
ഗുവാഹത്തി ; അസമിലെ അനധികൃത കുടിയേറ്റക്കാർക്കെതിരെ സർക്കാർ വലിയ നടപടികൾ സ്വീകരിച്ചുവരികയാണ്. അതേസമയം, സോണിത്പൂർ ജില്ലയിലെ അഞ്ച് ബംഗ്ലാദേശികളെ നുഴഞ്ഞുകയറ്റക്കാരായ വിദേശികളായി പ്രഖ്യാപിച്ച അസം സർക്കാർ 24 മണിക്കൂറിനുള്ളിൽ സംസ്ഥാനം വിടാൻ നോട്ടീസ് നൽകുകയും ചെയ്തു. ഹനുഫ, മറിയം നേസ, ഫാത്തിമ, മോണോവാര, അംജദ് അലി എന്നിവർക്കാണ് നോട്ടീസ് നൽകിയത് .
സോണിത്പൂർ ജില്ലാ ഭരണകൂടമാണ് ഈ നടപടി സ്വീകരിച്ചത്. ഈ വ്യക്തികളെല്ലാം വർഷങ്ങളായി അസമിൽ താമസിക്കുന്നവരാണെന്നും ബംഗ്ലാദേശി പൗരന്മാരാണെന്നും ഭരണകൂടം അറിയിച്ചു. . സോണിത്പൂർ ജില്ലയിലെ ജാമുഗുരിഹട്ട് പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ധോബോകട്ട ഗ്രാമത്തിലാണ് ഇവരെല്ലാം താമസിച്ചിരുന്നത്. ബംഗ്ലാദേശിൽ നിന്ന് അനധികൃതമായി വന്ന് വർഷങ്ങളായി അസമിൽ താമസിച്ചിരുന്നവരാണിവർ.
2006-ൽ പോലീസ് സൂപ്രണ്ട് (ബോർഡർ) ഫയൽ ചെയ്ത കേസുകളുടെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. സോണിത്പൂരിലെ ഫോറിനേഴ്‌സ് ട്രൈബ്യൂണൽ നമ്പർ 2-ലാണ് ഈ കേസുകൾ പരിഗണിച്ചിരുന്നത്. ട്രൈബ്യൂണൽ ഇപ്പോൾ ഈ അഞ്ച് വ്യക്തികളെയും വിദേശികളായി പ്രഖ്യാപിച്ചു. എഫ്‌ടിയുടെ തീരുമാനത്തെത്തുടർന്ന്, ജില്ലാ ഭരണകൂടം ഉടൻ തന്നെ ഒരു നോട്ടീസ് പുറപ്പെടുവിക്കുകയായിരുന്നു.