കെയ്റോ: ഈജിപ്തിലെ മ്യൂസിയത്തിൽ നിന്നും നഷ്ടമായ 3000 വർഷം പഴക്കമുള്ള സ്വർണ്ണ കൈ ചെയിന്‍ കണ്ടെത്തിയതിന്റെ സന്തോഷത്തിലാണ് ഈജിപ്തുകാര്‍. ഈജിപ്തിലെത്തുന്ന വിനോദ സഞ്ചാരികളെ ആകർഷിച്ചിരുന്ന പ്രധാനപ്പെട്ട പുരാവസ്തുക്കളിൽ ഒന്നായിരുന്നു ഈ സ്വര്‍ണ്ണ കൈ ചെയിന്‍.
പക്ഷെ ഉരുക്കിയ നിലയിലാണ് ഈ കൈ ചെയിന്‍ കണ്ടെത്തിയത്. ബി സി 1000ൽ ഈജിപ്ത് ഭരിച്ചിരുന്ന ഫറോവയായ അമെനെമോപ്പിന്‍ ധരിച്ചിരുന്നതാണ് ഈ കൈ ചെയിന്‍. ഏതാണ്ട് 194,000 ഈജിപ്ഷ്യൻ പൗണ്ട് (4,000 ഡോളർ- മൂന്നര ലക്ഷം രൂപ) വിലമതിക്കുന്ന പുരാവസ്തു കണ്ടെത്താൻ കഴിഞ്ഞത് ഈജിപ്തിന് ആശ്വാസകരമായിട്ടുണ്ട്.
ബ്രേസ്‌ലെറ്റ് കാണാതായതായി സെപ്റ്റംബർ 9നായിരുന്നു ഈജിപ്ഷ്യൻ പുരാവസ്തു-ടൂറിസം മന്ത്രാലയം അറിയിച്ചത്. ഈജിപ്ഷ്യൻ ആഭ്യന്തരമന്ത്രാലയമാണ് മോഷണം കണ്ടെത്തിയത്.
ഒരു മ്യൂസിയം പുനരുദ്ധാരണ വിദഗ്‌ദ്ധനാണ് അപൂർവ്വ പുരാവസ്തു മോഷ്ടിച്ചതെന്നാണ് റിപ്പോർട്ട്. മ്യൂസിയത്തിലെ ലബോറട്ടറിയുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കിടെയായിരുന്നു മോഷണം നടത്തിയത്.
അദ്ദേഹം പുരാവസ്തു ഒരു വെള്ളി വ്യാപാരിക്ക് വിൽക്കുകയും തുടർന്ന് വ്യാപാരി അത് കെയ്‌റോയിലെ ആഭരണ നിർമ്മാണ ഷോപ്പ് ഉടമയ്‌ക്ക് കൈമാറുകയും ചെയ്തു. ഇയാൾ അത് തിരിച്ചറിയാതിരിക്കാന്‍ സ്വര്‍ണ്ണം ഉരുക്കുന്ന ആള്‍ക്ക് വിറ്റു. ഫറോവ അമെനെമോപ്പിന്റെ കൈത്തണ്ട അലങ്കരിച്ചിരുന്ന ഗോളാകൃതിയിലുള്ള ലാപിസ് ലാസുലി മുത്തുകൾ കൊണ്ട് അലങ്കരിച്ച സ്വർണ ബ്രേസ്‌ലെറ്റ് ഒരു ഖനനത്തിനിടയില്‍ കണ്ടെത്തിയ ശേഷമാണ് മ്യൂസിയത്തില്‍ പ്രദര്‍ശനത്തിന് വെച്ചിരുന്നത്. ഈജിപ്ത് ഭരിച്ചിരുന്നവരാണ് ഫറോവമാര്‍.