• Fri. Oct 25th, 2024

24×7 Live News

Apdin News

259ന് പുറത്ത്; വാഷിങ്ടണ്‍ സുന്ദറിന് ഏഴ് വിക്കറ്റ്

Byadmin

Oct 25, 2024


പൂനെ: രണ്ടാം ടെസ്റ്റിന്റെ തുടക്കം ഗംഭീരമാക്കിയ ന്യൂസിലന്‍ഡിനെ എറിഞ്ഞൊതുക്കി പൂനെ എംസിഎ സ്റ്റേഡിയത്തില്‍ വാഷിങ്ടണ്‍ സുന്ദറിന്റെ മാസ്മരിക സ്പിന്‍ പ്രകടനം. 62 റണ്‍സെടുക്കുന്നതിനിടെ ഏഴ് കിവീസ് വിക്കറ്റുകള്‍ വീഴ്‌ത്തിക്കൊണ്ടാണ് ഭാരത ഓള്‍റൗണ്ടര്‍ ആദ്യദിനം ഉജ്ജ്വലമാക്കിയത്. ഇതിനെതിരെ ബാറ്റ് ചെയ്ത ഭാരതം തുടക്കത്തിലേ നായകനെ നഷ്ടപ്പെട്ട ക്ഷീണത്തിലാണ്.

സ്‌കോര്‍: ന്യൂസിലാന്‍ഡ്- 259; ഭാരതം- 16/1(11 ഓവറുകള്‍)
മത്സരം രണ്ടാം ദിനത്തിലേക്ക് പിരിയുമ്പോള്‍ ഭാരതത്തിനായി ഓപ്പണര്‍ യശസ്വി ജയ്‌സ്വാളും(ആറ്) ശുഭ്മാന്‍ ഗില്ലും(പത്ത്) ആണ് ക്രീസില്‍. റണ്‍സൊന്നും നേടാതെ നായകന്‍ രോഹിത് ശര്‍മ മൂന്നാം ഓവറില്‍ പുറത്തായി. ടിം സൗത്തിയുടെ പന്തില്‍ ക്ലീന്‍ ബൗള്‍ഡാകുകയായിരുന്നു. ഇന്ന് രാവിലെ മികവോടെ തുടങ്ങാനാകുമെന്ന കണക്കുകൂട്ടലിലാണ് ഭാരത ക്യാമ്പ്.

ഇന്നലെ ആദ്യ ദിനം പൂനെയിലെ തെളിഞ്ഞ കാലാവസ്ഥയില്‍ എംസിഎ സ്റ്റേഡിയത്തിലെ വരണ്ട പിച്ചില്‍ ടോസ് നേടുമ്പോള്‍ കിവീസ് നായകന്‍ ടോം ലാതമിന് രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല. ബാറ്റിങ് തെരഞ്ഞെടുത്തു. നായകന്‍ ലാതം ഏറെ നേരം പിടിച്ചു നിന്നില്ല. ന്യൂബോള്‍ എറിഞ്ഞ പേസര്‍മാരെ കിവീസ് ഓപ്പണര്‍മാര്‍ അനായാസം നേരിടുകയാണെന്ന് മനസ്സിലാക്കിയ രോഹിത് ഉടനെ ആര്‍. അശ്വിനെ പന്ത് ഏല്‍പ്പിച്ചു. എട്ടാം ഓവറിലെ അഞ്ചാം പന്തില്‍ ലെഗ് ബിഫോറായി ലാതം(15) മടങ്ങി. അശ്വിനായിരുന്നു വിക്കറ്റ്. ഇതോടെ പൂനെ പിച്ചിന്റെ നയം സ്പഷ്ടമായി. അതിനെ ശരിവയ്‌ക്കുന്നതായി കിവീസിന്റെ രണ്ടാം വിക്കറ്റ്. അശ്വിന്‍ എറിഞ്ഞ 24-ാം ഓവറിന്റെ അവസാന പന്തില്‍ മൂന്നാമനായി ഇറങ്ങിയ വില്‍ യങ് പുറത്തായി. പരിക്കേറ്റ സൂപ്പര്‍ താരം കെയ്ന്‍ വില്ല്യംസണിന് പകരക്കാരനായാണ് യങ്ങിനെ ഇറക്കിയത്. കിവീസ് സ്‌കോര്‍ബോര്‍ഡിലേക്ക് 18 റണ്‍സാണ് യങ്ങിന് സംഭാവന ചെയ്യാന്‍ കഴിഞ്ഞത്. പിന്നീട് ക്രീസിലെത്തിയ രചിന്‍ രവീന്ദ്ര നിലയുറപ്പിച്ചതോടെ ആദ്യ മത്സരത്തിലെ അപകടം വീണ്ടും മണത്തു. ഓപ്പണര്‍ ഡെവോന്‍ കോണ്‍വെയും മികച്ച ഫോമിലായിരുന്നു. ഇരുവരും ചേര്‍ന്ന് 62 റണ്‍സ് കൂട്ടിചേര്‍ക്കുമ്പോഴേക്കും അശ്വിന്റെ പേരില്‍ അടുത്ത വിക്കറ്റും ചേര്‍ക്കപ്പെട്ടു. ഡോണ്‍വെയെ(76) പന്തിന്റെ കൈകളിലെത്തിച്ച് അശ്വിന്‍ അപകടത്തിന് ചെറിയ അയവ് വരുത്തി. മൂന്ന് വിക്കറ്റ് നഷ്ടപ്പെട്ടെങ്കിലും കിവീസ് സ്‌കോര്‍ 150 കടക്കുമ്പോള്‍ ഇന്നിങ്‌സ് ഭദ്രമായിരുന്നു.

ഉച്ച കഴിഞ്ഞ് എംസിഎയിലെ പിച്ച് കൂടുതല്‍ വരണ്ടതാകുമെന്നായിരുന്നു വിലയിരുത്തല്‍. കിവീസിനായി അര്‍ദ്ധശതകം പിന്നിട്ട രചിന്‍ രവീന്ദ്ര ഡാരില്‍ മിച്ചലിനെയും കൂട്ടുപിടിച്ച് ടോട്ടല്‍ സ്‌കോര്‍ 200നോടടുപ്പിച്ചു. മത്സരം 59 ഓവറുകള്‍ പിന്നിട്ടു. കിവീസ് ടോട്ടല്‍ മൂന്നിന് 197. അതുവരെ 13 ഓവറുകള്‍ എറിഞ്ഞ വാഷിങ്ടണ്‍ സുന്ദര്‍ ഇന്നിങ്‌സിലെ തന്റെ രണ്ടാം സ്‌പെല്ലിനെത്തി. ആദ്യ പന്തില്‍ അപകടകാരിയായ രചിന്‍ രവീന്ദ്രയുടെ(65) കുറ്റി തകര്‍ത്തു. ഓഫ് സൈഡില്‍ കുത്തിയ പന്ത് ടേണ്‍ ചെയ്ത് വിക്കറ്റില്‍ കയറുമ്പോള്‍ പ്രതിരോധിക്കാന്‍ ഫ്രണ്ട്ഫൂട്ട് ചെയ്ത രചിന്റെ കണക്കുകൂട്ടല്‍ തകര്‍ക്കുന്നതായിരുന്നു പിച്ച് ചെയ്ത ശേഷമുള്ള പന്തിന്റെ വേഗത. പന്ത് ഷാര്‍പ്പായി വിക്കറ്റിന് നേര്‍ക്ക്. ഇതൊരു തുടക്കമായിരുന്നു. ഏഴ് ബാറ്റര്‍മാരുടെ നേര്‍ക്ക് മഴവില്ലിന്റെ അഴകോടെ പന്ത് തിരിഞ്ഞ് കയറുന്ന സുന്ദറിന്റെ തുടക്കം. ഇന്നിങ്‌സില്‍ മറ്റൊരു പ്രധാന നേട്ടം കൂടി കൈവരിച്ചാണ് സുന്ദര്‍ കിവീസ് ഇന്നിങ്‌സ് അവസാനിപ്പിച്ചത്. അഞ്ച് വിക്കറ്റുകള്‍ ബൗള്‍ഡിലൂടെയാണ് താരം നേടിയത്. രചിന്‍ രവീന്ദ്രയ്‌ക്ക് പിന്നാലെ ടോം ബ്ലണ്ടല്‍(മൂന്ന്), മിച്ചല്‍ സാന്റ്‌നര്‍(33), ടിം സൗത്തി(അഞ്ച്), അജാസ് പട്ടേല്‍(നാല്) എന്നിവരെയാണ് സുന്ദര്‍ കുറ്റി തകര്‍ത്ത് കൂടാരം കയറ്റിയത്. രചിന്‍ രവീന്ദ്രയ്‌ക്കൊപ്പം നിന്ന ഡാരില്‍ മിച്ചലിനെ(18) ലെഗ് ബിഫോറാക്കിയപ്പോള്‍ ഗ്ലെന്‍ ഫിലിപ്‌സിനെ(ഒമ്പത്) അശ്വിന്റെ കൈകളിലെത്തിച്ചു. ഏറ്റവും ഒടുവില്‍ വീഴ്‌ത്തിയത് സാന്റ്‌നറിനെയാണ്. 60-ാം ഓവറില്‍ രണ്ടാം സ്‌പെല്ലിനെത്തിയ സുന്ദര്‍ പിന്നീടുള്ള 20 ഓവറുകളില്‍ ഇടതടവില്ലാതെ പങ്കാളിയായി. ഒടുവില്‍ 79.1-ാം ഓവറില്‍ കിവീസിനെ തീര്‍ത്തു. 23.1 ഓവറില്‍ 59 റണ്‍സ് വഴങ്ങിയാണ് ഏഴ് വിക്കറ്റുകള്‍ നേടിയത്. നാല് ഓവറുകള്‍ മെയ്ഡനാക്കി. ഇന്നിങ്‌സിലെ പത്ത് വിക്കറ്റുകളും സ്പിന്നര്‍മാരാണ് വീഴ്‌ത്തിയത്. പേസര്‍മാരായ ജസ്പ്രീത് ബുംറയും ആകാശ് ദീപും ചേര്‍ന്ന് 14 ഓവര്‍ മാത്രമേ എറിഞ്ഞുള്ളൂ.



By admin