
മുംബൈ: ലോകത്തിലെ ഏറ്റവും സമ്പന്നമായ കോര്‍പറേഷനായ മുംബൈ കോര്‍പറേഷനില്‍ 44 വര്‍ഷം മുന്‍പ് ബിജെപിക്കാരനായ മേയര്‍ ഉണ്ടായിരുന്നു എന്ന് പലര്‍ക്കും വിശ്വസിക്കാന്‍ പ്രയാസം. എല്ലാവരും കരുതുന്നത് അടുത്ത ആഴ്ച മുംബൈ കോര്‍പറേഷന്‍ മേയറായി സ്ഥാനമേല്‍ക്കാന്‍പോകുന്ന വനിതകളായ അൽക കെർക്കറോ രാജശ്രീ ഷിർവാദ്കറോ ആയിരിക്കും മുംബൈയിലെ ആദ്യ ബിജെപി മേയര്‍ എന്ന് നിങ്ങള്‍ കരുതിയാല്‍ നിങ്ങള്‍ക്ക് തെറ്റ് പറ്റി എന്ന് പറയേണ്ടിവരും.
കാരണം 44 വർഷം മുമ്പ് ബിജെപി മുംബൈയിൽ ആദ്യത്തെ മേയറെ നിയമിച്ചിരുന്നു, കർണാടകയിലെ ഉഡുപ്പിയിൽ നിന്നുള്ള ഡോ. പ്രഭാകർ സഞ്ജീവ് പൈ ആയിരുന്നു ആ മേയര്‍.
ബിജെപിയുടെ മുംബൈയിലെ ആദ്യ മേയർ ആരായിരുന്നു?
ബിജെപി രൂപീകരിച്ച് രണ്ട് വർഷങ്ങൾക്ക് ശേഷം, 1982 മുതൽ 83 വരെ ബോംബെയുടെ ( ഇപ്പോഴത്തെ മുംബൈ) 53-ാമത് മേയറായിരുന്നു ഡോ. പ്രഭാകർ പൈ.
ബിജെപി മേയറിനുള്ള അടിത്തറ എങ്ങനെ ഒരുങ്ങി?
1975 ൽ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ ഏർപ്പെടുത്തിയതിനെത്തുടർന്നുണ്ടായ രാഷ്‌ട്രീയ ചലനങ്ങളാണ് മുംബൈയിൽ ബിജെപി മേയറെ പ്രാപ്തമാക്കിയ സാഹചര്യങ്ങൾ രൂപപ്പെടുത്തിയത്. 1977 ൽ വിശാലമായ കോൺഗ്രസ് വിരുദ്ധ സഖ്യമായി ജനതാ പാർട്ടി രൂപീകരിച്ച കാലഘട്ടമാണിത്. ബിജെപിയുടെ പ്രത്യയശാസ്ത്രപരവും സംഘടനാപരവുമായ മുൻഗാമിയായ ഭാരതീയ ജനസംഘമായിരുന്നു അതിന്റെ പ്രധാന ഘടകങ്ങളിലൊന്ന്. ജനസംഘ നേതാക്കൾ ഒരു പ്രത്യേക പാർട്ടി രൂപീകരിക്കുന്നതിനുപകരം ജനതാ പാർട്ടിയിൽ ലയിച്ചു.
1978-ലെ മുംബൈ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പുകളിൽ ജനതാ പാർട്ടി 80-ലധികം സീറ്റുകൾ നേടി. അന്ന് ബിജെപി രൂപീകരിക്കപ്പെട്ടിട്ടില്ല. ആര്‍എസ്എസിന്റെ നേതൃത്വത്തില്‍ രൂപീകരിക്കപ്പെട്ട ജനസംഘം പ്രത്യേക പാര്‍ട്ടിയായി നില്‍ക്കാതെ ജനതാദളില്‍ പ്രവര്‍ത്തിച്ചു. ആ തെരഞ്ഞെടുപ്പില്‍ കോൺഗ്രസിനും ശിവസേനയ്‌ക്കും 25 ഉം 21 ഉം സീറ്റുകൾ ലഭിച്ചു. ആ 80 സീറ്റ് നേടിയ ജനതാ പാര്‍ട്ടിയില്‍ നിന്നും മുംബൈയുടെ മേയറായി തെരഞ്ഞെടുക്കപ്പെട്ടത് പൈ ആയിരുന്നു. അദ്ദേഹം 1982-83 കാലഘട്ടത്തിലാണ് മുംബൈയുടെ മേയര്‍ ആയത്. അപ്പോഴേക്കും ബിജെപി രൂപീകരിക്കപ്പെട്ടിരുന്നു. 1980ല്‍ രൂപീകരിക്കപ്പെട്ട ബിജെപിയില്‍ പൈ ചേര്‍ന്നിരുന്നു. അതിന് ശേഷമാണ് മേയര്‍ സ്ഥാനത്തിന് വാതില്‍ തുറന്നുകിട്ടിയത്. അങ്ങിനെ 1982 ൽ പൈ മുംബൈയുടെ മേയറായി സ്ഥാനമേറ്റു. .
ഡോക്ടറും സാമൂഹിക പ്രവർത്തകനുമായിരുന്നു എന്നതിനാല്‍ പൈയ്‌ക്ക് വലിയ പൊതുജനസമ്മിതി ഉണ്ടായിരുന്നു. ഡോ. പൈയുടെ കരിയർ വളരെ മികച്ചതായിരുന്നു. ബാന്ദ്ര വെസ്റ്റിൽ നിന്ന് നിരവധി തവണ കോർപ്പറേറ്ററായിരുന്ന അദ്ദേഹം മുംബൈ മേയറാകുന്നതിന് മുമ്പ് ബെസ്റ്റ്, മെഡിക്കൽ റിലീഫ് & പബ്ലിക് ഹെൽത്ത് തുടങ്ങിയ കമ്മിറ്റികളുടെ തലവനായിരുന്നു.