ന്യൂഡല്‍ഹി; രാജ്യത്ത് 200 വന്ദേഭാരത് ട്രെയിനുകളും 50 നമോഭാരത് ട്രെയിനുകളും പുതുതായി ആരംഭിക്കുമെന്ന് റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ്. 100 കിലോ മീറ്റര്‍ ദൂരപരിധിയിലാവും നമോ ഭാരത് ട്രെയിന്‍ സര്‍വീസ് നടത്തുക. കൂടാതെ 100 അമൃത് ഭാരത് ട്രെയിനുകളും സര്‍വീസ് നടത്തുമെന്നും അശ്വനി വൈഷ്ണവ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കേരളത്തിനുള്ള റെയില്‍വേ ബജറ്റ് വിഹിതം 3042 കോടി രൂപയാണ്. സംസ്ഥാനത്തെ 35 സ്റ്റേഷനുകളെ അമൃത് സ്റ്റേഷനുകളാക്കും. അങ്കമാലി– ശബരി പാതയ്ക്ക് നിര്‍ദേശിച്ച സര്‍വ് ബാങ്ക് ഉള്‍പ്പെട്ട ത്രികക്ഷി കരാര്‍ വീണ്ടും പരിഗണിക്കാന്‍ സംസ്ഥാനത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് റെയില്‍വെ മന്ത്രി പറഞ്ഞു.
പുതിയ ബജറ്റ് വിഹിതം യുപിഎ കാലത്തേക്കാള്‍ 8 ഇരട്ടി അധികമാണെന്നും അദ്ദേഹം പറഞ്ഞു.സംസ്ഥാനത്ത് 15742 കോടി രൂപയുടെ വികസനം പുരോഗമിക്കുന്നതായും 32 സ്റ്റേഷനുകള്‍ നവീകരിക്കുന്നതായും അദ്ദേഹം പറഞ്ഞു. കേരളത്തിലേക്ക് കൂടുതല്‍ ട്രെയിനുകള്‍ എത്തിക്കുന്നത് പരിഗണനയിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
റെയില്‍വേ സുരക്ഷയ്ക്കായി കൂടുതല്‍ തുക വിലയിരുത്തുമെന്നും അദ്ദേഹം പറഞ്ഞു. ബീഹാറില്‍ 10,066 കോടി രൂപയും, ആന്ധ്രാപ്രദേശില്‍ 9,417 കോടിയും ഒഡീഷയില്‍ 10,599 കോടി രൂപയുമാണ് ബജറ്റില്‍ നീക്കിവച്ചിരിക്കുന്നത്. 2,52,200 കോടി രൂപയാണ് ബജറ്റില്‍ റെയില്‍വേ വികസനത്തിനായി നീക്കിവച്ചത്. 17,500 ജനറല്‍ കോച്ചുകള്‍, 200 വന്ദേഭാരത്, 100 അമൃത് ഭാരത് ട്രെയിനുകള്‍ എന്നിവ നിര്‍മിക്കാനുള്ള പദ്ധതിക്ക് അനുമതിയും നല്‍കിയിരുന്നു.