കോട്ടയം: അയ്യപ്പന്മാര്‍ക്കു യാത്രാ സൗകര്യമൊരുക്കി വരുമാന നേട്ടം കൊയ്ത് കെ.എസ്.ആര്‍.ടി.സി. മണ്ഡല, മകര വിളക്ക് സീസണില്‍ കോട്ടയം ഡിപ്പോയുടെ വരുമാനം 4.81 കോടി രൂപ. പരാതികളില്ലാതെ സര്‍വീസ് ഓപ്പറേറ്റ് ചെയ്തതിനൊപ്പം വരുമാനത്തിലും നേട്ടം കൈവരിക്കാന്‍ കഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് ഡിപ്പോ അധികൃതര്‍. മുന്‍ സീസണുകളില്ലൊം, ഒരു ദിവസമെങ്കിലും ബസില്ലെന്ന കാരണത്താല്‍ റെയില്‍വേ സ്‌റ്റേഷനില്‍ സംഘര്‍ഷമുണ്ടാകുമായിരുന്നു. എന്നാല്‍, ഇത്തവണ സ്‌റ്റേഷനിലെത്തിയ മുഴുവന്‍ യാത്രക്കാരെയും താമസമില്ലാതെ എരുമേലിയ്ക്കും പമ്പയ്ക്കും അയയ്ക്കാന്‍ കെ.എസ്.ആര്‍.ടി.സിക്കു കഴിഞ്ഞു.
നവംബര്‍ 14നു തുടങ്ങിയ മണ്ഡലകാല സര്‍വീസില്‍ നിന്നുള്ള വരുമാനം 3.06 കോടിയായിരുന്നു. കഴിഞ്ഞ ദിവസം അവസാനിച്ച മകര വിളക്ക് സീസണില്‍ നേടിയത് 1.75 കോടി രൂപയും. രണ്ടു സീസണുകളിലും മുന്‍ തവണത്തേക്കാള്‍ വരുമാനത്തില്‍ വര്‍ധനയുണ്ടായി. രണ്ടു സീസണുകളിലുമായി 44 ബസുകളാണ് പ്രതിദിനം സര്‍വീസ് നടത്തിയിരുന്നത്. കോട്ടയം, പാലാ ഡിപ്പോകളില്‍ നിന്ന് ആറു വീതവും ചങ്ങനാശേരി-മൂന്ന്, ഈരാറ്റുപേട്ട, മാനന്തവാടി, പെരിന്തല്‍മണ്ണ, പിറവം, തൊട്ടില്‍പാലം, ബത്തേരി എന്നിവിടങ്ങളില്‍നിന്ന് രണ്ട് വീതം, കുളത്തൂപ്പുഴ, കോതമംഗലം, കണ്ണൂര്‍, മണ്ണാര്‍ക്കാട്, മാനന്തവാടി, നെടുങ്കണ്ടം, പെരുമ്പാവൂര്‍, പൊന്‍കുന്നം, പയ്യന്നൂര്‍, പൊന്നാനി, തൊടുപുഴ, വൈക്കം എന്നിവിടങ്ങളില്‍നിന്ന് ഒന്നു വീതം എന്നിങ്ങനെയായിരുന്നു ബസുകള്‍ അനുവദിച്ചിരുന്നത്.
ഏറ്റവും അധികം തീര്‍ഥാടകര്‍ ശബരിമലയിലേക്ക് പോകുന്നത് കോട്ടയം റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയാണ്. രാപകല്‍ ഭേദമെന്യേ ഇവര്‍ക്കായി മുഴുവന്‍ സമയവും കെ.എസ്.ആര്‍.ടി.സി. ബസുകള്‍ സ്‌റ്റേഷനിലുണ്ടായിരുന്നു. കെ.എസ്.ആര്‍.ടി.സി. സ്റ്റാന്റിലെത്തുന്ന തീര്‍ഥാടകരെയും റെയില്‍വേ സ്‌റ്റേഷനിലേക്ക് പറഞ്ഞുവിട്ട് അവിടെ നിന്നാണ് പമ്പയിലേക്കും എരുമേലിയിലേക്കും കൊണ്ടുപോയിരുന്നത്. റെയില്‍വേ സ്‌റ്റേഷനിലും കെ.എസ്്.ആര്‍.ടി.സി. സ്റ്റാന്റിലുമായി രണ്ടു സ്‌പെഷല്‍ കൗണ്ടറുകളും തീര്‍ഥാടകര്‍ക്കായി ക്രമീകരിച്ചിരുന്നു.