• Wed. Feb 12th, 2025

24×7 Live News

Apdin News

32 ലക്ഷം ക്ഷേത്രങ്ങള്‍ ഒരു ചരടില്‍ കോര്‍ക്കാന്‍ പദ്ധതി; ഭക്തര്‍ക്ക് ക്ഷേത്രദര്‍ശനം അനായാസമാക്കാന്‍ ക്ഷേത്ര ടൂറിസം പദ്ധതിയൊരുങ്ങുന്നു

Byadmin

Feb 12, 2025


മുംബൈ: ലോകത്തിലെ 32 ലക്ഷത്തോളം ഹൈന്ദവക്ഷേത്രങ്ങളെ ഒരു ചരടില്‍ കോര്‍ക്കാനുള്ള ക്ഷേത്രടൂറിസം പദ്ധതി ഒരുങ്ങുന്നു. ഭക്തര്‍ക്ക് ക്ഷേത്രദര്‍ശനം കൂടുതല്‍ സുതാര്യവും അനായാസവും ആക്കുക എന്നാണ് ക്ഷേത്ര ടൂറിസം പദ്ധതിയുടെ ലക്ഷ്യം.

ഏകദേശം ആറ് ലക്ഷം കോടിയാണ് ഈ ക്ഷേത്രങ്ങളുടെ സാമ്പത്തിക അടിത്തറ എന്നാണ് പറയപ്പെടുന്നത്. പൊതുജനങ്ങള്‍ക്ക് ഈ 32 ലക്ഷത്തോളം ക്ഷേത്രങ്ങളില്‍ ഫലപ്രദവും സുതാര്യവുമായി ആരാധന നടത്താന്‍ സഹായകരമാവുന്ന വിധത്തില്‍ ഈ ക്ഷേത്രങ്ങളുടെ ഒരു ഫെഡറേഷന്‍ ഉണ്ടാക്കുക. ആ ഫെഡറേഷന് കീഴില്‍ ടൂറിസവും ക്ഷേത്രസര്‍ക്യൂട്ടുകളും പ്രോത്സാഹിപ്പിക്കുക എന്നതും ലക്ഷ്യമാണ്.

ഇതേക്കുറിച്ചെല്ലാം കൂടിയാലോചന നടത്താന്‍ വിവിധ ക്ഷേത്രങ്ങളിലെ ഭരണാധികാരികളെയും മാനേജ് മെന്‍റുകളെയും ഉള്‍പ്പെടുത്തി ലോകത്തിലെ ഏറ്റവും വലിയ സംഗമമാണ് തിരുപ്പതിയിലെ ആശ കണ്‍വെന്‍ഷന്‍സില്‍ ഫെബ്രുവരി 17,18,19 തീയതികളില്‍ നടക്കുന്നത്. ഇന്‍റര്‍നാഷണല്‍ ടെമ്പിള്‍സ് കണ്‍വെന്‍ഷന്‍ ആന്‍റ് എക്സ്പോ 2025 എന്ന് പേരിട്ടിരിക്കുന്ന ഈ ബൃഹദ് സംഗമത്തില്‍ ഹിന്ദു, സിഖ്, ജൈന, ബുദ്ധ ആരാധനാലയങ്ങളുടെ പ്രതിനിധികള്‍ പങ്കെടുക്കും.

ക്ഷേത്രങ്ങളുടെയും വിശ്വാസത്തിന്റെ സമ്പന്നമായ പൈതൃകം കാത്തു സൂക്ഷിക്കുന്നതോടൊപ്പം ക്ഷേത്രങ്ങളെ ആധുനികമായ ആരാധനാലയങ്ങളാക്കി മാറ്റുക എന്നതും ലക്ഷ്യങ്ങളാണ്. അന്തോദ്യയ പ്രതിഷ്ഠാനുമായി ചേര്‍ന്നാണ് ഈ സമ്മേളനം.

തുടക്കത്തില്‍ 2000 ക്ഷേത്രങ്ങളിലെ പ്രതിനിധികളാണ് സംബന്ധിക്കുക. 111ല്‍ അധികം പ്രഭാഷകരും 15 ശില്‍പശാലയും നടക്കും. 60ഓളം സ്റ്റാളുകളും ഉണ്ടായിരിക്കും. ക്ഷേത്രസമ്പദ്ഘടനയെ ശക്തിപ്പെടുത്തുക, ഭക്തരെ കൂടുതലായി ക്ഷേത്രങ്ങളുമായി ബന്ധപ്പെടുത്തുക, അവരുടെ ആരധനാനുഭവം സമ്പന്നമാക്കുക എന്നിവയും ഈ ക്ഷേത്രഫെഡറേഷന്റെ ലക്ഷ്യങ്ങളായിരിക്കും.

കോവിഡാനന്തരം ക്ഷേത്രങ്ങളിലേക്ക് ഭക്തപ്രവാഹം

കോവിഡിന് ശേഷം ലോകമെമ്പാടും ക്ഷേത്രങ്ങളിലേക്കുള്ള ഭക്തരുടെ ഒഴുക്ക് വര്‍ധിക്കുകയായിരുന്നു. ജമ്മു കശ്മീരിലെ വൈഷ്ണോദേവി ക്ഷേത്രത്തിലേക്ക് ദിവസേന 32000 മുതല്‍ 40000 വരെ ഭക്തര്‍ ഒഴുകിയെത്തുന്നു. കോവിഡിന് മുന്‍പ് ഇത് 17000 മുതല്‍ 25000 വരെ മാത്രമായിരുന്നു. അമൃതസറിലെ സുവര്‍ണ്ണക്ഷേത്രത്തില്‍ ഒരു ലക്ഷംസിഖുകാരാണ് ദിവസേന എത്തുന്നത്. ഇവിടെയും ഭക്തരുടെ എണ്ണം കോവിഡിന് മുന്‍പത്തേതിനേക്കാള്‍ എത്രയോ കൂടുതലാണ്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ സാധാരണദിവസങ്ങില്‍ മുന്‍പ് ദിവസേന 4000 ഭക്തരാണെങ്കില്‍ കോവിഡിന് ശേഷം അത് ഏഴായിരവും എണ്ണായിരവും ആയി ഉയര്‍ന്നതായി പറയുന്നു. 2032 ഓടെ മതടൂറിസം വിപണി 222 കോടി ഡോളര്‍ ആയി ഉയരുമെന്നാണ് കെപിഎംജിയുടെ കണക്കുകള്‍ പറയുന്നത്. അതായത് യുടെ മതടൂറിസം വിപണിസംയോജിത വാര്‍ഷിക വളര്‍ച്ചാനിരക്ക് 6.23 ശതമാനമാണ്.

ക്ഷേത്രഭരണം മുതല്‍ വേസ്റ്റ് മാനേജ്മെന്‍റ് വരെ ചര്‍ച്ചയാക്കും

ക്ഷേത്രഭരണം എങ്ങിനെ സുഗമമാക്കാം എന്ന വിഷയം വിപുലമായി ചര്‍ച്ച ചെയ്യും. ആള്‍ക്കൂട്ടത്തെ എങ്ങിനെ ഫലപ്രദമായി മാനേജ് ചെയ്യാം? ക്ഷേത്രസ്വത്തും ഫണ്ടും എങ്ങിനെ നല്ല രീതിയില്‍ കൈകാര്യം ചെയ്യാം? എന്നീ കാര്യങ്ങളെല്ലാം ചര്‍ച്ചാവിഷയമാകും. നിര്‍മ്മിത ബുദ്ധി, ഡിജിറ്റല്‍ ടൂളുകള്‍, ഫിന്‍ടെക് പരിഹാരങ്ങള്‍ എന്നിവ വഴി ക്ഷേത്രഭരണം എങ്ങിനെ ആധുനികമാക്കാം എന്ന കാര്യവും ചര്‍ച്ചചെയ്യും. ക്ഷേത്രത്തിലെ ഭക്ഷണ വിതരണം, മാലിന്യമാനേജ് മെന്‍റ്, പുനരുപയോഗം, പുനരുപയോഗ ഊര്‍ജ്ജ മാനേജ്മെന്‍റ്, നിയമസാധുത എന്നീ കാര്യങ്ങളെല്ലാം സമ്മേളനങ്ങളില്‍ വിശദമായി ചര്‍ച്ചകള്‍ക്ക് വിധേയമാക്കും.

 

 



By admin