• Tue. Oct 15th, 2024

24×7 Live News

Apdin News

4 ലക്ഷം വായ്പ​യെടുത്തു; തിരിച്ചടക്കാനായില്ല; പെരുവഴിയിലായി ഒരു കുടുംബം

Byadmin

Oct 14, 2024


കൊച്ചിയില്‍ വീട് ജപ്തി ചെയ്തതിനെ തുടര്‍ന്ന് അമ്മയും മക്കളും പെരുവഴിയില്‍. ജപ്തി ചെയ്ത വീടിന് മുന്നില്‍ എന്ത് ചെയ്യണം എന്നറിയാതെ കഴിയുകയാണ് മൂന്നംഗ കുടുംബം. ​​​ ​. മക്കളെ ഉപേക്ഷിച്ച് ഭർത്താവ് പോയപ്പോഴും അവരെ ചേർത്ത് പിടിച്ച് തോൽക്കില്ലെന്ന മനസ്സുറപ്പോടെയാണ് പറവൂർ വടക്കേക്കര കണ്ണെഴത് വീട്ടിൽ സന്ധ്യ ജീവിച്ചത്.

2019 ൽ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്ന് ലൈഫ് ഭവന പദ്ധതിയിൽ അനുവദിച്ച വീടിന്‍റെ നിർമ്മാണം പൂർത്തിയാക്കാനാണ് ഇവർ നാല് ലക്ഷം രൂപ വായ്പയെടുത്തത്. രണ്ട് വർഷം മുൻപ് ഭാര്യയെയും മക്കളെയും ഉപേക്ഷിച്ച് പോയ ഭർത്താവ് മറ്റൊരു സ്ത്രീക്കൊപ്പം താമസമാക്കിയെന്ന് സന്ധ്യ പറയുന്നു. ഇതോടെ എല്ലാ ബാധ്യതകളും സന്ധ്യയുടെ ചുമലിലായി. അതിന് ശേഷം സന്ധ്യക്ക് ഇഎംഐ അടക്കാൻ സാധിച്ചില്ല. ഇതിന് പുറമെ 8 ലക്ഷത്തോളം രൂപ കുടുംബത്തിന് വേറെയും കടമുണ്ട്. ഇതെല്ലാം സന്ധ്യയുടെ മാത്രം ഉത്തരവാദിത്തമായി.

തന്റെ ജോലിയിൽ നിന്ന് ലഭിക്കുന്ന 9000 രൂപ വരുമാനം മാത്രമായിരുന്നു സന്ധ്യയുടെ ആശ്രയം. 8000 രൂപ ധനകാര്യ സ്ഥാപനത്തിൽ വായ്പാ തിരിച്ചടവിന് പ്രതിമാസം വേണ്ടിയിരുന്നു. ആയിരം രൂപ കൊണ്ട് 2 മക്കളുമായി ജീവിക്കാൻ കഴിയില്ലെന്ന സ്ഥിതി വന്നതോടെയാണ് വായ്പാ തിരിച്ചടവ് മുടങ്ങിയത്. ഇതോടെ പലിശയ്ക്ക് മേലെ പലിശയായി കടം പെരുകി, അത് 12 ലക്ഷത്തിലേക്ക് എത്തി.

വായ്പ തിരിച്ചടക്കാൻ നിർധനയായ ഇവര്‍ക്ക് സാധിച്ചില്ല. ഇതോടെയാണ് വീട് ജപ്തി ചെയ്യുന്ന നിലയിലേക്ക് പോയത്. ഇന്ന് സന്ധ്യയും മക്കളും വീട്ടിൽ ഇല്ലാതിരുന്ന സമയത്ത് ബാങ്ക് ഉദ്യോഗസ്ഥരെത്തി വീടിന് മുന്നിൽ നോട്ടീസ് പതിച്ചു. വീട്ടിനകത്തെ സാധനങ്ങൾ പോലും ഇവർക്ക് എടുക്കാൻ കഴിഞ്ഞില്ല. വീട്ടിൽ തിരികെ കയറാൻ കഴിയാതെ ഇനി പച്ചവെള്ളം കുടിക്കില്ലെന്ന് ദൃ‌ഢനിശ്ചയത്തിലാണ് ഇപ്പോള്‍ സന്ധ്യ.

By admin