
തിരുവനന്തപുരം : വര്‍ഷത്തില്‍ അഞ്ച് ചലാനുകള്‍ ലഭിച്ചാല്‍ ഡ്രൈവിംഗ് ലൈസന്‍സ് റദ്ദാക്കുന്നതുള്‍പ്പെടെ സംസ്ഥാനത്ത് മോട്ടോര്‍ വാഹന നിയമങ്ങള്‍ കര്‍ശനമാക്കുന്നു. കേന്ദ്ര നിയമം കേരളത്തിലും നടപ്പാക്കും. ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഉത്തരവ് ഉടന്‍ ഇറങ്ങും.
പിഴയടയ്‌ക്കാന്‍ 45 ദിവസത്തെ സാവകാശം. പിഴ കുടിശികയുള്ള വാഹനങ്ങള്‍ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തും. കരിമ്പട്ടികയില്‍ ഉളള വാഹനങ്ങള്‍ക്ക് ഉടമസ്ഥാവകാശ കൈമാറ്റം, ഫിറ്റ്നസ് തുടങ്ങിയ സേവനങ്ങള്‍ തടയും. നിയമനടപടികള്‍ വാഹനത്തിന്റെ ആര്‍സി ഉടമയ്‌ക്കെതിരെയായിരിക്കും. മറ്റൊരാളാണ് വാഹനമോടിച്ചതെന്ന് തെളിയിക്കേണ്ട ബാധ്യത ഉടമയ്‌ക്ക്.
ഗതാഗത നിയമം ലംഘിച്ച വ്യക്തി ഇതുമായി ബന്ധപ്പെട്ട ചലാനുകള്‍ മൂന്ന് ദിവസത്തിനുള്ളില്‍ ഇലക്ട്രോണിക്കലായോ 15 ദിവസത്തിനുള്ളില്‍ നേരിട്ടോ കൈപ്പറ്റാം. അതിന് ശേഷം 45 ദിവസത്തിനുള്ളില്‍ പിഴ അടയ്‌ക്കണം. നിയമലംഘനം നടന്നിട്ടില്ലെന്ന് വാദമുണ്ടെങ്കില്‍ തെളിവ് നല്‍കണം.ഇതിന് തയാറായില്ലെങ്കില്‍ ലൈസന്‍സ്, രജിസ്ട്രേഷന്‍ ഉള്‍പ്പെടെയുള്ളവ സസ്പെന്‍ഡ് ചെയ്യുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കും.
നിയമലംഘനം നടത്തുകയും മൂന്ന് മാസം വരെ പിഴയടയ്‌ക്കാതിരിക്കുകയും ചെയ്യുന്ന ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദാക്കാന്‍ നിര്‍ദേശമുണ്ട്.ചുവപ്പ് സിഗ്‌നല്‍ ലംഘിക്കല്‍, അപകടകരമായ ഡ്രൈവിംഗ് തുടങ്ങിയ നിയമലംഘനങ്ങള്‍ക്ക് മൂന്നില്‍ ഏറെ തവണ ചലാന്‍ ലഭിച്ചിട്ടുണ്ടെങ്കില്‍ അത്തരക്കാരുടെ ഡ്രൈവിംഗ് ലൈസന്‍സ് മൂന്ന് മാസം വരെ സസ്പെന്‍ഡ് ചെയ്യാന്‍ സര്‍ക്കാരിന് സാധിക്കും.
നിയമലംഘകരുടെയും വാഹനങ്ങളുടെയും വിവരങ്ങള്‍ വാഹന-സാരഥി പോര്‍ട്ടലിലേക്ക് കൈമാറും.