79ാം സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു. ഒരു സ്വാശ്രയ രാഷ്ട്രമാകാനുള്ള ഇന്ത്യയുടെ കഴിവുകളില്‍ ആത്മവിശ്വാസമുണ്ടെന്ന് ദ്രൗപതി മുര്‍മു പറഞ്ഞു.
മേക്ക്-ഇന്‍-ഇന്ത്യ സംരംഭം, ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്‍ തുടങ്ങിയ നമ്മുടെ ദേശീയ ഉദ്യമങ്ങള്‍ക്ക് സ്വദേശി എന്ന ആശയം പ്രചോദനമാണ്. ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങാനും ഉപയോഗിക്കാനും നമുക്ക് തീരുമാനിക്കാം,’ മുര്‍മു തന്റെ പ്രസംഗത്തില്‍ പറഞ്ഞു.
‘ഇന്ത്യ സ്വാശ്രയ രാഷ്ട്രമായി മാറുന്നതിനുള്ള പാതയിലാണ്, വളരെ ആത്മവിശ്വാസത്തോടെ മുന്നേറുകയാണ്,” പ്രസിഡന്റ് മുര്‍മു രാജ്യത്തെ അഭിസംബോധന ചെയ്തു പറഞ്ഞു.
‘ഓഗസ്റ്റ് പതിനഞ്ച് നമ്മുടെ കൂട്ടായ ഓര്‍മ്മയില്‍ പതിഞ്ഞ ഒരു തീയതിയാണ്. കൊളോണിയല്‍ ഭരണത്തിന്റെ നീണ്ട വര്‍ഷങ്ങളില്‍, ഇന്ത്യക്കാരുടെ തലമുറകള്‍ സ്വാതന്ത്ര്യ ദിനം സ്വപ്നം കണ്ടു. രാജ്യത്തിന്റെ നാനാഭാഗത്തുനിന്നും സ്ത്രീകളും പുരുഷന്മാരും വൃദ്ധരും ചെറുപ്പക്കാരും വൈദേശിക ഭരണത്തിന്റെ നുകം വലിച്ചെറിയാന്‍ കൊതിച്ചു. അവരുടെ പോരാട്ടം ശക്തമായ ശുഭാപ്തിവിശ്വാസത്താല്‍ അടയാളപ്പെടുത്തി. 78 വര്‍ഷങ്ങള്‍ക്ക് മുമ്പ് ആഗസ്റ്റ് 15 ന് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടിക്കൊടുത്ത ത്യാഗങ്ങള്‍ സഹിച്ച എല്ലാ സ്വാതന്ത്ര്യ സമര സേനാനികളുടെയും സ്മരണയ്ക്ക് ആദരാഞ്ജലികള്‍,’ രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് മുര്‍മു കൂട്ടിച്ചേര്‍ത്തു.