
ന്യൂദല്‍ഹി:2020ല്‍ നടന്ന പൗരത്വവിരുദ്ധപ്രക്ഷോഭത്തിന്റെ ഭാഗമായി ജെഎന്‍യു കാമ്പസിലും മറ്റ് കാമ്പസുകളിലും നിന്ന് പൊട്ടിപ്പുറപ്പെട്ട ദല്‍ഹി നഗരത്തില്‍ വലിയ കലാപമായി മാറുകയും ചെയ്ത പ്രക്ഷോഭം മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള പ്രക്ഷോഭമായിരുന്നുവെന്ന് റിപ്പബ്ലിക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമി. ദല്‍ഹി പൊലീസ് തയ്യാറാക്കിയ ആയിരത്തിലധികം പേജുള്ള റിപ്പോര്‍ട്ടിനെ ഉദ്ധരിച്ചാണ് അര്‍ണബ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുകയാണ്. ഇപ്പോള്‍ ഈ കേസില്‍ യുഎപിഎ ചുമത്തി അഞ്ച് വര്‍ഷമായി ജലിയില്‍ അടച്ച കുറ്റവാളികള്‍ക്ക് ജാമ്യം നല്‍കാന്‍ ആവശ്യപ്പെട്ടുള്ള കേസ് സുപ്രീംകോടതി പരിഗണിച്ചുവരികയാണ്.
53 പേരുടെ മരണത്തില്‍ കലാശിച്ച ആ കലാപത്തിന് നേതൃത്വം നല്‍കിയ ജെഎന്‍യു കാമ്പസിലെ ഇടത് വിദ്യാര്‍ത്ഥിനേതാക്കളായ ഉമര്‍ഖാലിദ്, ഷെര്‍ജീല്‍ ഇമാം, ഗുല്‍ഫിഷ ഫാത്തിമ എന്നിവരെയും മീരാന്‍ ഹൈദര്‍, ഷിഫ ഉര്‍ റഹ്മാന്‍, മുഹമ്മദ് സലിം ഖാന്‍ എന്നിവരെയും യുഎപിഎ ചുമത്തി ജയിലില്‍ അടച്ചിരിക്കുകയാണ്. വിചാരണ കൂടാതെ ഇവര്‍ അഞ്ച് വര്‍ഷം ജയിലില്‍ അടച്ചത് വലിയ കുറ്റമായി ചൂണ്ടിക്കാട്ടി കപില്‍ സിബല്‍, അഭിഷേക് മനു സിംഘ് വി എന്നിവരുടെ നേതൃത്വത്തില്‍ വന്‍ അഭിഭാഷക സംഘം ഇവരുടെ ജാമ്യത്തിനായി സുപ്രീംകോടതിയില്‍ വാദിച്ചുവരികയാണ്.
എന്നാല്‍ ഈ കലാപം മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള വലിയ ഗൂഢാലോചനയുടെ അടിസ്ഥാനത്തിലുള്ള നീക്കമായിരുന്നുവെന്നാണ് ദല്‍ഹി പൊലീസ് തയ്യാറാക്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അര്‍ണബ് ഗോസ്വാമി വാദിക്കുന്നത്. ഈ വിദ്യാര്‍ത്ഥികളുടെ ഗൂഢാലോചനയുടെ ഫലമായി വടക്കു കിഴക്കന്‍ ദല്‍ഹിയിലെ സിലംപൂര്‍, ജാഫര്‍ബാദ്, ബാബര്‍ പൂര്‍ എന്നിവിടങ്ങളില്‍ കലാപം പൊട്ടിപ്പുറപ്പെടുകയായിരുന്നു. 2020 ഫെബ്രുവരി 23ന് പൊട്ടിപ്പുറപ്പെട്ട കലാപം ഒരാഴ്ചയോളം നീണ്ടു. സ്വാഭാവികമായി പൊട്ടിപ്പുറപ്പെട്ട യുവാക്കളുടെ കലാപം എന്ന് വരുത്തിതീര്‍ക്കാനായിരുന്നു ശ്രമം എങ്കിലും കൃത്യമായ ആസൂത്രണത്തോടെ നടക്കപ്പെട്ട ഭരണമാറ്റം ലക്ഷ്യമാക്കിയുള്ള കലാപമായിരുന്നു ഇതെന്ന് പറയുന്നു.
ആള്‍ക്കൂട്ടക്കൊലപാതകങ്ങള്‍ നടന്നു, കടകള്‍ കത്തിച്ചു, നിരവധി പേര്‍ കൊല്ലപ്പെട്ടു…നരേന്ദ്രമോദി സര്‍ക്കാരിന് ക്രമസമാധാനം പാലിക്കാന്‍ കഴിയുന്നില്ലെന്നും മുസ്ലിങ്ങള്‍ സുരക്ഷിതരല്ലെന്നും വരുത്തുകയായിരുന്നു ലക്ഷ്യം. വടക്ക് കിഴക്കന്‍ ദല്‍ഹിയിലെ പല സ്ഥലങ്ങളിലെയും ഉയരം കൂടിയ കെട്ടിടത്തിന് മുകളില്‍ പെട്രോള്‍ ബോംബുകള്‍ സൂക്ഷിച്ച ഇവര്‍ ഇടവേളകളില്‍ ഇത് താഴേക്ക് എറിഞ്ഞ് കൃത്രിമമായി തീപിടിത്തം സൃഷ്ടിക്കുന്നതിന്റെ വീഡിയോകളും ദല്‍ഹി പൊലീസിന്റെ പക്കല്‍ ഉണ്ടെന്ന് അര്‍ണബ് പറയുന്നു. പെട്രോള്‍ ബോംബുകളും ആസിഡ് ബോംബുകളും മാത്രമല്ല, വളരെ വലിയ ആയുധങ്ങളും ഇവര്‍ സൂക്ഷിച്ചിരുന്നു. രഹസ്യവിവരങ്ങള്‍ തേടിപ്പോയ ഉദ്യോഗസ്ഥര്‍ അന്ന് കൊല്ലപ്പെടുകയും ചെയ്തതായി പറയുന്നു. അമേരിക്കന്‍ പ്രസിഡന്‍റായിരുന്ന ട്രംപ് ഇന്ത്യ സന്ദര്‍ശിക്കുന്ന ദിവസങ്ങളിലാണ് ഇവര്‍ കലാപം ആസൂത്രണം ചെയ്തത്. അതോടെ ഈ കലാപം അന്താരാഷ്ടമാധ്യമങ്ങളില്‍ വാര്‍ത്തയാകുമെന്നും മോദി സര്‍ക്കാര്‍ താഴെ വീഴുമെന്നും കലാപകാരികള്‍ കരുതുകയായിരുന്നു. ദല്‍ഹിയിലെ മിക്ക കാമ്പസുകളിലും കലാപം നടന്നു. ബംഗാള്‍, മഹാരാഷ്‌ട്ര, വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളിലും അക്രമാസക്ത പ്രക്ഷോഭങ്ങള്‍ അരങ്ങേറി. ദല്‍ഹി പൊലീസ് തയ്യാറാക്കിയ അന്വേഷണറിപ്പോര്‍ട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നതെന്നും അര്‍ണബ് ഗോസ്വാമി പറയുന്നു.
ദല്‍ഹിയില്‍ നടക്കുന്ന ഈ കലാപത്തിന് സമാന്തരമായി ഇന്ത്യയുടെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ വരെ നടന്ന കലാപം ആസൂത്രണത്തിന്റെ ഭാഗമായിരുന്നു. അവിടെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളെ ഇന്ത്യയുമായി യോജിപ്പിക്കുന്ന ഇടുങ്ങിയ ഭൂപ്രദേശമായ സിലിഗുരിയില്‍ തടസ്സമുണ്ടാക്കാന്‍ വരെ ശ്രമമുണ്ടായി. സിലിഗുരിയില്‍ ബന്ദ് സൃഷ്ടിച്ചാല്‍ ഇന്ത്യയുടെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടും. പിന്നെ അവിടെ കലാപമുണ്ടാക്കാന‍് എളുപ്പമാണ്. അന്ന് പ്രസംഗത്തില്‍ ഉമര്‍ ഖാലിദും ഇക്കാര്യം സൂചിപ്പിച്ചിരുന്നു ഇന്ത്യയുടെ ചിക്കന്‍ കഴുത്തായ സിലിഗുരി ബ്ലോക്ക് ചെയ്ത് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളെ ഇന്ത്യയില്‍ നിന്നും മോചിപ്പിക്കും എന്ന് വരെ ഉമര്‍ ഖാലിദ് പ്രസംഗിച്ചിരുന്നതായി പറയുന്നു.
ദല്‍ഹി കലാപത്തിന് മുന്‍പുള്ള ദിവസങ്ങളില്‍ ഹര്‍ഷ് മാന്തര്‍, യോഗേന്ദ്ര യാദവ് എന്നിവരുമായി വിവിധ യോഗങ്ങളില്‍ ഉമര്‍ഖാലിദ്, ഷര്‍ജീല്‍ ഇമാം എന്നിവര്‍ പങ്കെടുക്കുന്നതിന്റെ വീഡിയോകളും ദല്‍ഹി പൊലീസിന്റെ പക്കല്‍ ഉണ്ട്. ഇത് കലാപം ആസൂത്രണം ചെയ്യുന്നതിന്റെ വീഡിയോ ആണെന്ന് പറയുന്നു. അന്ന് ഗ്രെറ്റ തുന്‍ബര്‍ഗ്, റിഹാന എന്നീ അന്താരാഷ്‌ട്ര വ്യക്തിത്വങ്ങളെക്കൊണ്ട് മോദി സര്‍ക്കാരിനെതിരെ വലിയ തുക നല്‍കി ട്വീറ്റ് ചെയ്യിപ്പിച്ചിരുന്നു. ഇത് അന്താരാഷ്‌ട്രതലത്തില്‍ ഈ കലാപത്തെ വാര്‍ത്തയാക്കാന്‍ ഉദ്ദേശിച്ചുള്ളതായിരുന്നു. പക്ഷെ കലാപകാരികളുടെ ഗൂഢലക്ഷ്യം വിജയം കണ്ടില്ലെന്ന് അര്‍ണബ് പറയുന്നു.
അര്‍ബന്‍ നക്സല്‍, തുക് ഡെ തുക്ഡെ ഗ്യാങ്ങ് എന്നീ പ്രയോഗങ്ങള്‍ താനാണ് കൊണ്ടുവന്നതെന്നും വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇവ പറഞ്ഞതെന്നും അര്‍ണബ് പറയുന്നു. 2020ല്‍ നടന്ന ദല്‍ഹികലാപത്തില്‍ അമേരിക്കന്‍ ഡീപ് സ്റ്റേറ്റിനും പങ്കുണ്ടെന്നും അത് പറയുമ്പോള്‍ തന്നെ ഡീപ് സ്റ്റേറ്റ് ഏജന്‍റുമാര്‍ നോട്ടംവെയ്‌ക്കുകയാണെന്നും അര്‍ണബ് പറയുന്നു.
പിന്നീട് ബംഗ്ലാദേശിലും നേപ്പാളിലും നടന്ന ഭരണമാറ്റ അട്ടിമറിക്കലാപം തന്നെയായിരുന്നു അന്ന് ദല്‍ഹിയില്‍ നടന്നതെന്നും എന്നാല്‍ സര്‍ക്കാരിന്റെ ശക്തമായ ഇടപെടല്‍ മൂലം അത് നടക്കാതെ പോയി എന്നും അര്‍ണബ് പറയുന്നു. ഈ കേസില്‍ അന്ന് യുഎപിഎ ചുമത്തില്‍ ജയിലലടച്ച ഉമര്‍ഖാലിദ്, ഷെര്‍ജീല്‍ ഇമാം, ഗുല്‍ഫിഷ ഫാത്തിമ, മീരാന്‍ ഹൈദര്‍, ഷിഫ ഉര്‍ റഹ്മാന്‍, മുഹമ്മദ് സലിം ഖാന്‍ എന്നിവരുടെ വിചാരണ അഞ്ച് വര്‍ഷമായി നടക്കാത്തതിലും അഞ്ച് വര്‍ഷമായി ഇവര്‍ക്ക് ജാമ്യം അനുവദിക്കാത്തതിലും അക്ഷമരായി ഇവരെ പിന്തുണയ്‌ക്കുന്ന അഭിഭാഷകസംഘം കൂട്ടത്തോടെ സുപ്രീംകോടതിയില്‍ വാദിക്കാന്‍ ഇറങ്ങിയിരിക്കുകയാണ്. കപില്‍ സിബല്‍, അഭിഷേക് മനു സിംഘ് വി എന്നിവരുടെ നേതൃത്വത്തില്‍ വന്‍ അഭിഭാഷക സംഘം പറയുന്നത് ഈ ആറ് പേര്‍ക്കും ജാമ്യം അനുവദിച്ച് അവരെ ഉടനെ പുറത്തിറക്കാനാണ്. അതേ സമയം ഈ ആറ് പേരും ജയിലില്‍ തന്നെ തുടരട്ടെയെന്നും ഇവര്‍ അട്ടിമറിക്കാന്‍ ശ്രമിച്ചത് ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെയാണെന്നും ആണ് ദല്‍ഹി പൊലീസ് വാദിക്കുന്നത്.