
ശ്രീലങ്കയിൽ പ്രകൃതി ഒരുക്കിയ അദ്ഭുതങ്ങളിലൊന്നാണു സിഗിരിയ എന്ന വമ്പൻ പാറക്കെട്ടുകോട്ട. സിംഹഗിരി എന്നും ഈ പാറക്കോട്ട അറിയപ്പെടുന്നു. ശ്രീലങ്കയിലെ ഏറ്റവും അദ്ഭുതകരമായ പ്രാചീന നിർമിതികളിലൊന്നായ സിഗിരിയയ്‌ക്ക് 660 അടിയാണു പൊക്കം. ധാംബുള്ളയ്‌ക്കു സമീപം മാറ്റലേ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഈ യുനെസ്കോ പൈതൃകകേന്ദ്രം എട്ടാമത്തെ ലോകാദ്ഭുതം എന്ന് അനൗദ്യോഗികമായി വിശേഷിപ്പിക്കപ്പെടാറുണ്ട്.
പ്രകൃതിഘടനയില്‍ പ്രാചീന എൻജിനീയറിങ്ങും നിർമാണകലയും സന്നിവേശിപ്പിച്ച് യാഥാർഥ്യമാക്കിയ അദ്ഭുതമെന്നാണു സിഗിരിയ അറിയപ്പെടുന്നത്. എഡി അഞ്ചാം നൂറ്റാണ്ടിലാണ് ഇതു നിർമിക്കപ്പെട്ടതെന്നു കരുതപ്പെടുന്നു. എഡി 477 മുതൽ 495 വരെയുള്ള കാലത്തു മേഖല ഭരിച്ച കശ്യപ ഒന്നാമന്റെ കാലത്താണ് ഇതു നിർമിക്കപ്പെട്ടത്.
പിതാവും രാജാവുമായ ധാതുസേനനെ കൊലപ്പെടുത്തിയശേഷമാണു കശ്യപ അധികാരത്തിലെത്തിയത്. സഹോദരനായ മൊഗ്ഗല്ലാനൻ ആക്രമിക്കുമെന്നു ഭയന്ന് കശ്യപ അനുരാധപുരയിലെ പരമ്പരാഗത തലസ്ഥാനം ഉപേക്ഷിച്ചശേഷം സിഗിരിയയിലേക്ക് എത്തുകയായിരുന്നു. അന്ന് ഒരു ബുദ്ധവിഹാരമായിരുന്നു സിഗിരിയ പിന്നീടദ്ദേഹം ഒരു കോട്ടനഗരമാക്കി മാറ്റി.
തട്ടുതട്ടായി തയാറാക്കിയ ഒരു പൂന്തോട്ടം ഇതിലുണ്ട്. ഇതിൽ കുളങ്ങളും ഫൗണ്ടനുകളും കനാലുകളുമൊക്കെയുണ്ട്. ഗുരുത്വാകർഷണത്തിൽ പ്രവർത്തിക്കുന്ന രീതിയിലാണ് ഈ സംവിധാനങ്ങൾ. കണ്ണാടി ഭിത്തിയെന്നറിയപ്പെടുന്ന ഒരു ഭിത്തിയും ഈ ഘടനയിലുണ്ട്. പണ്ട് ഈ ഭിത്തി കണ്ണാടിപോലെ തിളങ്ങിയിരുന്നത്രേ. രാജാവ് തന്റെ രൂപം നോക്കാനായി ഈ കണ്ണാടി ഉപയോഗിച്ചിരുന്നു.
അപ്സരസ്സുകളാണെന്നു സംശയിക്കുന്ന അതീവ സുന്ദരികളായ സ്ത്രീകളുടെ പെയിന്റിങ്ങുകളും ഈ ഗുഹാഘടനയിലുണ്ട്. കശ്യപ എഡി 495ൽ അധികാരത്തിൽ നിന്നു പുറത്തായി. തുടർന്ന് ഈ സ്ഥലം വീണ്ടും ഒരു ബുദ്ധവിഹാരമായി മാറി, പതിന്നാലാം നൂറ്റാണ്ടിനു ശേഷം ഇതു വിസ്മൃതിയിലായി. ഒടുവിൽ ബ്രിട്ടിഷ് പുരാവസ്തുഗവേഷകരാണ് 19–ാം നൂറ്റാണ്ടിൽ ഇതു വീണ്ടും കണ്ടെത്തിയത്.
ഈ പാറക്കോട്ട ശ്രീലങ്കയിലെ പൗരാണിക രാജാവായ രാവണന്റെ കോട്ടയുടെ അവശേഷിപ്പാണെന്നൊക്കെ വിശ്വസിക്കുന്നവരുണ്ട്. എന്നാൽ ഇതിനൊന്നും യാതൊരു സ്ഥിരീകരണവുമില്ലെന്നു വിദഗ്ധർ പറയുന്നു.