മംഗളൂരു
മുപ്പത്തിയെട്ടുമാസത്തെ ശമ്പള കുടിശ്ശികയടക്കം ആവശ്യപ്പെട്ട് കര്‍ണാടക സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍ (കെഎസ്ആര്‍ടിസി) ജീവനക്കാര്‍ പ്രഖ്യാപിച്ച അനിശ്ചിതകാല പണിമുടക്ക് ഡിസംബർ 31 മുതൽ. മാറിമാറി വന്ന കോൺഗ്രസ്, ബിജെപി സര്‍ക്കാരുകള്‍ തുടരുന്ന ദ്രോഹ നടപടികള്‍ക്കെതിരെ തൊഴിലാളികളുടെ സംയുക്ത സമര സമിതിയാണ് അനിശ്ചിതകാല സമരം പ്രഖ്യാപിച്ചത്.
കര്‍ണാടക സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍ (കെഎസ്ആര്‍ടിസി), ബംഗളൂരു മെട്രോപൊളിറ്റന്‍ ട്രാൻസ്പോര്‍ട്ടേഷന്‍ കോര്‍പറേഷന്‍ (ബിഎംടിസി), കല്യാണ കര്‍ണാടക റോഡ് ട്രാൻസ്പോര്‍ട്ട് കോര്‍പറേഷന്‍ (കെകെആര്‍ടിസി), നോര്‍ത്ത് വെസ്റ്റേൺ റോഡ് ട്രാൻസ്പോര്‍ട്ട് കോര്‍പറേഷന്‍ (എൻഡബ്ല്യുആര്‍ടിസി) എന്നീ നാലു കോര്‍പറേഷനുകളിലായി 8010 കോടി രൂപയുടെ കുടിശ്ശികയാണുള്ളത്.
2020 ജനുവരി മുതൽ 2023 ഫെബ്രുവരി വരെയുള്ള 38 മാസത്തെ കുടിശ്ശികയായി ജീവനക്കാര്‍ക്ക് നൽകാനുള്ളത് 1785 കോടി രൂപയാണ്. പ്രൊവിഡന്റ് ഫണ്ടിനത്തിൽ 2,900 കോടിയും വിരമിച്ച ജീവനക്കാരുടെ ഡിഎ അലവൻസ് ഇനത്തിൽ 325 കോടിയും നൽകാനുണ്ട്. വനിതകൾക്ക് സൗജന്യ യാത്ര നൽകുന്ന ശക്തി പദ്ധതിയുടെ 2,000 കോടി കുടിശ്ശിക, ഇന്ധന ചെലവിനത്തിൽ 1,000 കോടി തുടങ്ങിയവ ഗതാഗത കോർപറേഷനുകൾക്ക് ഉടനടി നൽകുക, വേതന പരിഷ്കരണം 2024 ജനുവരി മുതൽ പ്രാബല്യത്തിൽ വരുത്തുക, എല്ലാ ഗതാഗത കോർപറേഷനുകൾക്കും കാഷ്‌ലെസ് ആരോഗ്യ ഇൻഷുറൻസ് നടപ്പാക്കുക തുടങ്ങിയവയാണ് തൊഴിലാളികളുടെ ആവശ്യങ്ങൾ.
ലേബർ കമീഷണർ യൂണിയനുകളുമായി വെള്ളിയാഴ്ച നടത്താനിരുന്ന ചർച്ച മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെ നിര്യാണത്തെ തുടര്‍ന്ന് ദുഃഖാചരണം പ്രഖ്യാപിച്ചതിനാൽ തിങ്കളാഴ്ചത്തേക്ക് മാറ്റി. ചർച്ചയിൽ അനുകൂല തീരുമാനങ്ങൾ ആകാത്തപക്ഷം ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്ന് ട്രേഡ് യൂണിയൻ നേതാക്കൾ പറഞ്ഞു. യൂണിയനുകളെ പിളർത്തി സമരം പൊളിക്കാൻ കോൺഗ്രസ് സർക്കാർ ശ്രമിക്കുന്നതായും നേതാക്കൾ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ