• Sat. Oct 10th, 2026

24×7 Live News

Apdin News

42-ാം വയസ്സിലും ‘മിസ്റ്റർ 360’! 37 പന്തിൽ സെഞ്ച്വറി നേടി എ ബി ഡിവില്ലിയേഴ്സിന്റെ താണ്ഡവം

Byadmin

Oct 10, 2026


ഷാർജ: അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച് എട്ടു വർഷങ്ങൾ പിന്നിട്ടിട്ടും തന്റെ പഴയ താണ്ഡവത്തിന് ഒട്ടും മങ്ങലേറ്റിട്ടില്ലെന്ന് തെളിയിച്ചിരിക്കുകയാണ് ദക്ഷിണാഫ്രിക്കൻ ഇതിഹാസം എ ബി ഡിവില്ലിയേഴ്സ്. വേൾഡ് ചാമ്പ്യൻഷിപ്പ് ഓഫ് ലെജൻഡ്സിൽ (WCL 2026) ഓസ്ട്രേലിയ ചാമ്പ്യൻസിനെതിരെ വെറും 37 പന്തിൽ സെഞ്ച്വറി തികച്ചാണ് 42-കാരനായ ഡിവില്ലിയേഴ്സ് ആരാധകരെ ആവേശത്തിലാഴ്ത്തിയത്. 40 പന്തിൽ 111 റൺസുമായി പുറത്താകാതെ നിന്ന ഡിവില്ലിയേഴ്സ് ദക്ഷിണാഫ്രിക്ക ചാമ്പ്യൻസിന് എട്ട് വിക്കറ്റിന്റെ ഉജ്ജ്വല വിജയമാണ് സമ്മാനിച്ചത്.

210 റൺസ് ലക്ഷ്യം അനായാസം മറികടന്ന് ദക്ഷിണാഫ്രിക്ക

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ ചാമ്പ്യൻസ് ഡി ആർസി ഷോർട്ട് (66), ഡേവിഡ് വാർണർ (48), ജോ ബേൺസ് എന്നിവരുടെ പ്രകടന മികവിൽ 20 ഓവറിൽ 209/5 എന്ന കൂറ്റൻ സ്കോർ പടുത്തുയർത്തി. എന്നാൽ എതിർ ബൗളിം​ഗ് നിരയെ കടന്ന് ആക്രമിച്ചു കളിച്ച ബാറ്റിംഗിലൂടെ 210 റൺസ് എന്ന വലിയ ലക്ഷ്യം ദക്ഷിണാഫ്രിക്കൻ ചാമ്പ്യൻസ് 15.4 ഓവറിൽ അനായാസം മറികടന്നു.

മൂന്നാം നമ്പറിലിറങ്ങിയ ഡിവില്ലിയേഴ്സ് 6 ഫോറുകളും 11 കൂറ്റൻ സിക്സറുകളും പറത്തിയാണ് ഓസീസ് ബൗളർമാരെ നിലംപരിശാക്കിയത്. കവറിലും ലോങ് ഓഫിലും മിഡ് വിക്കറ്റിലുമെല്ലാം തനതു ശൈലിയിൽ മൈതാനത്തിന്റെ എല്ലാ കോണുകളിലേക്കും സിക്സറുകൾ പായിച്ച് അദ്ദേഹം ഗ്രൗണ്ടിൽ റൺമഴ പെയ്യിച്ചു.

വിരമിച്ചിട്ടും വീര്യം ചോരാതെ ഡിവില്ലിയേഴ്സ്

ഓപ്പണർ റിച്ചാർഡ് ലെവി 29 പന്തിൽ 62 റൺസ് നേടി മികച്ച പിന്തുണ നൽകിയതോടെ മറ്റ് താരങ്ങളായ ഫഫ് ഡു പ്ലെസിസ്, ജെ പി ഡുമിനി എന്നിവർക്ക് അധികം ബുദ്ധിമുട്ടേണ്ടി വന്നില്ല.

2021-ലെ ഐപിഎല്ലിലാണ് ഡിവില്ലിയേഴ്സ് അവസാനമായി ഏതെങ്കിലും തരത്തിലുള്ള പ്രൊഫഷണൽ ഫ്രാഞ്ചൈസി ക്രിക്കറ്റ് കളിച്ചത്. എന്നാൽ അഞ്ച് വർഷത്തിന് ശേഷവും 42-ാം വയസ്സിലും ‘മിസ്റ്റർ 360’ എന്ന വിശേഷണം കാത്തുസൂക്ഷിച്ചുകൊണ്ട് ഡിവില്ലിയേഴ്സ് നടത്തുന്ന ഈ ആധിപത്യം ക്രിക്കറ്റ് ലോകത്തെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്.







By admin