വെറും 37 മിനിറ്റ് കാർ പാർക്ക് ചെയ്തതിന് 500 രൂപ വാങ്ങിയെന്ന പരാതി ഉയർന്നതിനെ തുടർന്ന് കരാറുകാർക്കെതിരെ പോലീസ് കേസെടുത്തു

ബെംഗളൂരു ബയ്യപ്പനഹള്ളി റെയിൽവേ സ്റ്റേഷനിൽ റെയിൽവേ നിശ്ചയിച്ചിട്ടുള്ളതിലും കൂടുതൽ പണം പാർക്കിങ് ഫീസായി ഈടാക്കുന്നതായി പരാതി. വെറും 37 മിനിറ്റ് കാർ പാർക്ക് ചെയ്തതിന് 500 രൂപ വാങ്ങിയെന്ന പരാതി ഉയർന്നതിനെ തുടർന്ന് കരാറുകാർക്കെതിരെ പോലീസ് കേസെടുത്തു. മാതാപിതാക്കളെ കൂട്ടികൊണ്ടുപോകാൻ കാറിൽ സ്റ്റേഷനിൽ എത്തിയ അഭിഭാഷകൻ തിമോത്തി ചാൾസ് ആണു പരാതി നൽകിയത്. കാറുകൾക്ക് ആദ്യ 2 മണിക്കൂറിൽ ചട്ടപ്രകാരം 20 രൂപ മാത്രമാണ് ഫീസ് ഈടാക്കാനാകുക.
കാര്‍ പാർക്ക് ചെയ്ത് പണം നൽകി പോയതിന് ശേഷം തിരിച്ചെത്തിയപ്പോൾ അനുവദനീയമായ സമയം കഴിഞ്ഞെന്നും 100 രൂപ കൂടി
അധികം നൽകണമെന്നും കരാറുകാരൻ ആവശ്യപ്പെട്ടു. തർക്കമായതോടെ 37 മിനിറ്റ് പാർക്ക് ചെയ്യാൻ 500 രൂപയാണ് കരാറുകാരൻ ആവശ്യപ്പെട്ടത്. തുടർന്ന് തെളിവ് സഹിതം ഇയാൾ പരാതി നൽകുകയായിരുന്നു.
ജീവനക്കാരുടെ മെഷീനുകൾ ഉൾപ്പെടെ റെയിൽവേ ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. വിശദ അന്വേഷണം നടത്തി ജീവനക്കാർക്കെതിരെ നടപടി സ്വീകരിക്കാൻ പൊലീസും റെയിൽവേയും തയാറാകണമെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടു.