴിമതി, നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും അന്താരാഷ്‌ട്ര രീതിയില്‍ തന്നെ പാലിക്കപ്പെടേണ്ടതായ അവസ്ഥാവിശേഷം, ആഭ്യന്തരവും ബാഹ്യവുമായ ഛിദ്രശക്തികളുടെ ഇടപെടലുകള്‍ , വിവിധ ഘട്ടങ്ങളില്‍ ഉയര്‍ന്നു വന്നേക്കാവുന്ന സമരങ്ങളും തര്‍ക്കങ്ങളുംപ്രശ്‌നങ്ങളും മികച്ച കാര്യക്ഷമമായ നിശ്ചിത സമയക്രമം അനുസരിച്ചുള്ള പദ്ധതി നിര്‍വഹണ സംവിധാനത്തിന്റെ ന്യൂനതകളും അപര്യാപ്തതയും. അങ്ങനെ പ്രശ്‌നങ്ങള്‍ നൂറുകണക്കിന് ഉണ്ട്. അനുയോജ്യമായ സ്ഥലം ഇനിയും കണ്ടെത്തുവാന്‍ ഉണ്ട് എന്നതും പ്രധാന വെല്ലുവിളിയായി കാണേണ്ടതുണ്ട്- ഉഷ പറഞ്ഞു.