അമേരിക്കയിലെ ഒർലാൻഡോ പോലീസാണ് ഏകദേശം ഒരു മാസത്തിന് ശേഷം 32കാരനായ മോഷ്ടാവിൽ നിന്ന് വജ്രകമ്മലുകൾ തിരിച്ചെടുത്തത്.

മോഷ്ടാവ് വിഴുങ്ങിയ കോടികൾ വില വരുന്ന വജ്ര കമ്മലുകൾ 26 ദിവസത്തിന് പിന്നാലെ വീണ്ടെടുത്ത് പോലീസ്. അമേരിക്കയിലെ ഒർലാൻഡോ പോലീസാണ് ഏകദേശം ഒരു മാസത്തിന് ശേഷം 32കാരനായ മോഷ്ടാവിൽ നിന്ന് വജ്രകമ്മലുകൾ തിരിച്ചെടുത്തത്. ഫ്ലോറിഡയിലെ ഓർലാൻഡോയിലെ മാളിലെ ടിഫാനി ആൻഡ് കോ എന്ന പ്രമുഖ ജ്വല്ലറി ഔട്ട്ലെറ്റിൽ നിന്നാണ് യുവാവ് വജ്ര കമ്മലുകൾ പരിശോധിക്കാനെന്ന പേരിൽ എടുത്ത് വിഴുങ്ങിയത്.
32കാരൻ ഇരുപത് ദിവസത്തോളം ഓർലാൻഡോയിലെ ആശുപത്രിയിൽ നിരീക്ഷണത്തിലായിരുന്നുവെന്നാണ് പോലീസ് വിശദമാക്കുന്നത്. മാസ്ക് ധരിച്ചെത്തി മോഷണം നടത്തിയതിനും കൊള്ളയടിച്ചതിനുമാണ് യുവാവിനെതിരെ കേസ് എടുത്തിട്ടുള്ളത്. തൊണ്ടിമുതൽ ജ്വല്ലറി ഉടമകൾക്ക് തിരികെ നൽകിയതായാണ് പോലീസ് വിശദമാക്കുന്നത്. ആഭരണം ശുദ്ധീകരിച്ചതായി ടിഫാനി ആൻഡ് കോ വിശദമാക്കിയിട്ടുണ്ട്. എൻബിഎ ബാസ്കറ്റ്ബോൾ താരം ചമഞ്ഞാണ് 32കാരൻ ജ്വല്ലറിയിലെത്തിയത്.
ജീവനക്കാരുടെ ശ്രദ്ധ മാറിയ സെക്കൻഡിൽ കോടികൾ വിലയുള്ള ആഭരണങ്ങൾ മോഷ്ടിച്ച ശേഷം ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു. ഫെബ്രുവരി 26നായിരുന്നു മോഷണം. ആറര കോടിയോളം വില വരുന്ന കമ്മലുകളാണ് ഇയാൾ വിഴുങ്ങിയത്.