• Sat. Feb 14th, 2026

24×7 Live News

Apdin News

35 വർഷമായി കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പക്ഷത്ത് നിൽക്കുന്നു, പറഞ്ഞുവിടുമ്പോൾ മാന്യതയുണ്ടാകണം; അതൃപ്തി പ്രകടമാക്കി നടൻ പ്രേംകുമാർ

Byadmin

Feb 14, 2026



തിരുവനന്തപുരം: അർപ്പണബോധത്തോടെ ചെയ്ത പ്രവൃത്തിയിൽ നിന്ന് പറഞ്ഞുവിടുമ്പോൾ മാന്യതയുണ്ടാകണമെന്ന് നടനും ചലച്ചിത്ര അക്കാദമി മുൻ ചെയർമാനുമായ പ്രേംകുമാർ. എന്താണ് സംഭവിച്ചതെന്ന് ഔദ്യോഗിക അറിയിപ്പ് പോലും ലഭിച്ചിട്ടില്ല. മാറ്റുന്നതും പുറത്താക്കുന്നതും എല്ലാം സർക്കാർ തീരുമാനമാണ്, പ്രേംകുമാർ പറഞ്ഞു.

ക‌ർഷക സമരത്തെക്കുറിച്ചും ഇന്ധന വിലവർദ്ധനവിനെക്കുറിച്ചുമടക്കമുള്ള തന്റെ ചില ലേഖനങ്ങൾ, തന്റെ നിലപാടുകൾ തുടങ്ങിയവ കണ്ടാണ് വൈസ് ചെയർമാൻ സ്ഥാനം ഏറ്റെടുക്കണമെന്ന് കോടിയേരി ബാലകൃഷ്‌ണൻ ആവശ്യപ്പെട്ടത്. അങ്ങനെയാണ് ചുമതലയിലേയ്‌ക്ക് വന്നത്. സിനിമ ചെയ്യാതെ പൂ‌ർണ സമയവും ഇതിനായി ചെലവഴിച്ചു. അത്രയും അർപ്പണബോധത്തോടെ ചെയ്ത പ്രവൃത്തിയിൽ നിന്ന് പറഞ്ഞുവിടുമ്പോൾ മാന്യതയുണ്ടാകണം. യാത്ര പറയാനോ, യാത്രയപ്പ് നൽകാൻ പോലും സാധിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

പാർട്ടി അംഗത്വമില്ലെങ്കിലും കഴിഞ്ഞ 35 വർഷമായി കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പക്ഷത്ത് നിൽക്കുന്നയാളാണ് താൻ. വൈസ് ചെയർമാൻ സ്ഥാനത്തുനിന്ന് പിന്നീടാണ് ചെയർമാൻ സ്ഥാനത്തെത്തിയത്. പതിനായിരം രൂപയായിരുന്നു അന്ന് ഓണറേറിയം ലഭിച്ചത്. ആശാസമര പരാമർശമാണ് തന്നെ പുറത്താക്കാനുള്ള കാരണം കാരണമെന്ന് മാധ്യമങ്ങളിൽ നിന്നാണ് അറിഞ്ഞത്. സമരത്തെ കുറിച്ച് നടത്തിയത് സദുദ്ദേശപരമായ അഭിപ്രായം മാത്രമാണ്. മനുഷ്യനായതിനാൽ എന്റെ അഭിപ്രായം പറഞ്ഞു എന്ന് മാത്രമേ ഉള്ളൂ.

തുടർഭരണം പാടില്ലെന്ന് പറഞ്ഞ സാഹിത്യ അക്കാഡമി അദ്ധ്യക്ഷൻ കെ. സച്ചിദാന്ദനെ തൽസ്ഥാനത്ത് നിന്ന് പുറത്താക്കാത്തത് ഇരട്ട നീതിയാണെന്ന് പ്രേംകുമാർ കഴിഞ്ഞദിവസം ആരോപിച്ചിരുന്നു. തനിക്ക് ഇല്ലാത്ത എന്തോ അദ്ഭുത സിദ്ധി സച്ചിദാനന്ദന് ഉണ്ടെന്നും പ്രേംകുമാർ ഫേസ്ബുക്ക് പോസ്റ്റിൽ പരിഹസിച്ചു.

ഇതിനിടെ വിഷയത്തിൽ പ്രതികരിച്ചിരിക്കുകയാണ് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. അക്കാദമി ഭരണസമിതിയുടെ കാലാവധി പൂർത്തിയായതിനെത്തുടർന്ന് സ്വാഭാവികമായ നടപടിക്രമമെന്ന നിലയിലാണ് പുതിയ സമിതിയെ തിരഞ്ഞെടുത്തത്. ഇന്ത്യൻ സിനിമാ ലോകത്തിന്റെ തന്നെ അഭിമാനമായ റസൂൽ പൂക്കുട്ടിയാണ് അടുത്ത ചെയർമാൻ ആയി സ്ഥാനം ഏറ്റെടുത്തത്. ഈ നിയമനം പ്രേംകുമാറും അഭിനന്ദിക്കുകയും അംഗീകരിക്കുകയും ചെയ്തതാണ്.

കാലാവധി കഴിഞ്ഞ ഒരു സമിതിക്ക് പകരം മറ്റൊന്ന് വരുന്നത് ഭരണപരമായ ഒരു പ്രക്രിയ മാത്രമാണ്. അല്ലാതെ പ്രേം കുമാറിനെ സ്ഥാനത്തുനിന്നും മാറ്റുകയോ ഒഴിവാക്കുകയോ ചെയ്തതല്ലെന്ന് മന്ത്രി വ്യക്തമാക്കി.

By admin