ലഖ്‌നൗ; പ്രയാഗ് രാജില്‍ നടക്കുന്ന മഹാകുംഭമേളയ്ക്കിടെ ബുധനാഴ്ച തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ ഔദ്യോഗിക കണക്ക് പുറത്തുവിട്ട് യു പി സര്‍ക്കാര്‍. തിക്കിലും തിരക്കിലും പെട്ട് മരിച്ച 30 പേരില്‍ 25 പേരെ തിരിച്ചറിഞ്ഞു. 60 പേര്‍ക്ക് പരിക്കേറ്റതായും ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും ഡി ഐ ജി വൈഭവ് കൃഷ്ണ മാധ്യമങ്ങളോട് പറഞ്ഞു.
തിക്കിലും തിരക്കിലും മരിച്ചതായി പ്രാദേശിക റിപ്പോര്‍ട്ടുകളും പ്രയാഗ് രാജ് നിവാസികള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പോസ്റ്റുകളും പുറത്തുവന്ന് മണിക്കൂറുകള്‍ക്ക് ശേഷമാണ് സര്‍ക്കാര്‍ ഔദ്യോഗിക കണക്ക് പുറത്തുവിട്ടത്. ഏറ്റവും ശുഭകരമായ ദിവസങ്ങളിലൊന്നായ മൗനി അമാവാസി ദിനത്തില്‍ പുണ്യസ്‌നാനം നടത്താന്‍ നിരവധി തീര്‍ഥാടകര്‍ തിരക്കുകൂട്ടിയതിനെ തുടര്‍ന്നാണ് അപകടം സംഭവിച്ചത്. തിക്കിലും തിരക്കിലും പെടുന്നതിന് മുമ്പ് പലരും ബാരിക്കേഡുകള്‍ തകര്‍ക്കാന്‍ തുടങ്ങിയെന്നും വൈഭവ് കൃഷ്ണ പറഞ്ഞു.
‘പുലര്‍ച്ചെ 1-2 മണിയോടെ ഉണ്ടായ തിക്കിലും തിരക്കിലുമാണ് 30 പേര്‍ മരിച്ചത്. 25 പേരെ തിരിച്ചറിഞ്ഞു, ബാക്കി 5 പേരെ തിരിച്ചറിയാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്,’- വൈഭവ് കൃഷ്ണ വ്യക്തമാക്കി.