മുംബൈ : നാനൂറ് കിലോ സ്ഫോടകവസ്തുക്കൾ ഉപയോഗിച്ച് മുംബൈ നഗരത്തിൽ നിരവധി സ്ഫോടനങ്ങൾ നടത്തുമെന്ന് ഭീഷണി. മുംബൈ ട്രാഫിക് പോലീസിന്റെ ഔദ്യോഗിക വാട്ട്‌സ്ആപ്പ് അക്കൗണ്ടിലാണ് ഈ ഭീഷണി ലഭിച്ചിരിക്കുന്നതെന്ന് മുംബൈ പോലീസ് പറഞ്ഞു.
നഗരത്തിലെ 34 വാഹനങ്ങളിൽ ബോംബുകളുമായി ചാവേറുകളുണ്ടെന്നും സ്ഫോടനങ്ങൾ നടത്തി മുംബൈയെ മുഴുവൻ നടുക്കും എന്നുമാണ് ഭീഷണി. കൂടാതെ 14 പാകിസ്ഥാൻ ഭീകരർ ഇന്ത്യയിലേക്ക് കടന്നതായി ലഷ്കർ-ഇ-ജിഹാദി എന്ന സംഘടനയാണ് അവകാശപ്പെട്ടിരിക്കുന്നത്. സ്ഫോടനത്തിൽ 400 കിലോ ആർഡിഎക്സ് ഉപയോഗിക്കുമെന്നും ഭീഷണി സന്ദേശത്തിൽ പറയുന്നു. ഇതേ തുടർന്ന് മുംബൈ പോലീസ് ജാഗ്രതയിലാണ്, സംസ്ഥാനത്ത് സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്. ഭീഷണിയുടെ എല്ലാ വശങ്ങളും അന്വേഷിച്ചുവരികയാണ്.
സമീപകാലത്ത് വ്യാജ ഭീഷണികളുടെ പ്രവണത വർദ്ധിച്ചു വരുന്നുണ്ട്. സ്കൂളുകൾ, വിമാനങ്ങൾ, പൊതുസ്ഥലങ്ങൾ എന്നിവ ബോംബുകൾ ഉപയോഗിച്ച് തകർക്കുമെന്ന് നിരവധി ഭീഷണി മെയിലുകളും സന്ദേശങ്ങളും ലഭിച്ചിട്ടുണ്ട്. എന്നിരുന്നാലും ഈ മെയിലുകളെല്ലാം വ്യാജമാണെന്ന് കണ്ടെത്തി. 2001 ലെ പാർലമെന്റ് ആക്രമണത്തിന്റെ സൂത്രധാരൻ അഫ്സൽ ഗുരുവിനെ തൂക്കിലേറ്റിയത് അനീതി എന്ന് വിളിച്ച് ഈ വർഷം മെയ് മാസത്തിൽ മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്‌ട്ര വിമാനത്താവളവും താജ്മഹൽ പാലസ് ഹോട്ടലും ആക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തി ഒരു ഇമെയിൽ ലഭിച്ചിരുന്നു.
കൂടാതെ 2025 മെയ് മാസത്തിൽ മഹാരാഷ്‌ട്ര സെക്രട്ടേറിയറ്റിന് ഒരു ഇമെയിൽ വഴി ബോംബ് ഭീഷണി ലഭിച്ചു. 48 മണിക്കൂറിനുള്ളിൽ സ്ഫോടനം ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ് നൽകിയിരുന്നത്.