ന്യൂഡൽഹി ഐക്യരാഷ്‌ട്രസഭയുടെ സമാധാന പരിപാലന പ്രവർത്തനങ്ങളിൽ നിർണായക പങ്ക് വഹിക്കുന്ന 32 രാജ്യങ്ങളിൽ നിന്നുള്ള മുതിർന്ന സൈനിക നേതൃത്വത്തെ ഒരുമിച്ച് കൊണ്ടുവരുന്ന ഐക്യരാഷ്‌ട്രസഭയുടെ സമാധാന ദൗത്യസംഘങ്ങളിൽ സേവനമനുഷ്ഠിക്കുന്ന രാജ്യങ്ങളിലെ(UNTCC) സൈനികമേധാവികളുടെ കോൺക്ലേവിന് 2025 ഒക്ടോബർ 14 മുതൽ 16 വരെ ന്യൂഡൽഹിയിൽ ഇന്ത്യൻ സൈന്യം ആതിഥേയത്വം വഹിക്കും.
ലോകമെമ്പാടുമുള്ള യു.എൻ സമാധാന പരിപാലന ദൗത്യങ്ങൾക്ക് സൈന്യത്തെ സംഭാവന ചെയ്യുന്ന രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ഒക്ടോബർ 13 ന് ന്യൂഡൽഹിയിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. പ്രവർത്തനപരമായ വെല്ലുവിളികൾ, വർദ്ധിച്ചുവരുന്ന ഭീഷണികൾ, പരസ്പര പ്രവർത്തനക്ഷമത, തീരുമാനമെടുക്കുന്നതിലെ ഉൾച്ചേർക്കൽ, യു.എൻ സമാധാന പരിപാലനം ശക്തിപ്പെടുത്തുന്നതിൽ സാങ്കേതികവിദ്യയുടേയും പരിശീലനത്തിൻ്റേയും പങ്ക് എന്നിവ അഭിസംബോധന ചെയ്യുന്നതിനുള്ള ഒരു സുപ്രധാന വേദിയായി UNTCC പ്രവർത്തിക്കുന്നു.
യു.എൻ ദൗത്യങ്ങളിൽ ഏറ്റവും വലിയ സംഭാവന നല്കുന്ന രാജ്യങ്ങളിൽ ഒന്നായ ഇന്ത്യ, പ്രവർത്തനപരമായ വെല്ലുവിളികൾ, വർദ്ധിച്ചുവരുന്ന ഭീഷണികൾ, മികച്ച സമ്പ്രദായങ്ങൾ പങ്കിടൽ, ഭാവിയിലെ സമാധാന പരിപാലനത്തെക്കുറിച്ചുള്ള പങ്കിട്ട ധാരണ വളർത്തിയെടുക്കൽ എന്നിവയെക്കുറിച്ച് ചർച്ച ചെയ്യുന്നതിനാണ് ഈ ഉന്നതതല ഫോറം വിളിച്ചുകൂട്ടുന്നത്. വസുധൈവ കുടുംബകം (ലോകം ഒരു കുടുംബമാണ്) എന്ന ആശയത്തെയാണ് കോൺക്ലേവ് പ്രതിഫലിപ്പിക്കുന്നത്.
രാജ്യരക്ഷാ മന്ത്രി രാജ്‌നാഥ് സിംഗ്, വിദേശകാര്യ മന്ത്രി എസ് ജയശങ്കർ, സമാധാന പ്രവർത്തനങ്ങൾക്കായുള്ള അണ്ടർ സെക്രട്ടറി ജനറൽ (USG,DPO) ജീൻ പിയറി ലാക്രോയിക്സ് എന്നിവർ കോൺക്ലേവിനെ അഭിസംബോധന ചെയ്യും. പ്ലീനറി സെഷനുകളിൽ മേധാവികളും പ്രതിനിധി സംഘത്തലവന്മാരും അവരുടെ കാഴ്ചപ്പാടുകൾ അവതരിപ്പിക്കും. സംയുക്ത ശേഷി വികസനം, ഉഭയകക്ഷി ചർച്ചകൾ, സാംസ്കാരിക കൈമാറ്റം എന്നിവയ്‌ക്കായുള്ള പ്രതിരോധ പ്രദർശനങ്ങളും കോൺക്ലേവിൽ ഉൾപ്പെടുന്നു.
അൾജീരിയ, അർമേനിയ, ഓസ്‌ട്രേലിയ, ബംഗ്ലാദേശ്, ഭൂട്ടാൻ, ബ്രസീൽ, ബുറുണ്ടി, കംബോഡിയ, ഈജിപ്ത്, എത്യോപ്യ, ഫിജി, ഫ്രാൻസ്, ഘാന, ഇറ്റലി, കസാക്കിസ്ഥാൻ, കെനിയ, കിർഗിസ്ഥാൻ, മഡഗാസ്കർ, മലേഷ്യ, മംഗോളിയ, മൊറോക്കോ, നേപ്പാൾ, നൈജീരിയ, പോളണ്ട്, റുവാണ്ട, ശ്രീലങ്ക, സെനഗൽ,
ടാൻസാനിയ, തായ്‌ലൻഡ്, ഉഗാണ്ട, ഉറുഗ്വേ, വിയറ്റ്നാം എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരുടെ പങ്കാളിത്തം കോൺക്ലേവിൽ ഉണ്ടാകും.
ആഗോള സമാധാനം, സ്ഥിരത, പങ്കിട്ട അഭിവൃദ്ധി എന്നിവയോടുള്ള ഇന്ത്യയുടെ അചഞ്ചലമായ പ്രതിബദ്ധതയുടെ തെളിവായി ഈ പരിപാടി നിലകൊള്ളും.