
ന്യൂഡല്‍ഹി: മുസ്തഫാബാദില്‍ നാലുനില കെട്ടിടം തകര്‍ന്നുവീണ് നാല് പേര്‍ മരിച്ചു. 14 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. നിരവധി പേര്‍ ഇപ്പോഴും അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.
പുലര്‍ച്ചെ രണ്ടു മണിയോടെയായിരുന്നു സംഭവം നടന്നത്. ദേശീയ ദുരന്ത നിവാരണ സേന (എന്‍ഡിആര്‍എഫ്), ഡല്‍ഹി ഫയര്‍ സര്‍വീസസ്, ഡല്‍ഹി പോലീസ് എന്നിവയിലെ സംഘങ്ങള്‍ രക്ഷാപ്രവര്‍ത്തനം നടത്തിക്കൊണ്ടിരിക്കുകയാണ്.
14 പേരെ രക്ഷപ്പെടുത്തി, നാല് പേര്‍ മരിച്ചു. 8-10 പേര്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. കെട്ടിടം തകരാനുള്ള കാരണം അറിവായിട്ടില്ല. പരിക്കേറ്റവരെ ജിടിപി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡല്‍ഹിയുടെ ചില ഭാഗങ്ങളില്‍ കനത്ത മഴയും കാറ്റും ഇടിമിന്നലും അനുഭവപ്പെട്ടതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് വീട് തകര്‍ന്ന സംഭവം റിപ്പോര്‍ട്ട് ചെയ്തത്.
പുലര്‍ച്ചെ 2:50 ഓടെ സംഭവത്തെക്കുറിച്ച് തങ്ങള്‍ക്ക് ഒരു കോള്‍ ലഭിച്ചതായി ഡിവിഷണല്‍ ഫയര്‍ ഓഫീസര്‍ രാജേന്ദ്ര അത്വാള്‍ പറഞ്ഞു. ഉടന്‍ സ്ഥലത്തെത്തിയപ്പോള്‍ കെട്ടിടം പൂര്‍ണ്ണമായും തകര്‍ന്ന അവസ്ഥയിലായിരുന്നു. ആളുകള്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായും കണ്ടെത്തി. ആളുകളെ രക്ഷിക്കാന്‍ എന്‍ഡിആര്‍എഫും ഡല്‍ഹി ഫയര്‍ സര്‍വീസസും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.